ബെംഗളൂരു: രാജ്യസഭാ തിരഞ്ഞെടുപ്പിൽ, കർണാടകയിലെ നാല് സീറ്റിൽ മൂന്നിലും കോൺഗ്രസ് സ്ഥാനാർത്ഥിക്ക് ജയം. രണ്ട് സീറ്റിൽ ജയിക്കുമെന്ന് കരുതിയ ബിജെപി - ജെ ഡി എസ് സഖ്യത്തിന് ഒരു സീറ്റിൽ മാത്രമേ ജയിക്കാനായുള്ളു. എ ഐ സി സി ട്രഷറർ അജയ് മാക്കൻ, ഡോ. സയ്യിദ് നാസർ ഹുസൈൻ, ജി.സി. ചന്ദ്രശേഖർ എന്നിവരാണ് വിജയിച്ചത്. ബിജെപിയുടെ നാരായണാ ഭാണ്ഡഗെയും രാജ്യസഭയിലേക്ക് ജയിച്ചു. ബിജെപി - ജെ ഡി എസ് സഖ്യത്തിൽ നാരായൺസ ഭണ്ഡാഗെയ്ക്ക് മാത്രമേ വിജയിക്കാനായുള്ളൂ. ജെ ഡി എസ്സിൽ നിന്നുള്ള എൻ ഡി എ സ്ഥാനാർത്ഥി ഡി കുപേന്ദ്രറെഡ്ഡി തോറ്റു.

ജെ ഡി എസ് സ്ഥാനാർത്ഥി രംഗത്തെത്തിയതോടെയാണ് കർണാടകയിൽ തിരഞ്ഞെടുപ്പ് വേണ്ടി വന്നത്. രണ്ട് ബിജെപി എം എൽ എമാർ കോൺഗ്രസിന് അനുകൂലമായി മറുകണ്ടം ചാടിയത് ബിജെപി - ജെ ഡി എസ് സഖ്യത്തിന് തിരിച്ചടിയായി. ബിജെപി വിപ്പ് ലംഘിച്ച് മുന്മന്ത്രി യശ്വന്ത് പുര എം എൽ എയുമായ എസ്.ടി. സോമശേഖർ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വോട്ടുചെയ്തു. യെല്ലാപൂർ എം എൽ എ ശിവരാം ഹെബ്ബാർ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു. ക്രോസ് വോട്ട് ചെയ്ത എസ്.ടി. സോമശേഖറിനെതിരെ ബിജെപി. സ്പീക്കർക്ക് പരാതി നൽകി. വിട്ടുനിന്ന ശിവരാം ഹെബ്ബാറിനെതിരേയും പാർട്ടി പരാതി നൽകിയേക്കും.

45 വോട്ടുകളാണ് ഓരോ സ്ഥാനാർത്ഥിക്കും വിജയിക്കാൻ വേണ്ടിയിരുന്നത്. വോട്ടുനില ഇങ്ങനെ: അജയ് മാക്കനും സയ്യിദ് നസീർ ഹുസൈനും 47 വോട്ട് വീതം ലഭിച്ചു. ജി സി ചന്ദ്രശേഖറിന് ലഭിച്ചത് 45 വോട്ടാണ്. ബിജെപിയുടെ നാരായൺസ ഭണ്ഡാഗെയ്ക്കും ലഭിച്ചത് 47 വോട്ട്. എന്നാൽ കുപേന്ദ്ര റെഡ്ഡിക്ക് 36 വോട്ട് മാത്രമേ കിട്ടിയുള്ളൂ. കുതന്ത്രങ്ങൾക്ക് മേൽ ജനാധിപത്യത്തിന്റെ വിജയമെന്നായിരുന്നു ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ പ്രതികരണം.

അതേസമയം, ഹിമാചൽ പ്രദേശിൽ രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബിജെപി ജയം അവകാശപ്പെട്ടു. 68 അംദ സഭയിൽ 25 എംഎൽഎമാർ മാത്രമേ ഉള്ളുവെങ്കിലും ഏക രാജ്യസഭാ സീറ്റിൽ കോൺഗ്രസിന്റെ ക്രോസ് വോട്ടിങ്ങിൽ ജയിച്ചുവെന്നാണ് ബിജെപി നേതാക്കൾ പറയുന്നത്. ഔദ്യോഗിക ഫലം പുറത്തുവരാനിരിക്കുന്നതേയുള്ളു. യുപിയിലും ക്രോസ് വോട്ടിങ് പരാതികൾ ഉയർന്നിട്ടുണ്ട്.