- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈ വർഷവും അടുത്ത വർഷവും ഒഴിവു വരുന്ന രാജ്യസഭാ സീറ്റുകൾ ലീഗിന്; മൂന്നാം സീറ്റ് വിഷയത്തിൽ യുഡിഎഫ് സംതൃപ്തരെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ; രാജ്യസഭാ സീറ്റിൽ ഫോർമുലയെന്ന് കെപിസിസി അധ്യക്ഷൻ; ഉഭയകക്ഷി ചർച്ചയിൽ കുഞ്ഞാലിക്കുട്ടിയും സന്തുഷ്ടൻ; ലീഗിന് ലോക്സഭയിൽ രണ്ടു സീറ്റ് തന്നെ
കൊച്ചി: മൂന്നാം സീറ്റ് വിഷയത്തിൽ യുഡിഎഫ് സംതൃപ്തരെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ചർച്ചയിൽ കോൺഗ്രസും ലീഗും സംതൃപ്തരാണ്. നെഗറ്റീവായിട്ടുള്ള കാമ്പെയ്ൻ നടക്കുന്നുണ്ട്. എന്നാൽ നെഗറ്റീവായിട്ടുള്ള ഒരു കാര്യവും നടക്കില്ല. എല്ലാം വളരെ പോസിറ്റീവാണെന്ന് വിഡി സതീശൻ പറഞ്ഞു. അതിനിടെ രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തുവെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരനും അറിയിച്ചു. ഇതോടെ പ്രതിസന്ധി അയയുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. അധികമായി ഒരു രാജ്യസഭാ സീറ്റ് നൽകുമെന്നാണ് വാഗ്ദാനം.
എത്രയോ വർഷത്തെ ബന്ധമുള്ള സഹോദരപാർട്ടികളാണ് മുസ്ലിം ലീഗും കോൺഗ്രസും. ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും സംസാരിക്കുന്നത് പരസ്പര വിശ്വാസത്തോടും ബഹുമാനത്തോടും കൂടിയാണ്. മുന്നണിയിലെ രണ്ടാമത്തെ പ്രധാന കക്ഷിയാണ് ലീഗ്. അതനുസരിച്ച് ഭംഗിയായി ചർച്ചകളൊക്കെ പൂർത്തിയാക്കിയിട്ടുണ്ട്. അവർ പറഞ്ഞ കാര്യവും ഞങ്ങൾ പറഞ്ഞ കാര്യവും പരസ്പരം ഉൾക്കൊണ്ടിട്ടുണ്ട്. ഉഭയകക്ഷി ചർച്ചയാണ് നടന്നത്. ലീഗ് പ്രസിഡന്റ് സാദിഖലി തങ്ങൾ സ്ഥലത്തില്ല. അദ്ദേഹം എത്തിയശേഷം മറ്റന്നാൾ ചർച്ച നടക്കും. ഫൈനൽ തീരുമാനമുണ്ടാകും. ചർച്ച വളരെ ഭംഗിയായി പൂർത്തിയായി എന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു. ഈ വർഷവും അടുത്ത വർഷവും ഒഴിവു വരുന്ന രാജ്യസഭാ സീറ്റുകൾ ലീഗിന് കിട്ടുമെന്നാണ്. ഇതോടെ 2026ന് ശേഷം അബ്ദുൾ വഹാബിന് രാജ്യസഭയിൽ തുടരനാകും.
ലീഗിന് പിന്നാലെ സിപിഎം നടക്കാൻ തുടങ്ങിയിട്ട് കുറേക്കാലമായി. യുഡിഎഫിൽ തുടരാൻ പല കാരണങ്ങളുണ്ട്. എന്നാൽ എൽഡിഎഫിൽ ചേരാൻ ഒരു കാരണം പോലുമില്ലെന്നാണ് സാദിഖലി തങ്ങൾ പറഞ്ഞത്. എന്നിട്ടും സിപിഎം പിന്നാലെ നടക്കുകയാണ്. അവരങ്ങനെ നടക്കട്ടെയെന്നും വിഡി സതീശൻ പറഞ്ഞു. മൂന്നാം സീറ്റ് വിഷയത്തിൽ കോൺഗ്രസുമായി നടത്തിയ ഉഭയകക്ഷി ചർച്ച തൃപ്തികരമായിരുന്നുവെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു. ഈ മാസം 27 ന് പാണക്കാട് ലീഗിന്റെ നേതൃയോഗം വിളിച്ചിട്ടുണ്ട്. ഇന്നത്തെ ചർച്ചയുടെ വിശദാംശങ്ങൾ നേതൃയോഗത്തിൽ ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന്, കോൺഗ്രസുമായുള്ള ഉഭയകക്ഷി ചർച്ചയ്ക്ക് ശേഷം പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ സ്ഥലത്തില്ല. അദ്ദേഹം നാളെയെ തിരിച്ചെത്തുകയുള്ളൂ. മറ്റന്നാൾ പാണക്കാട്ട് നേതൃയോഗം വിളിച്ചിട്ടുണ്ട്. അദ്ദേഹവുമായും മറ്റു നേതാക്കളുമായും ചർച്ച ചെയ്ത് 27 ന് തന്നെ തീരുമാനമെടുക്കും. തീരുമാനം കോൺഗ്രസ് നേതാക്കളെയും അറിയിക്കും. ചർച്ച പോസിറ്റീവാണ്. കാര്യങ്ങളൊക്കെ തീർന്നുപോകും. ചർച്ചയുടെ ഡീറ്റെയിൽസ് പലതുമുണ്ട്. അതു ലീഗ് നേതൃയോഗത്തിൽ ചർച്ച ചെയ്യേണ്ടതുണ്ട്. മൂന്നാം സീറ്റിൽ ഉറപ്പു ലഭിച്ചോയെന്ന ചോദ്യത്തിന്, അതിന് ഉത്തരത്തിന് 27 -ാം തീയതി വരെ കാത്തിരിക്കേണ്ടി വരും. അഭ്യൂഹങ്ങൾ വേണ്ടെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കൊച്ചി ആലുവ ഗസ്റ്റ് ഹൗസിലായിരുന്നു കോൺഗ്രസും ലീഗും തമ്മിൽ മൂന്നാം സീറ്റ് വിഷയത്തിൽ ചർച്ച നടന്നത്. പി കെ കുഞ്ഞാലിക്കുട്ടി, ഇടി മുഹമ്മദ് ബഷീർ, പിഎംഎ സലാം, കെപിഎ മജീദ്, ഡോ. എംകെ മുനീർ തുടങ്ങിയവർ ലീഗിനു വേണ്ടി ചർച്ചയിൽ പങ്കെടുത്തു. കോൺഗ്രസിനായി കെ സുധാകരൻ, വിഡി സതീശൻ, രമേശ് ചെന്നിത്തല, എംഎം ഹസൻ തുടങ്ങിയവരും സംബന്ധിച്ചു. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിന് ആവശ്യമായ മൂന്നാംസീറ്റ് നൽകാൻ ബുദ്ധിമുട്ടാണെന്ന് അറിയിക്കുകയായിരുന്നു കോൺഗ്രസ് നേതൃത്വം.
പകരം രാജ്യസഭാ സീറ്റ് നൽകാമെന്ന നിർദേശമാണ് കോൺഗ്രസ് മുന്നോട്ട് വച്ചത്. ഇക്കാര്യം സംസ്ഥാന നേതൃത്വം എഐസിസിയെ അറിയിക്കുമെന്നാണ് റിപ്പോർട്ടുകൾ.
മറുനാടന് മലയാളി ബ്യൂറോ