- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മധ്യപ്രദേശിൽ 71.11 ശതമാനം പോളിങ്; ഛത്തീസ്ഗഡിൽ 67.34 ശതമാനം; ഇരു സംസ്ഥാനങ്ങളിലും വോട്ടെടുപ്പ് പൂർത്തിയായി; ഫലപ്രഖ്യാപനം ഡിസംബർ മൂന്നിന്; ആത്മവിശ്വാസത്തിൽ ബിജെപിയും കോൺഗ്രസും
ഭോപാൽ: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശിലും രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ഛത്തീസ്ഗഢിലും പോളിങ് അവസാനിച്ചു. മധ്യപ്രദേശിൽ 71.11 ശതമാനവും ഛത്തീസ്ഗഡിൽ അവസാനഘട്ടത്തിൽ 67.34 ശതമാനം പോളിങ് രേഖപ്പെടുത്തി. മധ്യപ്രദേശിൽ രാവിലെ ഏഴുമണിക്കാണ് പോളിങ് ആരംഭിച്ചത്. നക്സൽ ബാധിത മേഖലകളായ ബലാഘട്ട്, മണ്ഡല, ദിൻദോരി ജില്ലകളിൽ പോളിങ് മൂന്ന് മണിക്ക് അവസാനിച്ചു.
മധ്യപ്രദേശിലെ 230 മണ്ഡലങ്ങളിലെ 5.61 കോടി വോട്ടർമാരും ഛത്തിസ്ഗഢിലെ 70 മണ്ഡലങ്ങളിലെ 1.63 കോടി വോട്ടർമാരും ഇന്ന് വോട്ട് ചെയ്തത്. നവംബർ ഏഴിനാണ് 20 മണ്ഡലങ്ങളിലേക്കുള്ള ഒന്നാംഘട്ട തെരഞ്ഞെടുപ്പ് നടന്നത്.
വോട്ടെടുപ്പ് ദിനത്തിൽ പലയിടത്തായി സംസ്ഥാനത്ത് അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. മെഹ്ഗോണിൽ ബിജെപി. സ്ഥാനാർത്ഥിക്കും ആം ആദ്മി പാർട്ടി പ്രവർത്തകനും അജ്ഞാതന്റെ വെടിയേറ്റു. ഛത്തർപുരിലെ രാജ്നഗർ മണ്ഡലത്തിൽ കോൺഗ്രസ് പ്രവർത്തകൻ കൊല്ലപ്പെട്ടു. എതിരാളികൾ തന്നെ കാർ കയറ്റി കൊല്ലാൻ ശ്രമിച്ചുവെന്ന് കോൺഗ്രസ് സ്ഥാനാർത്ഥി വിക്രം സിങ് നാതി രാജ ആരോപിച്ചു. താൻ പെട്ടെന്ന് കാറിലേക്ക് കയറിയെന്നും സൽമാൻ എന്ന പ്രവർത്തകനെ കാർ കയറ്റി കൊലപ്പെടുത്തുകയായിരുന്നുവെന്നും കോൺഗ്രസ് സ്ഥാനാർത്ഥി ആരോപിച്ചു.
കേന്ദ്രമന്ത്രി നരേന്ദ്രസിങ് തോമർ ജനവിധി തേടുന്ന ദിമാനിയിലെ രണ്ടു ബൂത്തിൽ കല്ലേറിൽ ഒരാൾക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം ഇന്ദോറിലെ രാഊ മണ്ഡലത്തിൽ കോൺഗ്രസ് ബിജെപി. പ്രവർത്തകർ ഏറ്റുമുട്ടിയിരുന്നു. ഛത്തീസ്ഗഢിൽ രാവിലെ എട്ടുമുതൽ അഞ്ചുവരെയായിരുന്നു പോളിങ്. ബിന്ദ്രനവാഗഢിലെ നക്സൽ ബാധിതമായ ഒമ്പത് പോളിങ് സ്റ്റേഷനുകളിൽ രാവിലെ ഏഴുമുതൽ മൂന്നുവരെയായിരുന്നു പോളിങ്.
ഗരിയാബന്ധിൽ മാവോവാദി ആക്രമണത്തിൽ ഐ.ടി.ബി.പി. ജവാൻ കൊല്ലപ്പെട്ടു. പോളിങ് അവസാനിച്ച് ഉദ്യോഗസ്ഥർ മടങ്ങുമ്പോഴായിരുന്നു ആക്രമണം. ഐ.ടി.ബി.പി. ഹെഡ് കോൺസ്റ്റബിൾ ജോഗിന്ദർ സിങ്ങാണ് കൊല്ലപ്പെട്ടത്.
രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഭാരത് ജോഡോ യാത്ര കടന്നു പോയ 21 സീറ്റുകളിൽ വിജയം കൊയ്യാമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. കഴിഞ്ഞ തവണ പാതിവഴിയിൽ നഷ്ടപ്പെട്ട ഭരണം തിരിച്ചു പിടിക്കുകയാണ് കോൺഗ്രസ് ലക്ഷ്യം.
ഛത്തീസ്ഗഢിൽ ഭരണവിരുദ്ധ വികാരമില്ലാത്തതും പ്രീപോൾ സർവേകളിലെ മുൻതൂക്കവുമെല്ലാം നൽകിയ ആത്മവിശ്വാസത്തിലാണ് ഭൂപേഷ് ബാഘേലിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ്. ഇത് തുടക്കം മുതൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കോൺഗ്രസിന് ഏറെ മുൻതൂക്കം നൽകി.
ഒറ്റഘട്ടമായി നടക്കുന്ന മധ്യപ്രദേശിൽ 2533ഉം രണ്ട് ഘട്ടമായി നടക്കുന്ന ഛത്തിസ്ഗഢിലെ അവസാന ഘട്ടത്തിൽ 958 സ്ഥാനാർത്ഥികളുമാണ് രംഗത്തുള്ളത്. 23ന് നടക്കുന്ന മൂന്നാം ഘട്ടത്തിൽ രാജസ്ഥാനിലും 30ന് തെലങ്കാനയിലും വോട്ടെടുപ്പ് നടക്കും. ഏഴിന് നടന്ന മിസോറം അടക്കം അഞ്ച് സംസ്ഥാനങ്ങളുടെയും ഫലം ഡിസംബർ മൂന്നിന് അറിയാം.
മറുനാടന് മലയാളി ബ്യൂറോ