- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മധ്യപ്രദേശിൽ ബിജെപിക്കും ഛത്തീസ്‌ഗഢിൽ കോൺഗ്രസിനും അധികാരത്തുടർച്ച; രാജസ്ഥാനിലും മിസോറാമിലും ഭരണമാറ്റ സാധ്യത; തെലങ്കാനയിൽ ഇഞ്ചോടിഞ്ച്; എക്സിറ്റ് പോൾ പ്രവചനങ്ങൾക്ക് പിന്നാലെ കണക്കുകൾ കൂട്ടിയും കിഴിച്ചും ബിജെപിയും കോൺഗ്രസും
ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്ത് വന്നതിന് പിന്നാലെ കണക്കുകൾ കൂട്ടിയും കിഴിച്ചും പ്രതീക്ഷയോടെ ബിജെപിയും കോൺഗ്രസും. മധ്യപ്രദേശിൽ ബിജെപിയും ഛത്തീസ്‌ഗഢിൽ കോൺഗ്രസും അധികാരത്തുടർച്ച നേടുമെന്നാണ് എക്സിറ്റ് പോളുകൾ പ്രവചിച്ചത്.
രാജസ്ഥാനിലും തെലങ്കാനയിലും കനത്ത പോരാട്ടം നടന്നതായും മിസോറാമിൽ സോറം പീപ്പിൾസ് മൂവ്മെന്റ് അധികാരത്തിൽ വരുമെന്നും വിവിധ ഏജൻസികൾ പ്രവചിക്കുന്നു. അഞ്ച് സംസ്ഥാനങ്ങളിലെ ജനവിധിയറിയാൻ രണ്ട് ദിവസം മാത്രം ശേഷിക്കേയാണ് എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നത്. മധ്യപ്രദേശ്, ഛത്തീസ്‌ഗഢ്, രാജസ്ഥാൻ, തെലങ്കാന, മിസോറാം എന്നിവിടങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഡിസംബർ മൂന്നിനാണ്.
മധ്യപ്രദേശ് ബിജെപി നിലനിർത്തുമെന്ന് ഭൂരിപക്ഷം സർവേകളും പ്രവചിക്കുമ്പോൾ രാജസ്ഥാനിൽ ഇന്ത്യ ടുഡെ ആക്‌സിസ് മൈ ഇന്ത്യ പോൾ തൂക്ക് സഭയുടെ സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. തെലങ്കാനയിലും ഛത്തീസ്‌ഗഡിലും കോൺഗ്രസ് പിടിക്കുമെന്ന ഭൂരിപക്ഷ പ്രവചനം മിസോറാമിൽ ഭരണമാറ്റ സാധ്യതയും കാണുന്നു.
മധ്യപ്രദേശിൽ 140 മുതൽ 162 സീറ്റുവരെ ബിജെപി നേടുമെന്നാണ് ഇന്ത്യ ടുഡെ ആക്‌സിസ് മൈ ഇന്ത്യ പോൾ പ്രവചിക്കുന്നു. കോൺഗ്രസിന് 68 മുതൽ 90 സീറ്റു വരെ കിട്ടാം. മറ്റുള്ളവർ 3 സീറ്റുകളിലേക്ക് ഒതുങ്ങാം. ജൻ കി ബാത്ത്, ടുടെഡെയ്‌സ് ചാണക്യ തുടങ്ങിയ എക്‌സിറ്റ് പോൾ പ്രവചനങ്ങളും ബിജെപി ഭരണം നിലനിർത്തുന്നതിന്റെ സൂചന നൽകുന്നു. അതേസമയം, ടി വി നയൻ ഭാരത് വർഷ് പോൾ സ്ട്രാറ്റ് എക്‌സിറ്റ്‌പോൾ കോൺഗ്രസ് ഭരണം തിരിച്ചുപിടിക്കുമെന്ന് പ്രവചിക്കുന്നു.111 മുതൽ 128 സീറ്റ് വരെ കിട്ടാം. ദൈനിക് ഭാസ്‌കറിന്റെ പ്രവചനവും കോൺഗ്രസിന് അനുകൂലമാണ്. സ്ത്രീവോട്ടർമാരുടെ നിലപാട് മധ്യപ്രദേശിൽ നിർണ്ണായകമാകാമെന്നാണ് വിലയിരുത്തൽ.
രാജസ്ഥാനിൽ എബിപി സി വോട്ടർ, ജൻ കി ബാത്തടക്കം ഭൂരിപക്ഷം പ്രവചനങ്ങളും ബിജെപിക്ക് മുൻതൂക്കം നൽകുമ്പോൾ ഇന്ത്യ ടു ഡെ ആക്‌സിസ് മൈ ഇന്ത്യ 86 മുതൽ 106 വരെ സീറ്റുകൾ കോൺഗ്രസിനും, 80 മുതൽ 100 വരെ സീറ്റുകൾ ബിജെപിക്കും പ്രവചിക്കുകയാണ്. പാളയത്തിലെ പോര് ഇരു കൂട്ടർക്കും തിരിച്ചടിയായേക്കുമെന്ന വിലയിരുത്തലിൽ ജാതി വോട്ടുകളും രാജസ്ഥാനിലെ ഗതി നിർണ്ണയത്തിലെ പ്രധാന ഘടകമാകും. എന്നാൽ വോട്ടെടുപ്പിൽ അടിയൊഴുക്കുകൾ ഉണ്ടായെന്നും കോൺഗ്രസ് അധികാരം നിലനിർത്തുമെന്നുമാണ് മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ അവകാശവാദം.
ഛത്തീസ്‌ഗഡിൽ ഭൂരിപക്ഷം സർവേകളും കോൺഗ്രസിന് മുൻ തൂക്കം നൽകുന്നു. ബിജെപിക്ക് കുറച്ചൊക്കെ തിരിച്ചുവരാനായെന്നും സർവേകൾ പറയുന്നു. ഇന്ത്യ ടുഡെ ആക്‌സിസ് മൈ ഇന്ത്യ തൂക്ക് സഭക്കുള്ള സാധ്യതയും തള്ളുന്നില്ല.
തെലങ്കാനയിൽ ഭരണകക്ഷിയായ ബിആർഎസും കോൺഗ്രസും തമ്മിൽ കനത്ത പോരാട്ടം നടന്നുവെന്ന് സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നു.തെലങ്കാനയിൽ കോൺഗ്രസിന്റെ മുന്നേറ്റമാണ് പ്രവചിക്കുന്നത്. കോൺഗ്രസ് 70 സീറ്റുകൾ വരെ നേടി അധികാരത്തിലെത്താനുള്ള സാധ്യയാണ് പല സർവേകളും നൽകിയിരിക്കുന്നത്.
മിസോറാമിൽ ഭരണകക്ഷിയായ ഭരണകക്ഷിയായ എംഎൻഎഫിന് അധികാരം നഷ്ടപ്പെടുമെന്നാണ് പ്രധാന സർവേകളെല്ലാം പറയുന്നത്. സെഡ്.പി.എമ്മം (സോറം പീപ്പിൾസ് മുവ്‌മെന്റ്) സംസ്ഥാനത്ത് ആദ്യമായി അധികാരത്തിലേറുമെന്നാണ് പ്രവചനങ്ങൾ.
മിസോറമിൽ ചെറുപാർട്ടികളും കോൺഗ്രസിനും ഒപ്പം ചേർന്ന് സൊറാം പീപ്പിൾസ് മൂവ്‌മെന്റ് സർക്കാരുണ്ടാക്കാനുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. മണിപ്പൂർ കലാപം മിസോറമിൽ ഭരണകക്ഷിയായ എൻഡിഎക്ക് തിരിച്ചടിയായേക്കുമെന്നും പ്രവചനങ്ങൾ വ്യക്തമാക്കുന്നു.
മറുനാടന് ഡെസ്ക്