- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പതിനഞ്ച് സിപിഎം സ്ഥാനാർത്ഥികളേയും പ്രഖ്യാപിച്ച് എം വി ഗോവിന്ദൻ
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎം. സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എ.കെ.ജി. സെന്ററിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. എൽ.ഡി.എഫിൽ സിപിഎമ്മിനുള്ള പതിനഞ്ച് സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥി പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒന്നിലേക്കു ചുരുങ്ങിയ ലോക്സഭാംഗത്വം പ്രമുഖനേതാക്കളെ പടയ്ക്കിറക്കി തിരിച്ചുപിടിക്കുകയാണ് ലക്ഷ്യമിടുന്നത്.
രാവിലെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേർന്ന് പേരുകൾ അന്തിമമായി അംഗീകരിച്ചിരുന്നു. പൊന്നാനിയിൽ മുൻ ലീഗ് നേതാവ് കെ.എസ്.ഹംസ സിപിഎം സ്ഥാനാർത്ഥിയായി മത്സരിക്കും. ഇടുക്കിയിൽ മുൻ എംപി ജോയ്സ് ജോർജും മലപ്പുറത്ത് ഡിവൈഎഫ്ഐ നേതാവ് വി.വസീഫും എറണാകുളത്ത് അദ്ധ്യാപികയും കെഎസ്ടിഎ നേതാവുമായ കെ.ജെ.ഷൈനും മത്സരിക്കും. വടകരയിൽ കെ.െക.ശൈലജയും പാലക്കാട് പിബി അംഗം എ.വിജയരാഘവനും മത്സരിക്കും. ആലത്തൂരിൽ മന്ത്രി കെ.രാധാകൃഷ്ണനും കണ്ണൂരിൽ ജില്ലാ സെക്രട്ടറി എം വിജയരാജൻ മത്സരിക്കും. 20 ലോക്സഭാ മണ്ഡലങ്ങളിൽ 15 എണ്ണത്തിലാണ് സിപിഎം മത്സരിക്കുന്നത്.
ആറ്റിങ്ങൽ - വി. ജോയി എംഎൽഎ, കൊല്ലം- എം.മുകേഷ് എംഎൽഎ, പത്തനംതിട്ട - ടി.എം.തോമസ് ഐസക്, ആലപ്പുഴ- എ.എം.ആരിഫ്, ചാലക്കുടി - സി.രവീന്ദ്രനാഥ്, കോഴിക്കോട്- എളമരം കരീം, കാസർകോട് - എം വിബാലകൃഷ്ണൻ എന്നിവരാണ് സ്ഥാനാർത്ഥികൾ.
ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയസാധ്യത മാത്രം നോക്കിയാൽ മതിയെന്നായിരുന്നു സിപിഎം. നേതൃത്വത്തിന്റെ തീരുമാനം. ഇതോടെയാണ്, മുൻനിരനേതാക്കൾ സ്ഥാനാർത്ഥിപ്പട്ടികയിൽ ഇടംപിടിച്ചത്. ഒരു പൊളിറ്റ് ബ്യൂറോ അംഗം, നാല് കേന്ദ്രകമ്മിറ്റിയംഗങ്ങൾ, ഒരു മന്ത്രി, ഒരു രാജ്യസഭാ എംപി, മൂന്ന് എംഎൽഎമാർ, മൂന്ന് ജില്ലാസെക്രട്ടറിമാർ എന്നിവരാണ് മത്സരരംഗത്തുള്ളത്.
കഴിഞ്ഞ ദിവസം സിപിഐ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു. തിരുവനന്തപുരത്ത് മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രൻ, മാവേലിക്കരയിൽ സി.എ. അരുൺ കുമാർ, തൃശൂരിൽ വി എസ്. സുനിൽ കുമാർ, വയനാട്ടിൽ ആനി രാജ എന്നിവരാണ് സിപിഐ സ്ഥാനാർത്ഥികൾ. തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. കോട്ടയത്ത് എൽഡിഎഫിനു വേണ്ടി കേരളാ കോൺഗ്രസ് (എം) നേതാവ് തോമസ് ചാഴികാടനാണ് മത്സരിക്കുന്നത്. തോമസ് ചാഴിക്കാടനെയാണ് മുന്നണിയിൽ സ്ഥാനാർത്ഥിയായി ആദ്യം പ്രഖ്യാപിച്ചത്. ഇതോടെ 20 മണ്ഡലങ്ങളിലും ഇടതുപക്ഷ സ്ഥാനാർത്ഥികളുടെ പേരുകൾ പ്രഖ്യാപിച്ചു.
ബിജെപിയെ അധികാരത്തിൽ നിന്ന് മാറ്റി നിർത്തലാണ് ഇടത് മുന്നണിയുടെ തെരഞ്ഞെടുപ്പ് മുദ്രാവാക്യമെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.സമാന ചിന്തയുള്ള കൂട്ടുകെട്ടുകൾ വളരുന്നതിൽ പ്രതീക്ഷ.ബിജെപി വിരുദ്ധ വോട്ട് ഏകീകരിക്കാൻ കഴിഞ്ഞാൽ ഇന്ത്യമുന്നണിക്ക് മുന്നിലുള്ളത് വലിയ സാധ്യതയാണ്.മന്ത്രിസഭയിലെ അംഗമായ കെ.രാധാകൃഷ്ണൻ മത്സരിക്കുന്നതിൽ എന്താണ് കുഴപ്പമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവിഗോവിന്ദൻ ചോദിച്ചു. സിപിഎമ്മിന് സ്ഥാനാർത്ഥി ക്ഷാമം ഒന്നുമി്ല്ലെന്നും അദ്ദേഹം പറഞ്ഞു
സിപിഎം. സ്ഥാനാർത്ഥികൾ:
ആറ്റിങ്ങൽ-വി.ജോയ്, നിലവിൽ വർക്കല എംഎൽഎ പാർട്ടി ജില്ലാ സെക്രട്ടറി
കൊല്ലം- എം.മുകേഷ്, നിലവിൽ കൊല്ലം എംഎൽഎ
പത്തനംതിട്ട- തോമസ് ഐസക്. മുൻ മന്ത്രിയും പാർട്ടി കേന്ദ്രകമ്മിറ്റി അംഗവുമാണ്
ആലപ്പുഴ- എ.എം ആരിഫ്, നിലവിൽ കേരളത്തിൽ നിന്നുള്ള ഏക സിപിഎം എംപി
ഇടുക്കി- എംപി ജോയ്സ് ജോർജ്, മുൻ എംപി കൂടിയായ ജോയ്സിന് ഇത് തുടർച്ചയായ മൂന്നാം അങ്കം
എറണാകുളം- കെ.ജെ.ഷൈൻ, പുതുമുഖം, കെഎസ്ടിഎ നേതാവും പറവൂർ നഗരസഭാംഗവുമാണ്
ചാലക്കുടി- സി. രവീന്ദ്രനാഥ്. മുൻ മന്ത്രിയും മൂന്നു തവണ എംഎൽഎയുമായിരുന്നു
പാലക്കാട്- എ.വിജയരാഘവൻ. പൊളിറ്റ് ബ്യൂറോ അംഗവും മുൻ എംപിയും പാർട്ടി മുൻ സംസ്ഥാന സെക്രട്ടറിയുമാണ്
ആലത്തൂർ- കെ. രാധാകൃഷ്ണൻ. നിലവിൽ മന്ത്രിയും ചേലക്കര എംഎൽഎയും പാർട്ടി കേന്ദ്രകമ്മിറ്റി അംഗവുമാണ്
പൊന്നാനി- സിപിഎം സ്വതന്ത്രനായി കെ.എസ് ഹംസ, മുസ്ലിം ലീഗിന്റെ മുൻ സംസ്ഥാന സെക്രട്ടറിയായിരുന്നു,
മലപ്പുറം- വി.വസീഫ്, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റായ വസീഫിന് ഇത് കന്നിയങ്കം
കോഴിക്കോട്- എളമരം കരീം. നിലവിൽ രാജ്യസഭാ എംപിയാണ്. മുൻ മന്ത്രിയും സിഐടിയും സംസ്ഥാന സെക്രട്ടറിയുമാണ്
വടകര- കെ.കെ ശൈലജ. നിലവിൽ മട്ടന്നൂർ എംഎൽഎ. മുൻ മന്ത്രിയും പാർട്ടി കേന്ദ്രകമ്മിറ്റി അംഗവുമാണ്
കണ്ണൂർ- എം.വി ജയരാജൻ. മുൻ എംഎൽഎ. നിലവിൽ പാർട്ടി ജില്ലാ സെക്രട്ടറിയാണ്
കാസർകോട്- എം.വി ബാലകൃഷ്ണൻ. നിലവിൽ പാർട്ടി ജില്ലാ സെക്രട്ടറിയാണ്. ലോക്സഭയിലേക്ക് കന്നിയങ്കം