- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആന്ധ്രയിൽ ടിഡിപി ബിജെപി സഖ്യം, സീറ്റുകളിൽ ധാരണയായി
അമരാവതി: ലോക്സഭാ നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് വേദിയാകുന്ന ആന്ധ്രപ്രദേശിൽ എൻഡിഎയിലെ ഘടകകക്ഷികൾ തമ്മിൽ സീറ്റ് വിഭജനത്തിൽ ധാരണയിലെത്തി. തിങ്കളാഴ്ച അമരാവതിയിൽ നടന്ന മാരത്തൺ ചർച്ചയ്ക്കൊടുവിലാണ് സീറ്റ് സംബന്ധിച്ച് തീരുമാനമായത്. ധാരണപ്രകാരം ബിജെപി ആറ് ലോക്സഭാ സീറ്റുകളിലേക്കും പത്ത് നിയമസഭാ സീറ്റുകളിലേക്കുമാണ് മത്സരിക്കുക.
ടി.ഡി.പി 17 ലോക്സഭാ സീറ്റിലും 144 നിയമസഭാ സീറ്റിലും മത്സരിക്കും. പവൻ കല്ല്യാൻ നേതൃത്വം നൽകുന്ന ജനസേന രണ്ട് ലോക്സഭാ സീറ്റിലും 21 നിയമസഭാ സീറ്റിലും മത്സരിക്കും. ആകെയുള്ള 25 ലോക്സഭാ സീറ്റുകളിലേക്കും 175 നിയമസഭാ സീറ്റുകളിലേക്കുമാണ് മത്സരം നടക്കുന്നത്.
കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്ത് അടക്കമുള്ള മുതിർന്ന ബിജെപി നേതാക്കൾ ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡുവുമായും പവൻ കല്ല്യാണുമായും നടത്തിയ ചർച്ചയ്ക്കൊടുവിലാണ് സീറ്റുകൾ സംബന്ധിച്ച് ധാരണയായത്. മാർച്ച് ഒമ്പതിനായിരുന്നു ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡ സഖ്യം സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
രാജ്യത്തിന്റെ വികസന കുതിപ്പ് തുടരുന്നതിനും ആന്ധ്രപ്രദേശിലെ ജനങ്ങളുടേയും സംസ്ഥാനത്തിന്റേയും ഉയർച്ചയ്ക്കും വേണ്ടി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപിയും ടി.ഡി.പിയും ജനസേന പാർട്ടിയും ഒരുമിച്ച് നീങ്ങുമെന്നായിരുന്നു നേതാക്കളുടെ സംയുക്ത പ്രസ്താവന.
സീറ്റ് സംബന്ധിച്ച് ധാരണയായതോടെ മൂന്ന് പാർട്ടികളും ഒരുമിച്ച് മത്സരിക്കുന്ന തിരഞ്ഞെടുപ്പായും 2024 ലേത് മാറും. 2014 ൽ ടി.ഡി.പിയും ബിജെപിയും ഒരുമിച്ച് മത്സരിച്ചപ്പോൾ ജനസേന പുറത്ത് നിന്ന് പിന്തുണക്കുകയായിരുന്നു.
എൻ.ഡി.എ. സഖ്യത്തിലായിരുന്ന ടി.ഡി.പി കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പായി 2018-ലാണ് മുന്നണിവിട്ടത്. അന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായിരുന്നു നായിഡു. സംസ്ഥാനത്തിന് ലഭിക്കുന്ന സാമ്പത്തികസഹായത്തെച്ചൊല്ലിയുള്ള തർക്കമായിരുന്നു സഖ്യം പിരിയുന്നതിലേക്ക് നയിച്ചത്.