- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൃശ്ശൂർ എടുക്കാനല്ല, ദാസനായി പ്രവർത്തിക്കാനാണ് ഇവിടെ വന്നതെന്ന് കെ. മുരളീധരൻ
തൃശ്ശൂർ: ഈ തിരഞ്ഞെടുപ്പ് കൗരവ-പാണ്ഡവ യുദ്ധംപോലെയെന്ന് തൃശ്ശൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ. മുരളീധരൻ. ധർമയുദ്ധത്തിൽ എതിർപക്ഷത്തുള്ളവർ ബന്ധുക്കളല്ല. ലീഡർ അന്ത്യവിശ്രമം കൊള്ളുന്ന മണ്ണിൽ വർഗീയതയ്ക്ക് സ്ഥാനമില്ലെന്ന് യുഡിഎഫ് തെളിയിക്കുമെന്നും മുരളീധരൻ പറഞ്ഞു.സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം ശനിയാഴ്ച തൃശ്ശൂരിലെത്തിയ മുരളീധരന് കോൺഗ്രസ് നേതാക്കൾ വമ്പൻ സ്വീകരണമാണ് നൽകിയത്.
തുറന്ന ജീപ്പിൽ പ്രവർത്തകരെ അദ്ദേഹം അഭിവാദ്യം ചെയ്തു. ടി.എൻ പ്രതാപനും മുരളീധരനൊപ്പം ഉണ്ടായിരുന്നു. കെ.കരുണാകരൻ അന്ത്യവിശ്രമം കൊള്ളുന്ന മുരളീമന്ദിരത്തിലെത്തി പ്രാർത്ഥിച്ച ശേഷമാണ് കെ.മുരളീധരൻ പ്രചാരണം ആരംഭിച്ചത്.
ഈ സീറ്റ് നിലനിർത്താനും വർഗീയതയെ ഈ മണ്ണിൽനിന്ന് തുടച്ചുനീക്കാനുമുള്ള പോരാട്ടമാണ് തൃശ്ശൂരിലേത്. ലീഡർ അന്ത്യവിശ്രമം കൊള്ളുന്ന ഈ മണ്ണിൽ വർഗീയതയ്ക്ക് സ്ഥാനമില്ലെന്ന് യുഡിഎഫ് തെളിയിക്കും, മുരളീധരൻ പറഞ്ഞു. തൃശ്ശൂർ എടുക്കാനല്ല, തൃശ്ശൂരിന്റെ ദാസനായി പ്രവർത്തിക്കാനാണ് ഇവിടെ വന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വടകര എംപിയായിരുന്ന കെ.മുരളീധരനെ പത്മജ വേണുഗോപാലിന്റെ ബിജെപിയിലേക്കുള്ള കൂടുമാറ്റത്തിന് പിന്നാലെയാണ് കെ.കരുണാകരന്റെ തട്ടകമായിരുന്ന തൃശൂരിലേക്ക് കോൺഗ്രസ് നിയോഗിച്ചത്. പാലക്കാട് എംഎൽഎ ഷാഫി പറമ്പിൽ വടകരയിൽ മുരളീധരന് പകരക്കാരനാകും. കോൺഗ്രസിന്റെ കേരളത്തിലെ സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നോടെ തെരഞ്ഞെടുപ്പ് ചിത്രം ഏറെക്കൂറെ പൂർണമായും തെളിഞ്ഞു കഴിഞ്ഞു. തൃശൂരിൽ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിയെയും എൽഡിഎഫ് സ്ഥാനാർത്ഥി വി എസ് സുനിൽകുമാറിനെയുമാകും കെ.മുരളീധരൻ നേരിടുക.
കോൺഗ്രസ് നേതാവും കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാൽ കഴിഞ്ഞ ദിവസം ബിജെപിയിൽ ചേർന്നതിന് പിന്നാലെയാണ് മുരളീധരൻ തൃശ്ശൂരിൽ മത്സരിക്കുന്നത്. കെ. കരുണാകരന്റെ തട്ടകമായിരുന്ന തൃശ്ശൂരിൽ അദ്ദേഹത്തിന്റെ മകളെ കളത്തിലിറക്കി നേട്ടമുണ്ടാക്കാനുള്ള ബിജെപിയുടെ ശ്രമങ്ങൾക്ക് കെ. മുരളീധരനിലൂടെ മറുപടി നൽകാനാണ് കോൺഗ്രസിന്റെ ശ്രമം.