- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഹുൽ ഗാന്ധി വീണ്ടും അമേഠിയിൽ മത്സരിച്ചേക്കും
ന്യൂഡൽഹി: ലോക്‌സഭ തെരഞ്ഞെടുപ്പിൽ വയനാടിന് പുറമെ അമേഠിയിലും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മത്സരിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. തോൽവിയിൽ ഭയന്ന രാഹുലിന് തിരിച്ചുവരാൻ ധൈര്യമുണ്ടോയെന്ന ബിജെപി നേതൃത്വത്തിന്റെ വെല്ലുവിളിക്കിടെയാണ് അമേഠിയിലേക്ക് മടങ്ങാനുള്ള തീരുമാനം. സോണിയ ഗാന്ധി രാജ്യസഭയിലേക്ക് മടങ്ങിയ പശ്ചാത്തലത്തിൽ ഗാന്ധി കുടുംബം മത്സര രംഗത്ത് ഇറങ്ങാതെ വടക്കേ ഇന്ത്യയിൽ നിന്നും വിട്ടുനിന്നാലുള്ള രാഷ്ട്രീയ തിരിച്ചടിയും പാർട്ടി നേതൃത്വം കണക്കിലെടുക്കുന്നുണ്ട്. അതേ സമയം റായ്ബറേലിയിൽ മത്സരിക്കണമെന്ന പാർട്ടി ആവശ്യത്തോട് പ്രിയങ്ക ഗാന്ധി ഇനിയും പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞയാഴ്ച ഭാരത് ജോഡോ യാത്രയുമായാണ് 2019ലെ തോൽവിക്ക് ശേഷം രാഹുൽ ഗാന്ധി അമേഠിയിലേക്കെത്തിയത്. തൊഴിലില്ലായ്മയും, കാർഷിക മേഖലയിലെ പ്രശ്‌നങ്ങളും എണ്ണിപ്പറഞ്ഞ് അഞ്ച് വർഷങ്ങൾക്കിപ്പുറം വോട്ടർമാരോട് സംസാരിച്ചു. രാഹുൽ ഗാന്ധിയുടെ അമേഠി പര്യടനത്തിൽ ഉടനീളം യുവാക്കളുടെ വലിയ പിന്തുണയും കണ്ടു. കഴിഞ്ഞ തവണത്തെ സാഹചര്യമല്ല ഇക്കുറിയെന്നാണ് കോൺഗ്രസ് വിലയിരുത്തുന്നത്. സമാജ് വാദി പാർട്ടിയുമായുള്ള സഖ്യം കോൺഗ്രസിന് അമേഠിയിൽ ഗുണം ചെയ്യുമെന്ന് കരുതുന്നു.
സിറ്റിങ് എംപി സ്മൃതി ഇറാനിക്ക് മണ്ഡലം നിലനിർത്തുക എളുപ്പമാവില്ലെന്നാണ് റിപ്പോർട്ടുകൾ. പാചക വാതക വിലക്കയറ്റം ഉൾപ്പടെയുള്ള വിഷയങ്ങളിൽ സാധാരണക്കാർക്കിടയിൽ രോഷമുണ്ട്. സാഹചര്യം മനസിലാക്കി ഭാരത് ജോഡോ യാത്രയിലൂടെ അമേഠിയിലേക്ക് രാഹുൽ ഒരു റീ എൻട്രി നടത്തുകയായിരുന്നു. രാഹുലിന്റെ സാധ്യത തള്ളാതെ, കോൺഗ്രസിന് ഏറെ പ്രധാനപ്പെട്ട മണ്ഡലമാണ് അമേഠിയെന്ന്, രാജീവ് ഗാന്ധിയുടെയും, രാഹുൽ ഗാന്ധിയുടെയുമൊക്കെ മത്സര ചരിത്രം ഓർമ്മപ്പെടുത്തി ജയറാം രമേശ് പ്രതികരിച്ചു.
അതേസമയം സോണിയ ഗാന്ധി രാജ്യസഭാംഗം ആയതോടെ റായ്ബറേലിക്ക് പ്രിയങ്ക ഗാന്ധി എത്തണമെന്ന ആവശ്യം ശക്തമാണ്. പ്രചാരണത്തിന് ഒരുക്കങ്ങൾ തുടങ്ങട്ടെയെന്ന പ്രവർത്തകരുടെ ചോദ്യത്തിന് പ്രിയങ്ക ഗാന്ധി ഇനിയും മറുപടി നൽകിയിട്ടില്ല. ആരോഗ്യ പ്രശ്‌നങ്ങൾ മൂലമാണെന്ന് വിശദീകരിക്കുമ്പോഴും ഭാരത് ജോഡോ യാത്രയുടെ റായ്ബറേലി പര്യടനത്തിലെ പ്രിയങ്കയുടെ അസാന്നിധ്യവും ചർച്ചയായിരിക്കുകയാണ്
കേന്ദ്രമന്ത്രിയും നിലവിലെ അമേഠി എംപിയുമായ സ്മൃതി ഇറാനി രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ചിരിക്കുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ തന്റെ മുൻ മണ്ഡലത്തിൽ നിന്ന് മാത്രം മത്സരിക്കണമെന്നായിരുന്നു രാഹുലിനോട് വെല്ലുവിളി. 2019 ലെ തിരഞ്ഞെടുപ്പിൽ രാഹുലിനെ പരാജയപ്പെടുത്തിയ ഇറാനി ഇത്തവണയും അമേഠിയിൽ മത്സര രംഗത്തുണ്ടാകും.
'രാഹുൽ ഗാന്ധി അമേഠിയെ അധികാര കേന്ദ്രമായി കണക്കാക്കി, പക്ഷേ സേവനം നൽകിയില്ല, അതുകൊണ്ടാണ് അമേഠിയിലെ ആളൊഴിഞ്ഞ തെരുവുകൾ അദ്ദേഹത്തെ സ്വീകരിച്ചത്. രാഹുൽ ഗാന്ധിയെ സ്വീകരിച്ച കോൺഗ്രസ് പ്രവർത്തകർ അദ്ദേഹത്തിന്റെ യാത്രയിൽ പങ്കെടുത്തില്ല, അതിനാൽ കോൺഗ്രസിന് പ്രവർത്തകരെ വിളിക്കേണ്ടിവന്നു. സുൽത്താൻപൂരിൽ നിന്നും പ്രതാപ്ഗഡിൽ നിന്നും," ഇറാനി മാധ്യമങ്ങളോട് പറഞ്ഞു.
'അമേഠിയുടെ മുൻ എംപി വയനാട്ടിലെയും അമേഠിയിലെയും ജനങ്ങളെ അപമാനിച്ചു. ഇതോടെ അമേഠി ദുരിതത്തിലായി. രാം ലല്ലയുടെ ക്ഷണം അദ്ദേഹവും കുടുംബവും നിരസിച്ചു. ഇതും കാരണം അമേഠി ദുരിതത്തിലാണ്,' സ്മൃതി ഇറാനി പറഞ്ഞു, 'ഞാൻ അവനെ ധൈര്യപ്പെടുത്തുന്നു . ലോക്സഭാ തിരഞ്ഞെടുപ്പിൽ അമേഠിയിൽ നിന്ന് ഒറ്റയ്ക്ക് മത്സരിക്കും' എന്നായിരുന്നു സ്മൃതിയുടെ വാക്കുകൾ.
2019-ലെ തിരഞ്ഞെടുപ്പിൽ ബിജെപി നേതാവ് സ്മൃതി ഇറാനിയോട് 55,000ത്തോളം വോട്ടുകളുടെ വ്യത്യാസത്തിലാണ് രാഹുൽ ഗാന്ധി പരാജയം നേരിട്ടത്. അമേഠിയിൽ രാഹുൽ ഗാന്ധി പരാജയപ്പെട്ടെങ്കിലും വയനാട്ടിൽ അദ്ദേഹം മികച്ച വിജയം ഉറപ്പിച്ചു. അതേ സമയം ഗാന്ധി കുടുംബത്തിൽ നിന്ന് ആരാണ് റായ്ബറേലിയിൽ മത്സരിക്കുകയെന്നത് സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണ്. ഗാന്ധി കുടുംബം സീറ്റ് ഒഴിയുമെന്ന് ആരും കരുതിയിരുന്നില്ലെന്നും സ്മൃതി ഇറാനി രാഹുലിനെ പരിഹസിച്ചു.