- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോക്സഭയിൽ മൂന്നാം സീറ്റ് മുസ്ലിം ലീഗിന് കിട്ടില്ല; യുഡിഎഫിൽ പ്രതിസന്ധി പരിഹാര പ്രതീക്ഷ
കൊച്ചി: മുസ്ലിം ലീഗിന് മൂന്നാം ലോക്സഭാ സീറ്റ് കോൺഗ്രസ് നൽകില്ല. പകരം രാജ്യസഭാ സീറ്റ് നൽകും. ലീഗുമായുള്ള ഉഭയ കക്ഷി ചർച്ചയിൽ മൂന്നാം സീറ്റ് നൽകാനാകില്ലെന്ന് കോൺഗ്രസ് അറിയിച്ചു. രാജ്യസഭാ സീറ്റ് നൽകാമെന്നും അറിയിച്ചു. ഇത് ലീഗിന് താൽപ്പര്യപ്പെട്ടുവെന്നാണ് സൂചന. യുഡിഎഫിന്റെ കെട്ടുറപ്പിനെ കരുതി ഈ തീരുമാനം അംഗീകരിക്കാനാണ് ലീഗ് തീരുമാനം. പാർട്ടി അധ്യക്ഷൻ പാണക്കാട് തങ്ങളുമായി ചർച്ച ചെയ്ത് അന്തിമ നിലപാടിലെത്തും. ചൊവ്വാഴ്ച പാണക്കാട് ലീഗ് യോഗം ചേരും. ഉഭയകക്ഷി ചർച്ച പോസിറ്റീവാണെന്ന് ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു. ഇതോടെ യുഡിഎഫിലെ ലോക്സഭാ സീറ്റ് ധാരണയും ഏതാണ്ട് പൂർത്തിയാവുകയാണ്. ചൊവ്വാഴ്ചത്തെ ലീഗ് യോഗത്തിന് ശേഷം അന്തിമ തീരുമാനം വരും.
ലോക്സഭാ തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിന്റെ മൂന്നാം സീറ്റ് ആവശ്യത്തിന്മേലുള്ള കോൺഗ്രസ്-ലീഗ് ചർച്ച ഇതോടെ അവസാനിച്ചു. കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, യുഡിഎഫ് കൺവീനർ എം.എം. ഹസൻ, പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ എംപി, പി.എം.എ. സലാം എന്നിവർ യോഗത്തിൽ പങ്കെടുക്കുത്തു. തീരുമാനം പാണക്കാട് തങ്ങളെ അറിയിക്കും. അതിന് ശേഷം ലീഗ് തീരുമാനം പ്രഖ്യാപിക്കും.
ലോക്സഭാ തിരഞ്ഞെടുപ്പിൽ മൂന്നു സീറ്റ് വേണമെന്ന ആവശ്യത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്നു യോഗത്തിനു തൊട്ടുമുൻപും മുസ്ലിം ലീഗ് വ്യക്തമാക്കിയിരുന്നു. മൂന്നാം സീറ്റ് ഉറപ്പായും വേണമെന്നും നിലപാടിൽ ഉറച്ചുനിൽക്കുന്നതായും ഇ.ടി. മുഹമ്മദ് ബഷീർ പറഞ്ഞു. ചർച്ചയിൽ അനുകൂല തീരുമാനം ഉണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. മൂന്നാം സീറ്റിന്റെ കാര്യത്തിൽ ഒരു കാലത്തുമില്ലാത്ത കടുത്ത നിലപാടിലാണ് മുസ്ലിം ലീഗ് എന്ന അഭ്യൂഹവുമെത്തി. എന്നാൽ ഇതൊന്നും ഇത്തവണയും നടക്കില്ല.
പറഞ്ഞുപഴകിയ ആവശ്യം ഇത്തവണയെങ്കിലും യുഡിഎഫ് നിറവേറ്റണമെന്ന ശക്തമായ സമ്മർദമാണ് ലീഗ് നടത്തിയത്. മത്സരിക്കുന്ന പതിനാറിൽ പതിനഞ്ചും സിറ്റിങ് സീറ്റുകളാണെന്നും എങ്ങനെ അതിലൊന്നു വിട്ടുകൊടുക്കാൻ കഴിയുമെന്നുമുള്ള കോൺഗ്രസിന്റെ ചോദ്യം ലീഗിന് തള്ളാനായില്ല. വയനാടിൽ രാഹുൽ ഗാന്ധി മത്സരിക്കില്ലെന്നും ആ സീറ്റ് വേണമെന്നുമായിരുന്നു ലീഗ് ആവശ്യം. എന്നാൽ രാഹുൽ മത്സരിക്കുമെന്ന് ഉഭയകക്ഷി ചർച്ചയിൽ കോൺഗ്രസ് നേതാക്കൾ ലീഗിനെ അറിയിച്ചു. ഈ സാഹചര്യത്തിലാണ് പിന്മാറ്റം.
മലബാർ ജില്ലകളിൽ കോൺഗ്രസിനൊപ്പം ശക്തമാണ് പാർട്ടിയെന്നതിനാൽ മലപ്പുറത്തിനു പുറത്തും ലോക്സഭാ സീറ്റു വേണമെന്നും ലീഗ് ആവശ്യം ഉന്നയിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ രാജ്യ സഭാ സീറ്റിന് വേണ്ടിയാണ് ഈ സമ്മർദ്ദമെന്ന് വ്യക്തമാകുന്ന ഫോർമുലയാണ് ഇപ്പോൾ ഉരുത്തിരിയുന്നത്. മുസ്ലിം ലീഗിന്റെ അധിക സീറ്റിൽ ഉപാധികൾ വയ്ക്കുകയായിരുന്നു കോൺഗ്രസ്. ജൂണിൽ ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് ലീഗിന് നൽകാം. 2026ൽ വഹാബ് ഒഴിയുമ്പോൾ ആ സീറ്റും ലീഗിന് നൽകും. രാജ്യസഭയിൽ ലീഗിന് എപ്പോഴും രണ്ട് അംഗങ്ങളുണ്ടാകുന്ന സാഹചര്യം ഉറപ്പാക്കുമെന്നും കോൺഗ്രസ് നേതാക്കൾ ഉറപ്പുനൽകി.
സാമുദായിക ധ്രുവീകരണങ്ങളില്ലാതെ തീരുമാനങ്ങളുണ്ടാകണമെന്നും കോൺഗ്രസ് നേതാക്കൾ അറിയിച്ചു. മൂന്നാം സീറ്റ് ലീഗിന് നൽകിയാൽ പുറത്ത് ആഘോഷിക്കുന്ന സ്ഥിതിയുണ്ടാകരുതെന്നും കോൺഗ്രസിന്റെ ഉപാധി. ലീഗ് കോൺഗ്രസ് സീറ്റ് വിഷയം സൗഹാർദപരമായി തീർക്കുമെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ പറഞ്ഞിരുന്നു.