- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോൺഗ്രസിൽ 15 എംപിമാരും മത്സരിച്ചേക്കും
തിരുവനന്തപുരം: കണ്ണൂരിൽ കെ സുധാകരന് തന്നെ മത്സരിക്കേണ്ടി വരും. സ്ഥാനാർത്ഥിയാകൻ ഇല്ലെന്ന് സുധാകരൻ ആവർത്തിക്കുമ്പോഴാണ് ഇത്. രാഹുൽ ഗാന്ധിയും വയനാട്ടിൽ സ്ഥാനാർത്ഥിയാകുമെന്നാണ് സൂചന. സ്ഥാനാർത്ഥി നിർണയത്തിനായി ചേർന്ന കോൺഗ്രസ് സ്‌ക്രീനിങ് കമ്മിറ്റി യോഗം സിറ്റിങ് എംപി.മാരുടെ പേരുകൾ വീണ്ടും മത്സരിക്കുന്നതിനായി ശുപാർശ ചെയ്തു. ചെയർമാൻ ഹരീഷ് ചൗധരിയുടെ അധ്യക്ഷതയിലായിരുന്നു യോഗം. കെപിസിസി. പ്രസിഡന്റ് കെ. സുധാകരന്റെ പേര് കണ്ണൂരിലേക്ക് നിർദേശിച്ചിട്ടുണ്ട്. വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ പേരും നിർദേശിച്ചു. ഇതോടെയാണ് രണ്ടു പേരും മത്സരിക്കുമെന്ന അവസ്ഥയുണ്ടാകുന്നത്.
വയനാട്ടിൽ രാഹുൽ മത്സരിക്കുമോയെന്നതിനെ ആശ്രയിച്ചാകും ആലപ്പുഴ, വയനാട്, കണ്ണൂർ സീറ്റുകളിലെ സ്ഥാനാർത്ഥി നിർണയം. രാഹുൽ ഇല്ലെങ്കിൽ വയനാട്ടിൽ മുസ്ലിം വിഭാഗത്തിൽ നിന്നാകും സ്ഥാനാർത്ഥി. എം.എം. ഹസനാണ് സാധ്യത. രാഹുൽ മത്സരിച്ചാൽ കണ്ണൂരിലാകും മുസ്ലിം വിഭാഗത്തിൽനിന്നുള്ള സ്ഥാനാർത്ഥി. ആലപ്പുഴയിൽ കെ.സി. വേണുഗോപാലോ, രാഹുൽ മാങ്കൂട്ടമോ സ്ഥാനാർത്ഥിയായേക്കാം. കണ്ണൂരിൽ മുസ്ലിം സ്ഥാനാർത്ഥിയാണ് വരുന്നതെങ്കിൽ അബ്ദുൾ റഷീദ്, മുഹമ്മദ് ഷമ്മാസ് എന്നിവർക്കാണ് സാധ്യത. വയനാട്ടിൽ രാഹുലും കണ്ണൂരിൽ സുധാകരനും മത്സരിച്ചാൽ ആലപ്പുഴയിൽ ഹസൻ സ്ഥാനാർത്ഥിയാകാനും സാധ്യത ഏറെയാണ്. യുഡിഎഫ് കൺവീനറായ ഹസന് വയനാട്ടിലും ആലപ്പുഴയിലും മുസ്ലിം സ്ഥാനാർത്ഥിയെങ്കിൽ കൂടുതൽ പരിഗണന കിട്ടും. വയനാട്ടിൽ രാഹുൽ മത്സരിച്ചാൽ കെസി വേണുഗോപാൽ മത്സരത്തിനെത്തില്ലെന്നും സൂചനയുണ്ട്.
സീറ്റ് പരിഗണന ചോദിച്ച് യൂത്ത് കോൺഗ്രസ് രാഹുൽ മാങ്കൂട്ടത്തിൽ, അബിൻ വർക്കി, അബ്ദുൾ റഷീദ് എന്നിവരുടെ പേരുകൾ നൽകിയിരുന്നു. പത്തനംതിട്ടയിൽ ആന്റോ ആന്റണിക്ക് പകരം അബിനെ പരിഗണിക്കണമെന്നതാണ് യൂത്ത് കോൺഗ്രസ് ആവശ്യം. ഇതിനൊപ്പം പത്തനംതിട്ടയിൽ രാഹുൽ മാങ്കൂട്ടത്തിലിനെ പരിഗണിക്കണമെന്ന ആവശ്യവും ഉയർത്തിയിട്ടുണ്ട്. ഏതായാലും നിലവിലെ എംപി.മാർ അനൗദ്യോഗികമായി കളത്തിലിറങ്ങിയിട്ടുണ്ട്. തിരുവനന്തപുരത്ത് ശശി തരൂർ പോസ്റ്റർ പ്രചരണവും തുടങ്ങി. മറ്റ് ചില മണ്ഡലങ്ങളിലും താമസിയാതെ കോൺഗ്രസ് നേതാക്കൾ സജീവമാകും. മൂന്നിന് കേരള നേതാക്കൾ ഡൽഹിക്ക് പോകും. കേന്ദ്ര പാർലമെന്ററി ബോർഡ് യോഗത്തിൽ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്.
അതിനിടെ കണ്ണൂർ സീറ്റിൽ കെ.സുധാകരൻ നിർദേശിച്ച സ്ഥാനാർത്ഥിയെ കൂട്ടത്തോടെ എതിർത്ത് ജില്ലയിലെ നേതാക്കൾ രംഗത്തു വന്നു. കെ. ജയന്ത് മത്സരിച്ചാൽ ജയസാധ്യത കുറവാണെന്ന് നേതാക്കൾ സുധാകരനെ അറിയിച്ചു.ജയന്തിനെതിരെ സാമൂഹിക മാധ്യമങ്ങളിലും പ്രതിഷേധം ശക്തമാണ്. സുധാകരൻ കടുംപിടുത്തം തുടർന്നാൽ, കണ്ണൂരിലെ സ്ഥാനാർത്ഥിയെ തീരുമാനിക്കൽ ഹൈക്കമാന്റിനും കടുപ്പമാകും. ഈ സാഹചര്യത്തിലാണ് സുധാകരനെ തന്നെ മുമ്പോട്ട് വയ്ക്കാനുള്ള കോൺഗ്രസ് ഹൈക്കമാണ്ടിന്റെ തീരുമാനം.
കണ്ണൂർ സീറ്റിൽ യുഡിഎഫിന്റെ പ്രതീക്ഷയും പ്രശ്‌നവും മുഴുവൻ കെ.സുധാകരനെ ചുറ്റിപ്പറ്റിയാണ്.മത്സരിക്കാനില്ലെന്ന് തുടക്കത്തിൽ സുധാകരൻ വ്യക്തമാക്കിയതോടെ കണ്ണൂരിൽ കന്നിക്കാരന് അവസരമൊരുങ്ങിയതാണ്. അര ഡസനോളം പേരുകളും ഉയർന്നു. എന്നാൽ ഹൈക്കമാന്റ് പറഞ്ഞാൽ മത്സരിക്കുമെന്ന് സുധാകരൻ നിലപാട് മാറ്റി. സിപിഎം എം വിജയരാജനെ ഇറക്കിയതോടെ സീറ്റ് നിലനിർത്താൻ സുധാകരൻ തന്നെ വേണമെന്ന് എഐസിസിയും നിർദേശിച്ചു.എന്നാൽ സുധാകരൻ വീണ്ടും ഇടഞ്ഞു. കെപിസിസി അധ്യക്ഷ പദവിയും ആരോഗ്യപ്രശ്‌നവും കണക്കിലെടുത്ത് മത്സരത്തിനില്ലെന്ന് വീണ്ടും കടുപ്പിച്ചു. കെപിസിസി ജനറൽ സെക്രട്ടറി കെ.ജയന്തിനായി സുധാകരൻ നിലയുറപ്പിച്ചു.
എന്നാൽ കണ്ണൂരിലെ മുതിർന്ന നേതാക്കൾ ഒന്നടങ്കം ഇതിനെ എതിർത്തു.പ്രബലരായ സംസ്ഥാന നേതാക്കളുടെ പിന്തുണയും ഇവർക്ക് കിട്ടി.സ്ഥാനാർത്ഥിയെ കെട്ടിയിറക്കാനുള്ള നീക്കത്തിനെതിരെ കോൺഗ്രസ് പ്രവർത്തകർ സാമൂഹിക മാധ്യമങ്ങളിൽ പ്രതിഷേധവും തുടങ്ങി. അടുപ്പക്കാരനായി ചരടുവലിക്കുന്ന കെ.സുധാകരനെതിരെയാണ് വികാരം. യൂത്ത് കോൺഗ്രസ് നേതാവ് അബ്ദുൾ റഷീദിനായും വാദമുണ്ടായി.തർക്കമാവുമെന്നായപ്പോൾ സുധാകരന്റെ പേര് മാത്രം ഹൈക്കമാണ്ടിന് അയയ്ക്കുകയായിരുന്നു നേതൃത്വം.