- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹിന്ദി ഹൃദയഭൂമിയിലെ മുന്നേറ്റം ആഘോഷമാക്കാൻ ബിജെപി; പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപി ആസ്ഥാനത്തേക്ക്; പ്രവർത്തകരെ അഭിസംബോധന ചെയ്യും; മുതിർന്ന നേതാക്കളും അണികളും ആഹ്ലാദത്തിൽ; എ.ഐ.സി.സി ആസ്ഥാനത്ത് മൂകത
ന്യൂഡൽഹി: ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നിൽ നിൽക്കെ ഹിന്ദി ഹൃദയഭൂമിയിലെ മുന്നേറ്റം ആഘോഷമാക്കാൻ ബിജെപി. മധ്യപ്രദേശിലെയും രാജസ്ഥാനിലെയും ഛത്തീസ്‌ഗഡിലെയും മിന്നും വിജയങ്ങൾക്ക് പിന്നാലെ വൈകിട്ട് ആറരയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് എത്തി പ്രവർത്തകരെ അഭിസംബോധന ചെയ്യും. വിജയാഘോഷത്തിൽ മുതിർന്ന നേതാക്കളും പങ്കെടുക്കും. പാർട്ടി ആസ്ഥാനങ്ങളിൽ വലിയ ആഹ്ലാദപ്രകടനും ലഡുവിതരണവും ഇപ്പോഴും തുടരുകയാണ്.
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനൽ എന്ന് വിശേഷിപ്പിക്കപ്പെട്ട സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ തിളങ്ങും ജയമാണ് ബിജെപി സ്വന്തമാക്കിയത്. മധ്യപ്രദേശിലും രാജസ്ഥാനിലും ചത്തീസ്ഗഢിലും മികച്ച ഭൂരിപക്ഷത്തോടെ ബിജെപി അധികാരമുറപ്പിച്ചു. ഹിന്ദി ഹൃദയഭൂമിയിൽ ഹിമാചൽ പ്രദേശിൽ മാത്രമാണ് കോൺഗ്രസിന് ഒറ്റയ്ക്ക് ഭരണമുള്ളത്. തെലങ്കാനയിൽ ബിആർഎസിനെ വീഴ്‌ത്തി ജയം നേടാനായത് മാത്രമാണ് കോൺഗ്രസിന് ആശ്വാസമായത്.
ഭരണത്തുടർച്ച പ്രതീക്ഷിച്ച് ആത്മവിശ്വാസത്തോടെ മത്സരിക്കാനിറങ്ങിയ ഛത്തീസ്‌ഗഡിലെ തോൽവി കോൺഗ്രസിന് അപ്രതീക്ഷിതമായി. തമ്മിലടിയും സംഘടനാ ദൗർബല്യങ്ങളും ഉലച്ച കോൺഗ്രസിന് മധ്യപ്രദേശിലും രാജസ്ഥാനിലും ലക്ഷ്യം കണ്ട സീറ്റുകളുടെ അടുത്തൊന്നും എത്താനായില്ല. ജാതി കാർഡും കോൺഗ്രസിനെ തുണച്ചില്ല. പിന്നാക്ക ഗോത്രവർഗ മേഖലകൾ പാർട്ടിയെ കൈവിട്ടു.
എവിടെയും മുഖ്യമന്ത്രി സ്ഥാനാർത്ഥികളെ മുൻകൂട്ടി പ്രഖ്യാപിക്കാതെ മോദി പ്രഭാവം പ്രചാരണായുധമാക്കിയ ബിജെപി തന്ത്രം ലക്ഷ്യം കണ്ടു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് കഷ്ടിച്ച് അഞ്ചു മാസം മാത്രം ബാക്കിനിൽക്കെ ഹിന്ദി ഹൃദയഭൂമിയിലുണ്ടായ തിളങ്ങും ജയം ബിജെപിക്ക് കരുത്തായി. സംസ്ഥാന രൂപീകരണ നാൾ മുതൽ കെസിആർ എന്ന രാഷ്ട്രീയ അതികായനൊപ്പം നിന്ന തെലങ്കാന അദ്ദേഹത്തെ കൈവിട്ടത് ദക്ഷിണേന്ത്യൻ രാഷ്ട്രീയത്തിലെ നിർണായക ജനവിധിയായി.
മധ്യപ്രദേശിൽ 166 സീറ്റിൽ ബിജെപി ലീഡ് തുടരുമ്പോൾ മുഖ്യമന്ത്രി ആരാകുമെന്ന ചർച്ചകൾക്ക് തുടക്കമായിരിക്കുകയാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ശിവരാജ് സിങ് ചൗഹാനാണ് ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കുന്നത്. 230 സീറ്റുകളുള്ള മധ്യപ്രദേശിൽ 116 സീറ്റുകളുടെ ഭൂരിപക്ഷമാണ് സർക്കാർ രൂപീകരിക്കാൻ വേണ്ടത്. 62 സീറ്റുകളിൽ കോൺഗ്രസും മുന്നേറ്റം തുടരുന്നുണ്ട്.
അതേ സമയം ഛത്തീസ്‌ഗഡ് എന്ന കച്ചിത്തുരുമ്പും കൈവിട്ടതോടെ കോൺഗ്രസ് ക്യാംപ് മൂകതയിലാണ്. എ.ഐ.സി.സി ആസ്ഥാനത്ത് തുടങ്ങിവച്ച ആഘോഷം നിർത്തിവച്ചു. എന്നാൽ ഭോപ്പാലിലെ ബിജെപി ആസ്ഥാനത്ത് വിജയാഘോഷങ്ങൾ ആരംഭിച്ചിട്ടുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷൻ വി.ഡി ശർമ്മ പാർട്ടി പ്രവർത്തകരെ കാണുകയും മധുരം നൽകുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയങ്ങൾ തങ്ങളെ സഹായിച്ചെന്നും. വലിയ മാർജിനിൽ വിജയിക്കുമെന്ന ആത്മവിശ്വാസത്തിൽ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
അഞ്ചുകോടി അറുപത്തിയൊന്ന് ലക്ഷത്തിമുപ്പത്തിയാറായിരത്തി ഇരുന്നൂറ്റിയിരുപത്തിയൊൻപത് വോട്ടർമാരാണ് മധ്യപ്രദേശിലുള്ളത്. 2018ലെ തിരഞ്ഞെടുപ്പിൽ വിജയിച്ചത് കോൺഗ്രസായിരുന്നെങ്കിലും ജ്യോതിരാദിത്യ സിന്ധ്യ നടത്തിയ വിമതനീക്കത്തിൽ സർക്കാർ വീണു. ഇതോടെ ഭരണം ബിജെപിയിലെത്തി. 2020 മുതൽ ശിവരാജ് സിങ് ചൗഹാനാണ് മധ്യപ്രദേശിന്റെ മുഖ്യമന്ത്രി.
മറുനാടന് മലയാളി ബ്യൂറോ