കൊൽക്കത്ത: പശ്ചിമ ബംഗാളിലെ അസൻസോൾ മണ്ഡലത്തിലെ ബിജെപി. സ്ഥാനാർത്ഥി പിന്മാറി. ബംഗാളിലെ ആസൻസോൾ ലോക്‌സഭാ മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി പാർട്ടി നേതൃത്വം ഇന്നലെ പ്രഖ്യാപിച്ച ഭോജ്പുരി നടനും ഗായകനുമായ പവൻ സിങ്ങാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് പിന്മാറിയത്. ചില പ്രത്യേക കാരണങ്ങളാൽ മത്സരിക്കാനില്ലെന്നാണ് പവൻ സിങ്ങിന്റെ വിശദീകരണം എന്നാൽ പവൻസിങ്ങിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെ രൂക്ഷ വിമർശനവുമായി തൃണമൂൽ കോൺഗ്രസ് അടക്കം രംഗത്തെത്തിയിരുന്നു.

"ബിജെപിയുടെ ഉന്നതനേതൃത്വത്തെ ഞാനെന്റെ കൃതജ്ഞത അറിയിക്കുന്നു. പാർട്ടി എന്നിൽ വിശ്വാസമർപ്പിക്കുകയും ആസൻസോളിലെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയും ചെയ്തു. പക്ഷെ, ചില കാരണങ്ങളാൽ അവിടെ നിന്ന് മത്സരിക്കാൻ എനിക്കാകില്ല." എന്നാണ് പവൻ സിങ് എക്‌സ് പ്ലാറ്റ്ഫോമിൽ കുറിച്ചത്.

പവൻ സിങ്ങിന്റെ ഗാനങ്ങളിൽ ബംഗാളി സ്ത്രീകളെക്കുറിച്ചുള്ള ആക്ഷേപകരമായ പരാമർശങ്ങളുള്ളതായി ചൂണ്ടിക്കാണിച്ചാണ് പലരും അദ്ദേഹത്തെ സ്ഥാനാർത്ഥിയാക്കിയതിനെതിരെ വിമർശനം ഉന്നയിച്ചത്. സാമൂഹിക മാധ്യമങ്ങളിലെ വിമർശനം ബിജെപിയുടെ ശ്രദ്ധയിലും പെട്ടിരുന്നു. തുടർന്ന് സ്ഥാനാർത്ഥിയെ പിൻവലിക്കാനുള്ള തീരുമാനത്തിലായിരുന്നു ബിജെപി. ഇക്കാര്യം അദ്ദേഹത്തെ അറിയിക്കുകയും ചെയ്തിരുന്നതായാണ് റിപ്പോർട്ട്. ഇതിനു പിന്നാലെയാണ് തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറിയതായി പവൻ സിങ് എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചത്.

പ്രമുഖ ഭോജ്പുരി ഗായകനാണ് പവൻ സിങ്. തൃണമൂൽ കോൺഗ്രസ് നേതാവ് ശത്രുഘ്‌നൻ സിൻഹയാണ് മണ്ഡലത്തിലെ നിലവിലെ എംപി. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളിൽ പവൻ സിങ് നേരത്തെ നടത്തിയ പ്രസ്താവനകൾ വലിയ ചർച്ചയായിരുന്നു. പിന്മാറ്റത്തെ തൃണമൂൽ കോൺഗ്രസ് പരിഹസിച്ചു. പശ്ചിമബംഗാളിലെ ജനങ്ങളുടെ ശക്തിയുടെ ഫലമാണിതെന്ന് അഭിഷേക് ബാനർജി ട്വീറ്റ് ചെയ്തു.

തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന 195 ബിജെപി സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക ശനിയാഴ്ച പുറത്തുവിട്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ, രാജ്നാഥ് സിങ് തുടങ്ങിയ പ്രമുഖരടങ്ങുന്ന സ്ഥാനാർത്ഥി പട്ടികയിൽ ഭോജ്പുരി താരങ്ങളെയും ഉൾപ്പെടുത്തിയിരുന്നു. പവൻ സിങ്ങിന് പുറമേ രവി കിഷൻ, മനോജ് തിവാരി, ദിനേഷ് ലാൽ യാദവ് തുടങ്ങിയ ഭോജ്പുരി താരങ്ങളാണ് പട്ടികയിൽ ഉണ്ടായിരുന്നത്.

സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ, പവൻസിങ്ങിന്റെ ഗാനങ്ങളിൽ സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നുവെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. ബിജെപിയുടെ അസൻസോൾ ലോക്സഭാ സ്ഥാനാർത്ഥിയുടെ സൃഷ്ടികൾ കണ്ട് അപമാനത്താൽ തന്റെ തലതാഴ്ന്നുപോവുന്നുവെന്ന് കോൺഗ്രസ് നേതാവ് അഭിഷേക് മനു സിംഘ്വി എക്സിൽ കുറിച്ചിരുന്നു. ജനാധിപത്യത്തിന്റെ അന്ത്യനാളുകൾ വളരെ അടുത്താണെന്നും അദ്ദേഹം വിമർശിച്ചിരുന്നു.

അഭിഷേക് സിംഘ്വിക്ക് പുറമേ, അസൻസോൾ മുൻ എംപിയും തൃണമൂൽ കോൺഗ്രസ് മന്ത്രിസഭയിലെ അംഗവുമായ ബാബുൽ സുപ്രിയോയും രംഗത്തെത്തിയിരുന്നു. ബംഗാളി സ്ത്രീകളെ ഗാനങ്ങളിലും ചിത്രങ്ങളിലും മോശമായി ചിത്രീകരിക്കുന്നുവെന്നായിരുന്നു ബാബുൽ സുപ്രിയോയുടെ ആരോപണം.

ബോളിവുഡ് താരമായ ശത്രുഘ്നൻ സിൻഹയാണ് നിലവിൽ അസൻസോൾ എംപി. ബിജെപി. എംപിയായിരുന്ന ബാബുൽ സുപ്രിയോ രാജിവെച്ച് തൃണമൂൽ കോൺഗ്രസിൽ ചേർന്ന ഒഴിവിലേക്ക് നടന്ന തിരഞ്ഞെടുപ്പിലാണ്, തൃണമൂൽ ടിക്കറ്റിൽ ശത്രുഘ്നൻ സിൻഹ ഇവിടെ വിജയിക്കുന്നത്.

സന്ദേശ്ഖലി ഉയർത്തി സംസ്ഥാനത്ത് മുന്നേറ്റം ആഗ്രഹിക്കുന്ന ബിജെപി, പവൻസിങ്ങിനെ സ്ഥാനാർത്ഥിയാക്കുന്നത് സെൽഫ് ഗോളായിരിക്കുമെന്ന വിലയിരുത്തലുണ്ടായിരുന്നു. 42 മണ്ഡങ്ങളുള്ള സംസ്ഥാനത്ത് 20 സീറ്റുകളിലേക്കാണ് ബിജെപി. ആദ്യഘട്ടത്തിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്.