അമരാവതി: തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പിൽ ആഞ്ഞടിച്ച കോൺഗ്രസ് തരംഗത്തിൽ കെ. ചന്ദ്രശേഖര റാവുവിന്റെ ബി.ആർ.എസിനൊപ്പം കനത്ത തിരിച്ചടി നേരിട്ട് അസദുദ്ദീൻ ഒവൈസിയുടെ ഓൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ (എ.ഐ.എം.ഐ.എം).

അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎമ്മിനേക്കാൾ മുന്നിലാണ് ബിജെപി തെലങ്കാനയിൽ. ഒൻപത് സീറ്റുകളിലാണ് ബിജെപി മുന്നിട്ട് നിൽക്കുന്നത്. 2018ൽ സംസ്ഥാനത്ത് ഒരു സീറ്റ് മാത്രമാണ് ദേശീയ പാർട്ടിക്ക് ലഭിച്ചത്. അതേ സമയം കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ ഒരു സീറ്റിൽ ലീഡ് ചെയ്യുന്നു.

2018ലെ തെരഞ്ഞെടുപ്പിൽ ഏഴു സീറ്റിൽ വിജയിച്ച ഉവൈസിയുടെ പാർട്ടി ഇത്തവണ ആറ് സീറ്റുകളിലേക്ക് ചുരുങ്ങി. ഇത്തവണ ഒമ്പത് സീറ്റുകളിലാണ് എ.ഐ.എം.ഐ.എം മത്സരിച്ചത്. കഴിഞ്ഞ തവണത്തെ ഏഴ് സീറ്റിന് പുറമെ ജൂബിലി ഹിൽസും രാജേന്ദ്രനഗറും ഒവൈസി ചോദിച്ച് വാങ്ങിയ സീറ്റുകളാണ്.

അധ്യക്ഷൻ അസദുദ്ദീൻ ഒവൈസി കഴിഞ്ഞാൽ പാർട്ടിയിലെ രണ്ടാമനായ അക്‌ബറുദ്ദീൻ ഒവൈസിയാണ് ചന്ദ്രയാൻഗുട്ടയിലെ സ്ഥാനാർത്ഥി. അക്‌ബറുദ്ദീൻ ഒവൈസി 2014ലും 2018ലും ഈ സീറ്റിൽ നിന്ന് വിജയിച്ചിരുന്നു. ചാർമിനാർ മണ്ഡലത്തിൽ മിർ സുൽഫിക്കർ അലിയും മാലക്‌പേട്ടിൽ അഹ്‌മദ് ബിൻ അബ്ദുല്ല ബലാലയുമാണ് മുന്നേറുന്നത്.

മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റനും കോൺഗ്രസ് സ്ഥാനാർത്ഥിയുമായ അസ്ഹറുദ്ദീനെതിരെ ജൂബിലി ഹിൽസിൽ എം.ഡി. റഷീദ് ഫറസുദ്ദീനായിരുന്നു എ.ഐ.എം.ഐ.എം സ്ഥാനാർത്ഥി. രാജേന്ദ്രനഗറിൽ മന്ദഗിരി സ്വാമി യാദവും യാകുത്പുരയിൽ ജാഫർ ഹുസൈനുമാണ് എ.ഐ.എം.ഐ.എം സ്ഥാനാർത്ഥികൾ.

തെലങ്കാനയിൽ 10 വർഷം ഭരണം പൂർത്തിയാക്കിയ ബി.ആർ.സിനെ പിന്തുണക്കുന്ന നിലപാടാണ് ഇത്തവണ ഒവൈസി സ്വീകരിച്ചിരുന്നത്. മുസ് ലിം ഭൂരിപക്ഷ മേഖലയിൽ മാത്രമാണ് ഇത്തവണ എ.ഐ.എം.ഐ.എം സ്ഥാനാർത്ഥികളെ മത്സരിപ്പിച്ചത്. എന്നിട്ടും കോൺഗ്രസ് തരംഗത്തിൽ തിരിച്ചടി നേരിട്ടു. സംസ്ഥാനത്ത് കോൺഗ്രസ് അണികൾ ആഹ്ലാദത്തിലാണ്. പ്രവർത്തകർക്കൊപ്പം ആഘോഷങ്ങളിൽ പങ്കെടുക്കാൻ സംസ്ഥാന കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ രേവന്ത് റെഡ്ഡി ഗാന്ധിഭവനിലെത്തി.

കോൺഗ്രസ് വിജയിക്കുമെന്ന് ട്രെൻഡുകൾ പ്രവചിച്ചതിന് പിന്നാലെ അദ്ദേഹം ഹൈദരാബാദിൽ റോഡ് ഷോ നടത്തിയിരുന്നു. പാർട്ടി ഓഫീസിന് പുറത്ത് പ്രവർത്തകർ പടക്കം പൊട്ടിച്ചു. നവംബർ 30നാണ് തെലങ്കാനയിൽ വോട്ടെടുപ്പ് നടന്നത്. 2018ൽ 119 സീറ്റിൽ 88ലും ബിആർഎസ് വിജയിച്ചിരുന്നു. കോൺഗ്രസിന് 19 സീറ്റുകൾ മാത്രമാണ് ലഭിച്ചത്.