ചെന്നൈ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് നടൻ കമൽഹാസൻ. ചെന്നൈയിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ്, മത്സരിക്കാനില്ലെന്ന് കമൽഹാസൻ വ്യക്തമാക്കിയത്. അതേസമയം, ഡിഎംകെ സഖ്യത്തിന്റെ താരപ്രചാരകനായി ഇത്തവണ കമൽഹാസൻ രംഗത്തുണ്ടാകും. പകരം അടുത്ത വർഷം ഒഴിവുവരുന്ന രാജ്യസഭാ സീറ്റ് കമൽഹാസനു നൽകാമെന്നാണ് ധാരണ.

ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടൻ കമൽഹാസന്റെ മക്കൾ നീതി മയ്യം (എം.എൻ.എം.) പാർട്ടി ഡി.എം.കെ. സഖ്യത്തിൽ ചേർന്നതോടെയാണ് തീരുമാനം. 2025-ലെ രാജ്യസഭാ തിരഞ്ഞെടുപ്പിൽ എം.എൻ.എമ്മിന് ഒരു സീറ്റ് വാഗ്ദാനം ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. ഡി.എം.കെ. അധ്യക്ഷനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിനും കമൽഹാസനും തമ്മിൽ നടന്ന ചർച്ചയിലാണ് തീരുമാനമായത്. ഡി.എം.കെ. ആസ്ഥാനമായ അണ്ണാ അറിവാലയത്തിലായിരുന്നു ചർച്ച.

രാജ്യത്തിനു വേണ്ടി ഡി.എ.കെ. സഖ്യത്തിൽ ചേർന്നുവെന്ന് കമൽഹാസൻ ചെന്നൈയിൽ മാധ്യമങ്ങളോടു പ്രതികരിച്ചു. എം.എൻ.എം. ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്നും എന്നാൽ, എല്ലാവിധ പിന്തുണയും ഡി.എം.കെ. സഖ്യത്തിന് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"ഞാനും എന്റെ പാർട്ടിയും ഈ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ല. എന്നാൽ സഖ്യത്തിനു വേണ്ട എല്ലാ പിന്തുണയും നൽകും. ഞങ്ങൾ കൈകോർത്തത് ഏതെങ്കിലും പദവിക്കു വേണ്ടിയല്ല, രാജ്യത്തിനു വേണ്ടിയാണ്." കമൽഹാസൻ പറഞ്ഞു.

കമൽഹാസന്റെ നേതൃത്വത്തിലുള്ള മക്കൾ നീതി മയ്യം ഡിഎംകെ സഖ്യത്തിൽ ഔദ്യോഗികമായി ചേരുന്നതിന്റെ ഭാഗമായിട്ടായിരുന്നു കൂടിക്കാഴ്ച. ബിജെപിയെ പരാജയപ്പെടുത്തുക എന്ന പൊതുലക്ഷ്യത്തോടെയാണ് ഡിഎംകെ നയിക്കുന്ന മുന്നണി ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ആദ്യമായാണ് ഡിഎംകെയുമായി എംഎൻഎം സഖ്യത്തിലേർപ്പെടുന്നത്.

രാഷ്ട്രീയ സഖ്യത്തിനായുള്ള ചർച്ചകൾ നടക്കുന്നുണ്ടെന്ന് കമൽഹാസൻ നേരത്തെ സൂചിപ്പിച്ചിരുന്നു. രാജ്യത്തിന്റെ നന്മയ്ക്ക് മുൻഗണന നൽകുന്ന ഏതു ഗ്രൂപ്പിനെയും എംഎൻഎം പിന്തുണയ്ക്കുമെന്നും കമൽ വ്യക്തമാക്കിയിരുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെങ്കിലും ഡിഎംകെയുമായി ഒത്ത് 'മക്കൾ നീതി മയ്യം' പ്രവർത്തിച്ചുപോകും. ഇതിലും ഔദ്യോഗികമായ സ്ഥിരീകരണം വന്നുകഴിഞ്ഞു. ഡിഎംകെയ്ക്ക് വേണ്ടി ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കമൽഹഗസ്സൻ താരപ്രചാരകനാകും. എല്ലാ മണ്ഡലങ്ങളും പ്രചാരണത്തിനായി കമൽഹാസൻ എത്തും.

ഡിഎംകെയുമായി ചേർന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കമൽഹാസൻ മത്സരിക്കുമെന്ന തരത്തിൽ വലിയ രീതിയിൽ പ്രചരണങ്ങളുണ്ടായിരുന്നു. ഏറെ ചർച്ചകളും ഇത് സംബന്ധിച്ച് ഡിഎംകെയും മക്കൾ നീതി മയ്യവും തമ്മിലുണ്ടായിരുന്നു.ഡിഎംകെയ്ക്ക് ഒപ്പം തന്നെയായിരിക്കും മക്കൾ നീതി മയ്യമെന്ന സൂചന നേരത്തെ തന്നെ ലഭ്യമായിരുന്നു. എന്നാൽ കമൽഹാസന്റെ മത്സരം സംബന്ധിച്ച സ്ഥിരീകരണമാണ് ലഭിക്കാതിരുന്നത്.