ന്യൂഡൽഹി: ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിലെത്തുന്നു. മാർച്ച് 15 ന് പാലക്കാട് റോഡ് ഷോയിൽ പ്രധാനമന്ത്രി പങ്കെടുക്കും. എൻഡിഎ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം ഇത് ആദ്യമായാണ് പ്രധാനമന്ത്രി കേരളത്തിൽ എത്തുന്നത്.

പാലക്കാട്, ആലത്തൂർ മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കുന്നതിനാണ് പ്രധാനമന്ത്രി എത്തുന്നത്. തങ്ങളുടെ എ പ്ലസ് മണ്ഡലമായി എൻ.ഡി.എ. കണക്കാക്കുന്ന പാലക്കാട്ട് ബിജെപി. വിജയസാധ്യത കാണുന്നുണ്ട്.

പാലക്കാട്, മലമ്പുഴ, ഷൊർണൂർ, കോങ്ങാട് തുടങ്ങിയ മണ്ഡലങ്ങളിൽ ഇത്തവണ വലിയ വോട്ടുവർധന ഉണ്ടാകുമെന്നാണ് നേതൃത്വം പ്രതീക്ഷിക്കുന്നത്. എൻ.ഡി.എ. ആദ്യം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നതും പാലക്കാട്ടാണ്. പ്രചാരണത്തിലും ഇവിടെ മുന്നിലെത്തുകയാണ് ലക്ഷ്യം.

ആലത്തൂർ മണ്ഡലത്തിൽ എൻ.ഡി.എ. യുടെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. രേണു സുരേഷ്, ഷാജുമോൻ വട്ടേക്കാട് തുടങ്ങിയവരുടെ പേരുകളാണ് പൊതുചർച്ചയിൽ ഉള്ളതെങ്കിലും ഇവിടെ അപ്രതീക്ഷിത സ്ഥാനാർത്ഥിയെ കൊണ്ടുവരാനുള്ള ശ്രമം നടക്കുന്നുണ്ട്. അണിയറയിൽ ചർച്ചകൾ പുരോഗമിക്കികയാണ്. പ്രധാനമന്ത്രിയുടെ റോഡ് ഷോയ്ക്കുപുറമെയുള്ള പരിപാടികൾ ആസൂത്രണം ചെയ്തുവരികയാണ്.

ഫെബ്രുവരി 27നാണ് മോദി അവസാനമായി കേരളത്തിൽ എത്തിയത്. തിരുവനന്തപുരത്തും തൃശൂരിലുമായിരുന്നു മോദിയുടെ അവസാന രണ്ട് സന്ദർശനങ്ങൾ. കെ സുരേന്ദ്രന്റെ നേതൃത്വത്തിൽ നടത്തിയ കേരളപദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് മോദി തിരുവനന്തപുരത്ത് എത്തിയത്.

തൃശൂരിലെ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിനായും മോദി കേരളത്തിൽ വന്നിരുന്നു. ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് ശേഷമായിരുന്നു മോദി ഭാഗ്യ സുരേഷിന്റെ വിവാഹത്തിൽ പങ്കെടുത്തത്. അതിന് മുമ്പ് കൊച്ചിയിലെത്തിയ നരേന്ദ്ര മോദി റോഡ് ഷോ നടത്തുകയും കേന്ദ്രസർക്കാരിന്റെ വിവിധ പദ്ധതികൾക്ക് തുടക്കം കുറിക്കുകയും ചെയ്തിരുന്നു.