- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കന്നിയങ്കത്തിൽ കരുത്തറിയിക്കാൻ ബൻസുരി സ്വരാജ്
ഡൽഹി: അന്തരിച്ച മുൻ വിദേശകാര്യ മന്ത്രിയും ബിജെപി നേതാവുമായ സുഷമാ സ്വരാജിന്റെ മകൾ ബൻസുരി സ്വരാജ് ലോക്സഭാ തിരഞ്ഞെടുപ്പിൽ ജനവിധി തേടും. ബിജെപി സ്ഥാനാർത്ഥിയായി ന്യൂഡൽഹി സീറ്റിലാണ് ബൻസുരി സ്വരാജ് മത്സരിക്കുന്നത്. അഭിഭാഷക കൂടിയായ ബാൻസുരി സ്വരാജ്, ബിജെപി ഡൽഹി ലീഗൽ സെല്ലിന്റെ കോ-കൺവീനർ കൂടിയാണ്.
ഡൽഹിയിലെ ഏഴ് സീറ്റുകളിൽ അഞ്ച് സീറ്റുകളിലേയ്ക്കുള്ള സ്ഥാനാർത്ഥികളെയാണ് ബിജെപി പ്രഖ്യാപിച്ചിരിക്കുന്നത്. ബാൻസുരി സ്വരാജിനെ കൂടാതെ ചാന്ദ്നി ചൗക്കിൽ പ്രവീൺ ഖണ്ഡേൽവാൾ, നോർത്ത് ഈസ്റ്റ് ഡൽഹി- മനോജ് തിവാരി, വെസ്റ്റ് ഡൽഹി- കമൽജീത് ഷെരാവത്, സൗത്ത് ഡൽഹി- രാംവീർ സിങ് ബിധുരി എന്നിവരാണ് എൻഡിഎയ്ക്കായി മത്സര രംഗത്തിറങ്ങുന്നത്.
ഒരു സ്വകാര്യ പ്രാക്ടീസ് നടത്തുന്നതിനൊപ്പം ഹരിയാന സംസ്ഥാനത്തിന്റെ അഡീഷണൽ അഡ്വക്കേറ്റ് ജനറലായി ബൻസുരി പ്രവർത്തിച്ചിരുന്നു. 2007ൽ ഡൽഹി ബാർ കൗൺസിലിൽ എന്റോൾ ചെയ്ത ബൻസുരിക്ക് അഭിഭാഷകവൃത്തിയിൽ 16 വർഷത്തെ പരിചയമുണ്ട്. വാർവിക്ക് സർവകലാശാലയിൽ ഇംഗ്ലീഷ് സാഹിത്യത്തിൽ ബിഎ (ഓണേഴ്സ്) ബിരുദം നേടിയ ശേഷം ലണ്ടനിലെ ബിപിപി ലോ സ്‌കൂളിൽ നിയമപഠനത്തിന് പോയി. ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലെ സെന്റ് കാതറിൻസ് കോളേജിൽ മാസ്റ്റർ ഓഫ് സ്റ്റഡീസ് പൂർത്തിയാക്കി.
2019ൽ തന്റെ 67 ആം വയസിലാണ് മുൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെടുന്നത്. അന്നുമുതൽ അമ്മയുടെ ജന്മവാർഷികവും ചരമവാർഷികവും വളരെ വ്യത്യസ്തമായ രീതിയിലായിരുന്നു ബൻസുരി ആചരിച്ചിരുന്നത്. ഏറ്റവുമൊടുവിലായുള്ള സുഷമ സ്വരാജിന്റെ ചരമവാർഷികത്തിലും ബൻസുരി ഒരു വൈകാരികമായ പോസ്റ്റ് പങ്കുവച്ചിരുന്നു. അമ്മ തന്റെ ഊർജമായി നിലകൊള്ളുന്നുവെന്നും സിരകളിലൂടെ ഒഴുകുന്നുവെന്നും ബൻസുരി പോസ്റ്റിൽ കുറിച്ചിരുന്നു.
അമ്മയുടെ മനഃസാക്ഷി തന്റെ തീരുമാനങ്ങളിലുണ്ടെന്നും ആ ആദർശമാണ് തന്റെ ജീവിത പാതയെ പ്രകാശിപ്പിക്കുന്നതെന്നും ബൻസുരി എഴുതിയിരുന്നു. അമ്മയെ മടക്കിയെടുത്ത നീ തന്നെ അവളെ കാത്തുരക്ഷിക്കണമെന്നും ഭഗവാൻ കൃഷ്ണനോട് ബൻസുരി പ്രാർത്ഥിക്കുകയും ചെയ്തിരുന്നു.
അതേസമയം ഇക്കഴിഞ്ഞ വനിതാദിനത്തിൽ തന്നെ സ്വാധീനിച്ച വനിതയായി കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കർ ഓർത്തെടുത്തത് സുഷമ സ്വരാജിനെയായിരുന്നു. അവരുടെ ദീർഘവീക്ഷണത്തെയും, ജീവനക്കാരോടുള്ള സമീപനത്തെയും, വിദേശ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ആളുകളെ സഹായിക്കുന്നതിലെ അർപ്പണബോധത്തെയും അഭിനന്ദിച്ചായിരുന്നു എസ്.ജയ്ശങ്കർ സുഷമയെ ഓർത്തത്.
വിദേശത്തുള്ള ഇന്ത്യക്കാരുമായി തങ്ങളുടെ ബന്ധം ശക്തമാകുന്നത് അവർ കാരണമാണെന്നും വളരെ ബഹുമാനത്തോടെയും വാത്സല്യത്തോടെയുമാണ് അവർ താഴെ തട്ടിലുള്ള ജീവനക്കാരോട് പെരുമാറിയിരുന്നതെന്നും ജയ്ശങ്കർ വ്യക്തമാക്കിയിരുന്നു. പലവിധ പ്രശ്നങ്ങളുമായി വിദേശരാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന നിരവധി പേർക്ക് സഹായമായ അവരുടെ ദീർഘവീക്ഷണം തനിക്കിഷ്ടമാണെന്നും എസ്.ജയ്ശങ്കർ കൂട്ടിച്ചേർത്തിരുന്നു.