- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാരാമതിയിൽ ഇത്തവണ പവാർ കുടുംബ പോര്?
മുംബൈ: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിക്കും മുമ്പെ രാജ്യത്തിന്റെ ശ്രദ്ധേകേന്ദ്രമായി മാറിയിരിക്കുകയാണ് മഹാരാഷ്ട്രയിലെ ബാരാമതി ലോക്സഭ മണ്ഡലം, എൻ സി പിയുടെ പൊന്നാപുരം കോട്ടയായ ബാരാമതിയിൽ ഇത്തവണ പവാർ കുടുംബപോര് അരങ്ങേറുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത്ത് പവാറിന്റെ ഭാര്യയെയാണ് മണ്ഡലം പിടിക്കാൻ എൻഡിഎ രംഗത്തിറക്കുന്നത്. ശരദ് പവാർ പക്ഷത്തു നിന്നും മകൾ സുപ്രിയ സുലെ തന്നെ ബാരാമതിയിലിറങ്ങിയാൽ ലോക്സഭ തെരഞ്ഞെടുപ്പിലെ ത്രില്ലർ പോരാട്ടത്തിനാകും ബാരാമതി സാക്ഷ്യം വഹിക്കുക.
ഇത്തവണ ബാരാമതിയിൽ നിന്നും ഏത് എൻ സി പി സ്ഥാനാർത്ഥി വിജയിക്കും എന്നതാണ് രാഷ്ട്രീയ ലോകത്തെ ചോദ്യം. എൻസിപിയുടെയും പവാർ കുടുംബത്തിന്റേയും ശക്തി ദുർഗമാണ് ബാരാമതി. ശരദ് പവാറിനെയും അജിത്ത് പവാറിനെയും പിന്നീട് സുപ്രിയ സുലെയേയും കൈവിടാതെ കാത്ത മണ്ഡലം. തൊണ്ണൂറ്റിയൊന്നു മുതൽ ബാരാമതി നിയമസഭാ സീറ്റിലെ മുടിചൂടാ മന്നനാണ് അജിത് പവാർ. ഇരുപത്തിയെട്ട് വർഷമായി ബാരാമതിയിൽ നിന്നും ലോക്സഭയിലേക്ക് എത്തിയത് ശരദ് പവാറും തുടർന്ന് സുപ്രിയ സുലേയെന്നതും രാഷ്ട്രീയ ചരിത്രം.
ഇത്തവണ പവാർ കുടുംബാംഗങ്ങൾ തമ്മിലുള്ള പോരാട്ടമാകുമോ ബാരാമതിയിലേതെന്നതാണ് ചോദ്യം. എൻസിപി പിളർത്തി മറുകണ്ടം ചാടിയ അജിത്ത് പവാറിന് പാർട്ടിയുടെ ഔദ്യോഗിക ചിഹ്നവും പേരുമുണ്ടെന്ന കരുത്തുണ്ട്, സുനേത്ര പവാറിനായുള്ള പ്രചരണം മണ്ഡലത്തിൽ തുടങ്ങികഴിഞ്ഞു അജിത്ത് പവാർ വിഭാഗം. തന്നെയും മകളെയും കൈവിടാത്ത ബാരാമതിയിലെ വോട്ടർമാരുടെ വൈകാരികതയിലാണ് ശരദ് പവാറിന്റെ വിശ്വാസം. പവാർ കുടുംബത്തിൽ താൻ ഒറ്റയ്ക്ക് പോരാടുകയാണെന്ന് വരുത്തി തീർക്കുകയാണ് അജിത്ത് പവാറിന്റ ലക്ഷ്യമെന്നായിരുന്നു സുനേത്രയുടെ സ്ഥാനാർത്ഥിത്വത്തിൽ ശരദ് പവാറിന്റെ പ്രതികരണം.
എന്നാൽ ബാരാമതി കണ്ട് പനിക്കണ്ടെന്ന് സുപ്രിയ സുലെയ്ക്ക് അജിത് പവാറിന്റെ മുന്നറിയിപ്പ്. അത് സുപ്രിയയുടെ സീറ്റല്ല, എൻസിപിയുടെ സീറ്റാണ്. അജിത് മുന്നറിയിപ്പ് നല്കി. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുമ്പേ ചൂടേറുകയാണ് ബാരാമതിയിൽ. ആദ്യം ശരത് പവാറും പിന്നീട് മകൾ സുപ്രിയയും സ്വന്തമാക്കിവച്ച മണ്ഡലത്തിലേക്കാണ് ഒർജിനൽ എൻസിപിയായി അംഗീകാരം കിട്ടിയ അജിത് പവാറിന്റെ കടന്നുവരവ്.
ബാരാമതിക്കാരോട് എനിക്ക് നന്ദിയുണ്ട്. എൻസിപിക്കെതിരെ നിന്ന എല്ലാ സ്ഥാനാർത്ഥികളും കെട്ടിവച്ച കാശ് പോലും കിട്ടാതെ തുന്നം പാടിയ ചരിത്രമുണ്ട്. അതിലെനിക്ക് അഭിമാനമുണ്ട്. ആ പിന്തുണ എൻസിപിക്കുള്ളതാണ്. അത് മോഹിച്ച് ആരും ബാരാമതിയിലേക്ക് ഇറങ്ങരുതെന്ന് അജിത് മുന്നറിയിപ്പ് നല്കി. 1967 മുതൽ 1990 വരെ ശരത് പവാറും തുടർന്ന് ഇത് വരെ അജിത് പവാറുമാണ് ബാരാമതിയെ പ്രതിനിധീകരിച്ച് മഹാരാഷ്ട്ര അസംബ്ലിയിലെത്തിയത്.
ലോക്സഭയിലും എൻസിപിയുടെ കുത്തക സീറ്റാണ് ബാരാമതി. കഴിഞ്ഞ മൂന്ന് തവണയും ഈ മണ്ഡലത്തെ ലോക്സഭയിൽ പ്രതിനിധീകരിച്ചത് സുപ്രിയയാണ്. എന്നാൽ ഇക്കുറി കളം മാറിയിരിക്കുന്നു. സുപ്രിയ സുലെ ഇപ്പോൾ എൻസിപി അല്ല. പുതിയ ചിഹ്നവും വേണം. യഥാർത്ഥ എൻസിപിയായി അജിത് പവാർ പക്ഷത്തെ തെരഞ്ഞെടുപ്പ് കമ്മിഷനും മഹാരാഷ്ട്ര നിയമസഭയും അംഗീകരിച്ചതിന് പിന്നാലെയാണ് ബാരാമതി ചൂടേറിയ ചർച്ചയാകുന്നത്.
സുപ്രിയയ്ക്കെതിരെ എൻസിപി സ്ഥാനാർത്ഥിയായി പവാർ കുടുംബത്തിൽനിന്ന് തന്നെ ഒരാൾ വരുമെന്നാണ് അജിത് നല്കുന്ന സൂചന. ലോക്സഭയിലേക്ക് എൻസിപി മത്സരിക്കും. സ്ഥാനാർത്ഥി ആരായാലും വിജയിപ്പിക്കണം. എൻസിപി സ്ഥാനാർത്ഥി തോറ്റാൽപിന്നെ ബാരാമതിയിൽ നിന്ന് അസംബ്ലിയിലേക്ക് മത്സരിക്കാൻ ഞാൻ നിങ്ങളുടെ മുന്നിലേക്ക് വരില്ല. വോട്ട് വികാരപരമല്ല, വികസനത്തിനായിരിക്കണം. വികാരം വിൽക്കാൻ ചിലർ വരും. അവരെ കരുതിയിരിക്കണം. എന്നോട് നിങ്ങൾക്ക് സ്നേഹമുണ്ടെന്ന് അറിയാം. അത് വോട്ടെടുപ്പിൽ പ്രതിഫലിക്കണം, അജിത് പവാർ ബാരാമതിക്കാർക്ക് നല്കിയ സന്ദേശത്തിൽ പറയുന്നു.
പോരാട്ടം തുടങ്ങും മുൻപ് സുപ്രിയ ഒരടി പിന്നോട്ടെടുത്ത് കഴിഞ്ഞു. മൂന്നു തവണ ബാരാമതിയെ പ്രതിധാനം ചെയ്ത സുപ്രിയ നാഗ്പൂരിലെ വാറ്ധയിലേക്ക് ചേക്കേറുമെന്നാണ് സൂചന. ബാരാമതി ഉൾപ്പെടുന്ന പൂണെ ജില്ലയിൽ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലങ്ങൾ അജിത്ത് പവാർ പക്ഷത്തിന് മേൽക്കൈ നൽകുന്നുണ്ട്. ബാരാമതിയിലെ ശരദ് പവാറിന്റെ കോട്ട തകർക്കാനുള്ള ബിജെപി ശ്രമങ്ങൾക്ക് അജിത്ത് പവാർ തുടക്കമിടുമോ. എൻസിപിയെന്നാൽ ശരദ് പവാറിന്റേതെന്ന് ജനം വിധിയെഴുതുമോ.