കോട്ടയം: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള രണ്ട് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ ബി.ഡി.ജെ.എസ്. നേതൃത്വം പ്രഖ്യാപിച്ചു. കോട്ടയത്ത് ബി.ഡി.ജെ.എസ്. സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. എൻ.ഡി.എയിൽ പാർട്ടിക്ക് അനുവദിച്ച നാലു സീറ്റിൽ രണ്ടിടത്തേക്കാണ് സ്ഥാനാർത്ഥി പ്രഖ്യാപനം. നേരത്തെ മുന്നണിയിൽ ബിജെപി. 12 ഇടത്ത് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു.

ചാലക്കുടി, മാവേലിക്കര, കോട്ടയം, ഇടുക്കി മണ്ഡലങ്ങളിലാണ് ബി.ഡി.ജെ.എസ്. മത്സരിക്കുക. ഇതിൽ ചാലക്കുടിയിലും മാവേലിക്കരയിലുമാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. ചാലക്കുടിയിൽ കെ.എ. ഉണ്ണികൃഷ്ണനും മാവേലിക്കരയിൽ ബൈജു കലാശാലയും മത്സരിക്കും. മറ്റു രണ്ടു സീറ്റുകളിൽ രണ്ടുദിവസത്തിനകം സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്ന് തുഷാർ വെള്ളാപ്പള്ളി അറിയിച്ചു.

റബ്ബർബോർഡ് വൈസ് ചെയർമാനാണ് കെ.എ. ഉണ്ണികൃഷ്ണൻ. കെ.പി.എം.എസ്. നേതാവായിരുന്നു ബൈജു കലാശാല. നേരത്തെ ഇവിടെ സ്വതന്ത്രനെ പരീക്ഷിക്കാൻ ആലോചിച്ചിരുന്നെങ്കിലും പാർട്ടി ചിഹ്നത്തിൽതന്നെ ബിജെപിക്കും സ്വീകാര്യനായ വ്യക്തിയെ നിർത്താൻ പിന്നീട് തീരുമാനിക്കുകയായിരുന്നു.

കഴിഞ്ഞതവണ മത്സരിച്ച വയനാട്, ആലത്തൂർ മണ്ഡലങ്ങൾ ബിജെപി.ക്കു നൽകിയാണ് കോട്ടയവും ചാലക്കുടിയും നേടിയത്. കോട്ടയത്ത് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി മത്സരിച്ചേക്കുമെന്ന് സൂചനയുണ്ട്. ഇടുക്കിയിൽ ക്രിസ്ത്യൻവിഭാഗത്തിൽനിന്നുള്ളയാളെ നിർത്താനാണ് ആലോചന. പാർട്ടിഅംഗത്വം സ്വീകരിച്ച മുൻ എംഎ‍ൽഎ. മാത്യു സ്റ്റീഫനെയും പരിഗണിക്കുന്നുണ്ട്. സംഘടനയുടെ വൈസ് പ്രസിഡന്റ് കെ. പത്മകുമാറിനും സാധ്യതയുണ്ട്.