- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോക്സഭാ തിരഞ്ഞെടുപ്പിൽ സീറ്റില്ല: രാഷ്ട്രീയം മതിയാക്കുന്നുവെന്ന് ഹർഷ് വർധൻ
ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഡൽഹിയിൽ നിന്നും സീറ്റ് നിഷേധിക്കപ്പെട്ടതിനു പിന്നാലെ രാഷ്ട്രീയം വിടുന്നുവെന്ന പ്രഖ്യാപനവുമായി മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്ര ആരോഗ്യ മന്ത്രിയുമായ ഹർഷ് വർധൻ. സമൂഹമാധ്യമങ്ങളിലൂടെയാണ് രാഷ്ട്രീയം മതിയാക്കുന്നതായി ഡോ. ഹർഷ് വർധൻ പ്രഖ്യാപിച്ചത്. നിലവിൽ ഡൽഹിയിലെ ചാന്ദ്നി ചൗക്കിൽ നിന്നുള്ള എംപിയായ ഹർഷ് വർധന്, ഇന്നലെ പ്രഖ്യാപിച്ച ബിജെപിയുടെ ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടികയിൽ ഇടം ലഭിച്ചിരുന്നില്ല. ഹർഷ് വർധനു പകരം പ്രവീൺ ഖണ്ഡേവാലിനെയാണ് ബിജെപി ഇവിടെ സ്ഥാനാർത്ഥിയാക്കിയത്.
ഡൽഹിയിലെ ബിജെപിയുടെ മുഖമായിരുന്ന ഹർഷ് വർധനും മീനാഷി ലേഖിയും ഗൗതം ഗംഭീറിനുമൊന്നും ഇത്തവണ സിറ്റിങ് സീറ്റ് നൽകിയില്ല. പകരം പുതുമുഖങ്ങളെ പരീക്ഷിക്കാനാണ് ബിജെപി നേതൃത്വം തയ്യാറായത്. ഇതോടെ ഗംഭീറിന് പിന്നാലെ രാഷ്ട്രീയത്തിൽ നിന്നും വിട്ടുനിൽക്കാൻ ഹർഷ് വർധനും തീരുമാനം എടുക്കുകയായിരുന്നു.
After over thirty years of a glorious electoral career, during which I won all the five assembly and two parliamentary elections that I fought with exemplary margins, and held a multitude of prestigious positions in the party organisation and the governments at the state and…
— Dr Harsh Vardhan (@drharshvardhan) March 3, 2024
എക്‌സ് പ്ലാറ്റ്‌ഫോമിൽ സാമാന്യം ദീർഘമായ കുറിപ്പു പങ്കുവച്ചാണ് ഹർഷ് വർധൻ രാഷ്ട്രീയം മതിയാക്കുന്ന വിവരം പരസ്യമാക്കിയത്. ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും ഊർജസ്വലനായ പ്രധാനമന്ത്രിയെന്ന് നരേന്ദ്ര മോദിയെ വിശേഷിപ്പിച്ച ഹർഷ് വർധൻ, അദ്ദേഹത്തിനൊപ്പം അടുത്ത് ജോലി ചെയ്യാൻ ലഭിച്ച അവസരം വലിയൊരു അംഗീകാരമാണെന്നും കുറിച്ചു. അധികാരത്തിലേക്ക് കൂടുതൽ കരുത്തോടെ തിരിച്ചെത്തണമെന്നാണ് രാജ്യം ആഗ്രഹിക്കുന്നതെന്നും ഹർഷ് വർധൻ അഭിപ്രായപ്പെട്ടു. കൃഷ്ണ നഗറിലെ ഇഎൻടി ക്ലിനിക് തന്റെ മടങ്ങിവരവിനായി കാത്തിരിക്കുന്നുണ്ടെന്ന ഓർമപ്പെടുത്തലോടെയാണ് ഹർഷ് വർധൻ കുറിപ്പ് അവസാനിപ്പിക്കുന്നത്.
അഞ്ച് തവണ നിയമസഭയിലേക്കും രണ്ടു തവലണ ലോക്‌സഭയിലേക്കും ജയിച്ച 30 വർഷത്തോളം നീളുന്ന തിരഞ്ഞെടുപ്പു കരിയറിന് തിരശീലയിടുന്നുവെന്നാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. ഇക്കാലയളവിൽ പാർട്ടിക്കുള്ളിലും കേന്ദ്ര, സംസ്ഥാന സർക്കാരുകളിലും സുപ്രധാന ചുമതലകൾ വഹിക്കാൻ സാധിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സാധാരണക്കാർക്കു സേവനം ചെയ്യാനുള്ള തന്റെ അദമ്യമായ ആഗ്രഹം നിറവേറ്റാനായെന്ന ചാരിതാർഥ്യത്തോടെയാണ് രാഷ്ട്രീയത്തോട് വിട പറയുന്നതെന്നും ഹർഷ് വർധൻ കുറിച്ചു.
സജീവ രാഷ്ട്രീയത്തിൽ നിന്നുള്ള വിരമിക്കുന്നതായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീറും പ്രഖ്യാപിച്ചിരുന്നു. ഈസ്റ്റ് ഡൽഹിയിൽ നിന്നുള്ള എംപിയായ ഗൗതം ഗംഭീർ ബിജെപി അധ്യക്ഷൻ ജെ.പി നദ്ദയെയാണ് സജീവ രാഷ്ട്രീയത്തിൽ നിന്നും വിട്ടുനിൽക്കാനുള്ള താൽപര്യം അറിയിച്ചത്. ക്രിക്കറ്റുമായി ബന്ധപ്പെട്ട വിവിധ ചുമതലകൾ വഹിക്കാനാണ് താൽപര്യമെന്ന് ഗംഭീർ നദ്ദയെ അറിയിച്ചു.
പാർട്ടി പ്രസിഡന്റ് നദ്ദയോട് രാഷ്ട്രീയചുമതലകളിൽ നിന്നും ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ചു. ഇനി ക്രിക്കറ്റിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കാനാണ് താൽപര്യം. ജനങ്ങളെ സേവിക്കാനുള്ള അവസരം നൽകിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പറയുകയാണെന്നും ഗംഭീർ പറഞ്ഞു.
2019ലാണ് ഗൗതം ഗംഭീർ ബിജെപിയിൽ ചേർന്നത്. പാർട്ടിയുടെ ഡൽഹിയിലെ മുഖമായി ഗംഭീർ മാറുകയും ചെയ്തിരുന്നു. ഈസ്റ്റ് ഡൽഹി സീറ്റിൽ നിന്നും വലിയ ഭൂരിപക്ഷത്തോടെയാണ് ഗംഭീർ ജയിച്ചത്. ഗംഭീർ തന്നെ മത്സരിക്കാനില്ലെന്ന് അറിയിച്ചതോടെ ബിജെപി നേതൃത്വം പുതുമുഖങ്ങൾക്ക് അവസരം ഒരുക്കുകയായിരുന്നു.
2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ 6,95,109 വോട്ട് നേടിയാണ് ഈസ്റ്റ് ഡൽഹിയിൽ നിന്നും അദ്ദേഹം വിജയിച്ചത്. എന്നാൽ, 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഗൗതം ഗംഭീറിന് സീറ്റ് ലഭിക്കില്ലെന്ന് നേരത്തേ അഭ്യൂഹങ്ങൾ പരന്നിരുന്നു. ഇത് മുൻകൂട്ടി കണ്ടാണ് അദ്ദേഹം രാഷ്ട്രീയം അവസാനിപ്പിച്ചതെന്നും വിമർശകർ പറഞ്ഞിരുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട സ്ഥാനാർത്ഥിപ്പട്ടികയിൽ 33 സിറ്റിങ് എംപിമാരെ ഒഴിവാക്കിയാണ് പുതുമുഖങ്ങൾക്ക് അവസരം നൽകിത്. ഡൽഹിയിൽ അഞ്ച് മണ്ഡലങ്ങളിൽ നാലിടത്തും സിറ്റിങ് എംപിമാരെ ഒഴിവാക്കി. ന്യൂഡൽഹി മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന കേന്ദ്രമന്ത്രി മീനാക്ഷി ലേഖിക്ക് ഇക്കുറി സീറ്റില്ല. പകരം, സുഷമാ സ്വരാജിന്റെ മകൾ ബാംസുരി സ്വരാജ് ഈ മണ്ഡലത്തിൽനിന്ന് ജനവിധി തേടും. ബാംസുരിയുടെ കന്നിയങ്കമാണിത്.
വെസ്റ്റ് ഡൽഹി സീറ്റിൽ ഇത്തവണ മത്സരിക്കുന്നത് കമൽജീത്ത് സെഹ്റാവത്താണ്. രണ്ട് വട്ടം എംപിയായ പർവേഷ് സാഹിബ് സിങ്ങിനെ മാറ്റിയാണ് കമൽജീത്തിന് ടിക്കറ്റ് നൽകിയിരിക്കുന്നത്. ചാന്ദ്നിചൗക്കിൽനിന്ന് പ്രവീൺ ഖണ്ഡേൽവാൽ മത്സരിക്കും. രണ്ടുവട്ടം എംപിയും കേന്ദ്രമന്ത്രിയുമായ ഹർഷ്വർധനായിരുന്നു ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത്.
മധ്യപ്രദേശിൽ ഏഴ് സിറ്റിങ് എംപിമാരെ മാറ്റി പുതുമുഖങ്ങൾക്ക് അവസരം നൽകി. ഗുണയിൽനിന്ന് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ മത്സരിക്കും. കൃഷ്ണപാൽ സിങ് യാദവായിരുന്നു ഇവിടുത്തെ സിറ്റിങ് എംപി. വിദിഷ സീറ്റിൽനിന്ന് ഇക്കുറി മധ്യപ്രദേശ് മുന്മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ മത്സരിക്കും. സിറ്റിങ് എംപിയായ രമാകാന്ത് ഭാർഗവയെ നീക്കിയാണ് ചൗഹാന് അവസരം നൽകിയത്. പ്രഗ്യാ സിങ് ഠാക്കൂറിനും ഇക്കുറി ടിക്കറ്റ് ലഭിച്ചിട്ടില്ല. ഭോപ്പാൽ മണ്ഡലത്തിൽനിന്ന് അലോക് ശർമയാണ് മത്സരിക്കുക.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ 195 സ്ഥാനാർത്ഥികളെയാണ് ശനിയാഴ്ച പ്രഖ്യാപിച്ചത്. ഈ പട്ടിക പ്രകാരം അസമിലെ പതിനൊന്ന് ബിജെപി. സ്ഥാനാർത്ഥികളിൽ അഞ്ചുപേർ പുതുമുഖങ്ങളാണ്. ഛത്തീസ്‌ഗഢിലെ 11 മണ്ഡലങ്ങളിൽ നാലിടത്തുനിന്ന് സിറ്റിങ് എംപിമാരെ ഒഴിവാക്കിയിട്ടുണ്ട്. ഗുജറാത്തിലെ 15 സീറ്റുകളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ഇതിൽ അഞ്ച് സിറ്റിങ് എംപിമാരെ ഒഴിവാക്കി. ഝാർഖണ്ഡിൽ രണ്ട് സീറ്റിൽ പുതിയ ആളുകളാണ് മത്സരിക്കുക.