തൃശൂർ: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തൃശൂർ മണ്ഡലത്തിൽ, സ്ഥാനാർത്ഥികളെ പാർട്ടി നേതൃത്വം പ്രഖ്യാപിക്കും മുമ്പെ സാമൂഹ്യ മാധ്യമങ്ങളിലടക്കം പ്രചാരണത്തിന് തുടക്കമിട്ട് അണികൾ. സ്ഥാനാർത്ഥി നിർണയ ചർച്ചകളിൽ പാർട്ടി നേതൃത്വം തുടരുന്നതിനിടെയാണ് അണികൾ സ്വന്തം നിലയിൽ സ്ഥാനാർത്ഥികളെ നിശ്ചയിച്ച് പ്രചാരണത്തിന് തുടക്കമിട്ടിരിക്കുന്നത്.

കോൺഗ്രസ് നേതാവ് ടിഎൻ പ്രതാപനും ബിജെപി നേതാവും നടനുമായ സുരേഷ് ഗോപിക്കും വേണ്ടി ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ തൃശൂരിൽ സിപിഐ നേതാവ് വി എസ് സുനിൽ കുമാറിനായും പ്രചാരണം തുടങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുൾപ്പെടെ തൃശൂരിൽ എത്തിയതോടെയാണ് മണ്ഡലം വലിയ ചർച്ചകളിൽ ഇടംപിടിച്ചത്.

സുനിൽകുമാറിന് വോട്ടു തേടി സമൂഹ മാധ്യമങ്ങളിലാണ് പ്രചാരണം തുടങ്ങിയിരിക്കുന്നത്. തൃശൂരിലെ വിദ്യാർത്ഥികൾ എന്ന പേരിലാണ് പോസ്റ്റർ പ്രചരണം. 'സുനിലേട്ടന് ഒരു വോട്ട്' എന്നതാണ് പ്രചരണ പോസ്റ്ററുകളിലെ വാചകമെന്നതാണ് ശ്രദ്ധേയം. പാർട്ടിയുടെ അറിവോടെയല്ല പ്രചാരണം നടക്കുന്നതെന്ന് വി എസ്.സുനിൽ കുമാർ പ്രതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുൾപ്പെടെ തൃശൂരിൽ എത്തിയതോടെയാണ് തൃശൂർ വലിയ ചർച്ചകളിലേക്ക് കടന്നത്.

പ്രതാപനായി തൃശൂരിൽ വീണ്ടും ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടു. പ്രതാപന്റെ പേരെഴുതിയ ചുവരെഴുത്ത് ചൂണ്ടലിലാണ് കണ്ടത്. നേരത്തെ, ചിറ്റാട്ടുകര കിഴക്കെത്തലയിലും എളവള്ളിയിലെ മതിലിലുമാണ് ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. '-പ്രതാപൻ തുടരും പ്രതാപത്തോടെ', '-നമ്മുടെ പ്രതാപനെ വിജയിപ്പിക്കുക' എന്നാണ് എളവള്ളിയിലെ ചുവരെഴുത്ത്. എളവള്ളിയിലെ ചുവരെഴുത്ത് പാർട്ടി പ്രവർത്തകരുടെ ത്രില്ല് കൊണ്ടാകാം എഴുതിയതെന്ന് ടി.എൻ പ്രതാപൻ പ്രതികരിച്ചു.

സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാതെ ചുവരെഴുതുന്നതിനോട് യോജിപ്പില്ലെന്നും പാർട്ടി പറഞ്ഞാൽ മണ്ഡലത്തിൽ വീണ്ടും മത്സരിക്കുമെന്നും പ്രതാപൻ വ്യക്തമാക്കിയിരുന്നു. കിഴക്കെത്തലയിൽ 'പ്രതാപൻ തുടരും പ്രതാപത്തോടെ' എന്ന തലകെട്ടോടെ ചിഹ്നമടക്കം പ്രതാപനെ വിജയിപ്പിക്കുക എന്നാണ് എഴുതിയിട്ടുള്ളത്.

അതേസമയം, കോൺഗ്രസ് നേതാക്കളുടെയോ ഭാരവാഹികളുടെയോ അറിവോടെയല്ല ഇതെന്നും പാർട്ടി അനുഭാവികളായ യുവാക്കളാണ് ആവേശം കൂടി എഴുതിയതെന്നും പാവറട്ടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.ജെ. സ്റ്റാൻലി പറഞ്ഞു. പ്രവർത്തകരല്ലാത്തതിനാൽ ഇവർക്കെതിരേ നടപടിയുണ്ടാകില്ലന്നും സ്റ്റാറ്റാൻലി പറഞ്ഞു. നേരത്തെ വെങ്കിടങ്ങ് സെന്ററിലും ടി.എൻ പ്രതാപനെ വിജയിപ്പിക്കണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടുള്ള ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ സ്ഥാനാർത്ഥി പ്രഖ്യാപനത്തിനു മുമ്പേ പ്രത്യക്ഷപ്പെട്ട ചുവരെഴുത്തുകൾ ടി.എൻ പ്രതാപൻ ഇടപെട്ട് മായ്‌പ്പിച്ചിരുന്നു.