- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഛത്തീസ്‌ഗഡ് തെരഞ്ഞെടുപ്പ്: 20 മണ്ഡലങ്ങൾ നാളെ പോളിങ് ബൂത്തിലേക്ക്; ബസ്തർ മേഖലയിൽ മാവോയിസ്റ്റ് ഭീഷണി; ജില്ലാ ഭരണകൂടങ്ങളും പൊലീസും അതീവജാഗ്രതയിൽ; സുരക്ഷ ശക്തമാക്കി
റായ്പുർ: ഛത്തീസ്‌ഗഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ ആകെയുള്ള 90 മണ്ഡലങ്ങളിലെ 20 മണ്ഡലങ്ങളിൽ നാളെ വോട്ടെടുപ്പ്; മാവോയിസ്റ്റ് ഭീഷണി നിലനിൽക്കുന്ന ബസ്തർ മേഖലയടക്കം പോളിങ് ബൂത്തിലേക്ക് പോകാനിരിക്കെ പ്രദേശത്ത് സുരക്ഷ ശക്തമാക്കി. തിരഞ്ഞെടുപ്പു കമ്മിഷനും ജില്ലാ ഭരണകൂടങ്ങളും പൊലീസും അതീവജാഗ്രതയിലാണ്. ചിലയിടങ്ങളിൽ വാഹനങ്ങൾ കത്തിച്ചും ഭീഷണി നോട്ടിസുകൾ പതിച്ചും മാവോയിസ്റ്റുകളും സജീവമായി രംഗത്തുണ്ട്. നാരായൺപുർ ജില്ലയിൽ കഴിഞ്ഞ ദിവസം ബിജെപി പ്രവർത്തകനെ മാവോയിസ്റ്റുകൾ കൊലപ്പെടുത്തുകയും ചെയ്തു.
സംസ്ഥാനത്തെ മൂന്ന് മേഖലകളായി തിരിച്ചതിൽ ബസ്തർ മേഖലയിലെ 12 മണ്ഡലങ്ങളിലും ഇതിനോടു ചേർന്നുള്ള 8 മണ്ഡലങ്ങളിലുമാണ് ആദ്യഘട്ടത്തിൽ പോളിങ്. ബസ്തർ മേഖലയിലെ 7 ജില്ലകളിൽ പുതുതായി 129 ബൂത്തുകൾ തുറന്നതാണ് ഇത്തവണത്തെ പ്രത്യേകത. സുക്മ ജില്ലയിൽ കഴിഞ്ഞ തവണ 10 ശതമാനത്തിൽ താഴെ മാത്രം പോളിങ് നടന്ന 37 ബൂത്തുകൾ ഇക്കുറി സംസ്ഥാനത്തെ ശരാശരി പോളിങ്ങിനൊപ്പമെത്തിക്കാൻ ശ്രമിക്കുന്നതായി കലക്ടർ എസ്.ഹരീസ് പറഞ്ഞു.
മാവോയിസ്റ്റ് ഭീഷണിയെ മറികടന്ന് ആളുകൾക്ക് ദൂരെയുള്ള ബൂത്തുകളിൽ എത്താനാകാത്തതു കണക്കിലെടുത്ത് ഓരോ ഗ്രാമത്തോടും ചേർന്നുതന്നെ ബൂത്ത് ആരംഭിച്ചിരിക്കുകയാണ്. സുക്മ ജില്ലയിലെ ജഗർഗുണ്ടയിൽ ചില വോട്ടർമാർ 7 കിലോമീറ്റർ സഞ്ചരിച്ചെത്തേണ്ട ബൂത്ത് ഉണ്ട്.ഇവിടെ 200 സിആർപിഎഫ് ജവാന്മാരെയാണു സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. സ്‌പെഷൽ ടാസ്‌ക് ഫോഴ്‌സും രംഗത്തുണ്ട്.
തിരഞ്ഞെടുപ്പ് അടുത്തതോടെ മാവോയിസ്റ്റുകൾ അവരുടെ ഭീഷണികൾ ബലപ്പെടുത്തിയിരിക്കയാണ്. സുക്മയിൽ കഴിഞ്ഞ ദിവസം വാഹനങ്ങൾ കത്തിച്ച സംഭവം ഉണ്ടായി. ചില ബൂത്തുകളിൽ തിരഞ്ഞെടുപ്പിനെതിരായ നോട്ടിസുകൾ പതിക്കുകയും ചെയ്തു. നാരായൺപുർ ജില്ലയിലെ ഓർച്ച എന്ന സ്ഥലത്ത് കഴിഞ്ഞ ദിവസം പ്രചാരണം നടത്തിയതിന്റെ പേരിലാണ് ബിജെപി പ്രവർത്തകനെ കൊലപ്പെടുത്തിയത്.
തിരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ അധികാരികൾ ആവശ്യപ്പെടുകയും പങ്കെടുക്കരുതെന്നു മാവോയിസ്റ്റുകൾ ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന സാഹചര്യത്തിൽ ദന്തേവാഡയിലെ ചിന്തൽനാറിനു സമീപം ഏതാനും ആദിവാസി കുടുംബങ്ങൾ കുടിലുകൾ വിട്ട് കാട്ടിനകത്തേക്കു മാറിയതായി സൂചനയുണ്ട്. ജില്ലാ ഭരണകൂടം ഇതു സ്ഥിരീകരിച്ചിട്ടില്ല.
മറുനാടന് മലയാളി ബ്യൂറോ