ഭോപ്പാൽ: പാർട്ടി നേതൃത്വത്തെ നിരന്തരം പ്രതിരോധത്തിലാക്കുന്ന വിവാദ നേതാക്കളും മണ്ഡലങ്ങളിൽ സജീവമാകാത്തവരുമായ സിറ്റിങ് എംപിമാരെ പടിക്ക് പുറത്തുനിർത്തിയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർത്ഥിപട്ടിക ബിജെപി നേതൃത്വം പുറത്തുവിട്ടത്. മധ്യപ്രദേശിൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് മത്സരത്തിനായി ബിജെപി സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചപ്പോൾ പുറത്തായതിൽ പ്രമുഖ വിവാദ നേതാവ് പ്രഗ്യ സിങ് ഠാക്കൂറായിരുന്നു.

ഭോപ്പാൽ സിറ്റിങ് എംപിയായിരുന്ന പ്രഗ്യാ സിങിന്റെ പല പരാമർശങ്ങളും ഇടപെടലുകളും പാർട്ടി നേതൃത്വത്തെ പലപ്പോഴും മുൾമുനയിൽ നിർത്തിയിരുന്നു. മധ്യപ്രദേശിലെ 29 മണ്ഡലങ്ങളിലേക്ക് 24 ഇടത്തും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചപ്പോൾ സിറ്റിങ് എംപിമാരിൽ ആറ് പേർക്കാണ് സീറ്റ് നിഷേധിച്ചത്.

2019-ൽ 28 സീറ്റുകളും ബിജെപി നേടിയിട്ടും ഇത്തവണ പുതുമുഖങ്ങളെ പരീക്ഷിക്കാൻ തയ്യാറായത് നിയമസഭാ തെരഞ്ഞെടുപ്പിലെ വൻ വിജയത്തിന്റെ കൂടി ധൈര്യത്തിലാണ്. അതേസമയം, മുൻ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയ്ക്കും ടിക്കറ്റ് നൽകാൻ ബിജെപി മറന്നില്ല.

സംസ്ഥാനത്തെ ബിജെപി കോട്ടയായ വിദിഷയിൽ നിന്നാണ് ശിവരാജ് സിങ് ചൗഹാൻ ജനവിധി തേടുന്നത്. കേന്ദ്ര നേതൃത്വത്തിനോടും പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷൻ ജെപി നദ്ദ, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് എന്നിവരോട് നന്ദിയുള്ളവനാണെന്ന് ചൗഹാൻ മാധ്യമങ്ങളോട് പറഞ്ഞു. മധ്യപ്രദേശിലെ 29 ലോക്സഭാ സീറ്റുകളിലും ബിജെപി വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

1991ൽ അടൽ ബിഹാരി വാജ്പേയിയും 2009ലും 2014ലും മുൻ കേന്ദ്രമന്ത്രി സുഷമ സ്വരാജും ഇവിടെ നിന്ന് വിജയിച്ചു. ഗുണയിൽ നിന്നാണ് ജ്യോതിരാദിത്യ സിന്ധ്യ മത്സരിക്കുക. ചൗഹാന്റെ വിശ്വസ്തരായ നാല് പേർക്ക് ടിക്കറ്റ് ലഭിച്ചു. ഭോപ്പാൽ മുൻ മേയർ അലോക് ശർമ്മ ഭോപ്പാലിൽ നിന്നും സംസ്ഥാന കിസാൻ മോർച്ച തലവൻ ദർശൻ സിങ് ചൗധരി ഹോഷംഗബാദിൽ നിന്നും മത്സരിക്കും.

മധ്യപ്രദേശിൽ പതിനാറര വർഷത്തോളം (16.5) മുഖ്യമന്ത്രിയായിരുന്ന ശിവരാജ് ചൗഹാന് ഇക്കുറി മുഖ്യമന്ത്രിസ്ഥാനം നൽകിയിരുന്നില്ല. പകരം കേന്ദ്ര രാഷ്ട്രീയത്തിലേക്ക് അദ്ദേഹത്തെ കൊണ്ടുപോവുകയാണ് ബിജെപി നേതൃത്വം. ചൗഹാൻ ജയിക്കുമെന്ന കാര്യത്തിൽ എതിരാളികൾക്ക് പോലും സംശയമില്ല. കാരണം 2006 മുതൽ ബുധിനി എന്ന മണ്ഡലത്തിൽ നിന്നും എംഎൽഎ ആയിരുന്നു. അതിന് മുൻപ് 1990 മുതൽ 1991 വരെയും എംഎൽഎ ആയിരുന്നു.

കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് വന്നതിന് ശേഷം ഇപ്പോൾ കേന്ദ്ര വ്യോമയാനമന്ത്രിയായ ജ്യോതിരാദിത്യ സിന്ധ്യ ഇക്കുറി ബിജെപി ടിക്കറ്റിൽ മത്സരിക്കും. മധ്യപ്രദേശിലെ ഗുണ മണ്ഡലത്തിൽ നിന്നാണ് ജ്യോതിരാദിത്യ സിന്ധ്യ മത്സരിക്കുക. 2019ൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച ജ്യോതിരാദിത്യ സിന്ധ്യയെ ബിജെപി തോൽപിച്ചിരുന്നു. 2002 മുതൽ ജ്യോതിരാദിത്യ സിന്ധ്യ സ്ഥിരം ജയിക്കുന്ന മണ്ഡലമായിരുന്നിട്ടും 2019ൽ ബിജെപിയുടെ കൃഷ്ണപാൽ സിങ്ങ് യാദവിൽ നിന്നും തോൽവി ഏറ്റുവാങ്ങേണ്ടി വന്നു. 1999 മുതൽ ജ്യോതിരാദിത്യസിന്ധ്യയുടെ അച്ഛൻ മാധവ് റാവു സിന്ധ്യ വിജയിച്ച മണ്ഡലമാണ്.

34 കേന്ദ്ര-സംസ്ഥാന മന്ത്രിമാരും ലോക്സഭാ സ്പീക്കറും രണ്ട് മുൻ മുഖ്യമന്ത്രിമാരും 28 വനിതാ സ്ഥാനാർത്ഥികളും ഉൾപ്പെടുന്നതാണ് ബിജെപിയുടെ ആദ്യഘട്ട പട്ടിക. 50 വയസ്സിന് താഴെയുള്ള 47 സ്ഥാനാർത്ഥികളാണ് ബിജെപിയുടെ ആദ്യ പട്ടികയിൽ ഉള്ളത്. പട്ടികജാതി വിഭാഗത്തിൽപ്പെട്ട 27 പേരും പട്ടികവർഗ വിഭാഗത്തിൽപ്പെട്ട 18 പേരും ഒബിസി വിഭാഗത്തിൽപ്പെട്ട 57 പേരും സ്ഥാനാർത്ഥികളായി ഉണ്ട്.

195 ലോക്സഭാ സ്ഥാനാർത്ഥികളുടെ ആദ്യ പട്ടികയാണ് ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് വെച്ച് ബിജെപി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്‌ഡെ പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയിലും ആഭ്യന്തരമന്ത്രി അമിത് ഷാ ഗാന്ധിനഗറിലും പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ലഖ്നൗവിലും മത്സരിക്കും.