ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിക്കും മുമ്പെ 16 സംസ്ഥാനങ്ങളിലായി 195 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് പ്രചാരണ പരിപാടികളുമായി മുന്നോട്ട് പോകുകയാണ് ബിജെപി നേതൃത്വം. ബിജെപി പ്രഖ്യാപിച്ച ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടികയിൽ 33 സീറ്റുകളിൽ പുതുമുഖങ്ങൾക്കാണ് അവസരം നൽകിയിരിക്കുന്നത്.

ഇന്നലെ 16 സംസ്ഥാനങ്ങളിലായി 195 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് ബിജെപി പ്രഖ്യാപിച്ചത്. ഇതിൽ 33 സിറ്റിങ് സീറ്റുകളിലാണ് ബിജെപി പുതുമുഖങ്ങൾക്ക് അവസരം നൽകിയിരിക്കുന്നത് എന്നതും ശ്രദ്ധേയം.

മധ്യപ്രദേശിലാണ് ഏറ്റവും ശ്രദ്ധേയമായ നീക്കം. ഏഴ് സിറ്റിങ് എംപിമാർക്ക് പകരമാണ് പുതിയ മുഖങ്ങൾ അവതരിപ്പിക്കുന്നത്. അതിൽ വിദിഷ എംപി രമാകാന്ത് ഭാർഗവയ്ക്ക് പകരം മുന്മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന ശിവരാജ് സിങ് ചൗഹാനാണ് ജനവിധി തേടുക. എൻഡിഎ വീണ്ടും അധികാരത്തിലെത്തിയാൽ കേന്ദ്രമന്ത്രിസഭയിലെ മുൻനിരയിൽ ചൗഹാൻ ഉണ്ടാകുമെന്ന് ഉറപ്പാണ്.

ഗുണയിലെ സിറ്റിങ് എംപി കൃഷ്ണപാൽ സിങ്ങിന് പകരം കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയെയാണ് ബിജെപി പരീക്ഷിക്കുന്നത്. ഭോപ്പാലിൽ വിവാദങ്ങളിൽ നിറഞ്ഞുനിൽക്കുന്ന പ്രഗ്യാ സിങ്ങിനു പകരം അലോക് ശർമയാണ് സ്ഥാനാർത്ഥി.

അസമിലെ 11 ലോക്‌സഭാ സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതിൽ ആറു പേർ മാത്രമാണ് സിറ്റിങ് എംപിമാർ. ബാക്കിയുള്ള അഞ്ചു പേരും പുതുമുഖങ്ങളാണ്.
2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സിൽച്ചറിൽ നിന്ന് വിജയിച്ച രാജ്ദീപ് റോയിയെ മാറ്റി പകരം പരിമൾ ശുക്ലബൈധ്യയെയാണ് മത്സരിപ്പിക്കുന്നത്. ദിബ്രുഗഡ് മണ്ഡലത്തിലെ സിറ്റിങ് എംപിയായ രാമേശ്വർ തെലിക്ക് പകരം കേന്ദ്രമന്ത്രി സർബാനന്ദ് സൊനോവാൾ മത്സരിക്കും.

ചണ്ഡിഗഡിലെ 11 സീറ്റുകളിൽ നാലു പേർ പുതുമുഖങ്ങളാണ്. റായ്പുരിൽ സിറ്റിങ് എംപി സുനിൽ കുമാർ സോണിക്കു പകരം മുതിർന്ന ബിജെപി നേതാവ് ബ്രിജ്‌മോഹൻ അഗർവാളാണ് എത്തുന്നത്. ഡൽഹിയിലെ അഞ്ചു സീറ്റുകളിൽ നാലെണ്ണത്തിലും മത്സരിക്കാനിറങ്ങുന്നത് പുതുമുഖങ്ങളാണ്.

രണ്ടുതവണ എംപിയും മുൻ കേന്ദ്രമന്ത്രിയുമായ ഹർഷ്വർധനെ ഒഴിവാക്കി ചാന്ദ്‌നി ചൗക്ക് ലോക്‌സഭാ സീറ്റിൽ പ്രവീൺ ഖണ്ഡേൽവാളിനെയാണ് നിയോഗിച്ചിരിക്കുന്നത്. ഡൽഹി വെസ്റ്റിൽനിന്ന് രണ്ടുതവണ എംപിയായ പർവേഷ് സാഹിബ് സിങ് വർമയെ മാറ്റി കമൽജീത് ഷെരാവത്തിനെ നിർത്തി. മീനാക്ഷി ലേഖിയുടെ മണ്ഡലമായിരുന്ന ന്യൂഡൽഹിയിൽ നിന്നാണ് സുഷമ സ്വരാജിന്റെ മകൾ ബൻസുരി മത്സരിക്കാൻ ഇറങ്ങുന്നത്.

ഗുജറാത്തിൽ പ്രഖ്യാപിച്ച 15 ലോക്‌സഭാ സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളിൽ അഞ്ച് സിറ്റിങ് എംപിമാരെ ഒഴിവാക്കിയിട്ടുണ്ട്. അഹമ്മദാബാദ് വെസ്റ്റിൽ നിന്ന് മൂന്നു തവണ എംപിയായ കിരിത് സോളങ്കിക്ക് പകരം ദിനേശ്ഭായ് കിദർഭായി മക്വാനയെ നിർത്താനാണ് പാർട്ടി തീരുമാനിച്ചിരിക്കുന്നത്. പോർബന്തറിൽ സിറ്റിങ് എംപി രമേഷ്ഭായ് ലവ്ജിഭായ് ധഡുക്കിന് പകരം കേന്ദ്രമന്ത്രി മൻസുഖ് മാണ്ഡവ്യ എത്തുന്നു. ഝാർഖണ്ഡിൽ മുൻ കേന്ദ്രമന്ത്രി യശ്വന്ത് സിൻഹയുടെ മകൻ ജയന്ത് സിൻഹയുടെ മണ്ഡലം മനിഷ് ജയ്സ്വാളിനു നൽകി.

രണ്ടോ അതിലധികം തവണയോ തിരഞ്ഞെടുപ്പിനെ നേരിട്ട നേതാക്കളെ പാർട്ടി ചുമതലകളിലേക്ക് തിരികെ കൊണ്ടുവന്ന് പുതുമുഖങ്ങൾക്ക് അവസരം ഒരുക്കാനാണ് ഇത്തവണ കേന്ദ്രനേതൃത്വം ശ്രദ്ധിച്ചത്. ഭരണ തലത്തിൽ വേണ്ടത്ര ശോഭിക്കാതെ പോയ നേതാക്കളെ പാർട്ടി ചുമതലകൾ ഏൽപ്പിക്കുകയും ലോക്‌സഭയിൽ അനുഭവ സമ്പത്തുള്ളവർക്കൊപ്പം തന്നെ പുതുമുഖങ്ങളെയും എത്തിക്കുകയാണ് പാർട്ടി നേതൃത്വം ലക്ഷ്യമിടുന്നത്.