ന്യൂഡൽഹി: ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒരുമിച്ചു നടത്തിയാൽ, ഓരോ പതിനഞ്ചുവർഷം കൂടുമ്പോഴും പുതിയ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ (ഇവി എം) വാങ്ങാൻ 10,000 കോടി രൂപ വേണ്ടിവരുമെന്നു തിരഞ്ഞെടുപ്പ് കമ്മിഷൻ. ഇവിഎമ്മിന്റെ ആയുർദൈർഘ്യം 15 വർഷമാണ്. തിരഞ്ഞെടുപ്പ് ഒന്നിച്ചു നടത്തിയാൽ, ഒരു സെറ്റ് ഇവി എം മൂന്നു തിരഞ്ഞെടുപ്പുകൾക്കേ ഉപയോഗിക്കാൻ സാധിക്കൂ. കേന്ദ്രത്തിന് അയച്ച കത്തിലാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ ഇക്കാര്യം വ്യക്തമാക്കിയത്.

ഒന്നിച്ച് തിരഞ്ഞെടുപ്പ് നടത്തിയാൽ ഓരോ പോളിങ് സ്റ്റേഷനിലും രണ്ട് സെറ്റ് ഇവി എം വീതം വേണ്ടിവരും. ഒന്ന് ലോക്‌സഭാ സീറ്റിനും മറ്റൊന്ന് നിയമസഭാ സീറ്റിനും. കേടായ യൂണിറ്റുകൾക്കു പകരം നിശ്ചിത ശതമാനം കൺട്രോൾ യൂണിറ്റ്, ബാലറ്റ് യൂണിറ്റ്, വിവിപാറ്റ് മെഷീനുകൾ തുടങ്ങിയവ റിസർവായി സൂക്ഷിക്കണം. ഒരു ഇവിഎമ്മിന് ഒരു ബാലറ്റ് യൂണിറ്റ്, ഒരു കൺട്രോൾ യൂണിറ്റ്, ഒരു വിവിപാറ്റ് എന്നിവ വേണ്ടിവരുമെന്നും കമ്മീഷൻ കത്തിൽ വ്യക്തമാക്കി.

യന്ത്രങ്ങൾക്ക് വേണ്ടിവരുന്ന ചെലവുകൾക്ക് പുറമേ സുരക്ഷാ ഉദ്യോഗസ്ഥർ, വാഹനങ്ങൾ തുടങ്ങിയവയും ആവശ്യമായി വരുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ ചൂണ്ടിക്കാട്ടുന്നു. പുതിയ മെഷീനുകൾ നിർമ്മിക്കുന്നതും മറ്റു വെല്ലുവിളികളും പരിഗണിക്കുമ്പോൾ 2029 ൽ മാത്രമേ ഒന്നിച്ചുള്ള തിരഞ്ഞെടുപ്പ് നടത്താൻ സാധിക്കൂ എന്നും കമ്മിഷൻ വ്യക്തമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പുകൾ ഒരുമിച്ചു നടത്തുകയാണെങ്കിൽ 46,75,100 ബാലറ്റ് യൂണിറ്റുകളും 33,63,300 കൺട്രോൾ യൂണിറ്റുകളും 36,62,600 വിവിപാറ്റുകളും വേണ്ടിവരുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി. ഏകദേശ കണക്ക് പ്രകാരം രാജ്യത്ത് ഈ വർഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനുവേണ്ടി 11.8 ലക്ഷം പോളിങ് സ്റ്റേഷനുകൾ സജ്ജമാക്കേണ്ടി വരുമെന്നും കമ്മീഷൻ കത്തിൽ പറഞ്ഞു.

ഒരു രാജ്യം ഒരു തിരഞ്ഞടുപ്പ്

ലോക്സഭയിലേക്കും എല്ലാ സംസ്ഥാനങ്ങളിലെയും നിയമസഭകളിലേക്കുമുള്ള തെരഞ്ഞെടുപ്പ് ഒന്നിച്ച് നടത്താനുള്ള പദ്ധതിയാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നതുകൊണ്ട് ലക്ഷ്യമിടുന്നത്. ഈ തെരഞ്ഞെടുപ്പുകളെല്ലാം ഒരൊറ്റ ദിവസം നടത്താനോ അല്ലെങ്കിൽ ഒരു നിശ്ചിത സമയപരിധിക്കുള്ളിൽ തീർക്കാനോ ആണ് ഉദ്ദേശിക്കുന്നത്. വർഷങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ ആശയം നടപ്പിലാക്കുന്നതിന് സമ്മർദം ചെലുത്തുന്നുണ്ട്.