ന്യൂഡൽഹി: വയനാട്ടിൽ ബിജെപിയുടെ മുന്നണി സ്ഥാനാർത്ഥിയായി നുസറത്ത് ജഹാൻ എത്തുമോ? എൻഡിഎ മുന്നണിക്കായി വയനാട്ടിൽ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ(അത് വാല) മത്സരിക്കുമെന്നാണ് സൂചന. ഏതായാലും കേന്ദ്ര മന്ത്രിയായ രാംദാസ് അത് വാലയുടെ പാർട്ടി വയനാട്ടിലേക്ക് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു കഴിഞ്ഞു. രാഹുലിനെ അമേഠിയിൽ സ്മൃതി ഇറാനി തോല്പിച്ചത് പോലെ വയനാട്ടിൽ രാഹുൽ ഗാന്ധിയെ നുസറത്ത് ജഹാൻ പരാജയപ്പെടുത്തുമെന്ന് രാംദാസ് അത്വാല പറയുന്നു.

ഏറെക്കാലം കോൺഗ്രസിന്റെ സ്വന്തമായിരുന്ന അമേഠിയിൽ രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് മത്സരിച്ച് ജയിച്ച സ്ഥാനാർത്ഥിയാണ് സ്മൃതി ഇറാനി. അന്ന് വെല്ലുവിളിച്ചത് സ്മൃതി ഇറാനിയെങ്കിൽ ഇന്ന് വയനാട്ടിൽ രാഹുൽഗാന്ധിയെ തോൽപ്പിക്കാനെത്തുന്നത് റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയുടെ സ്ഥാനാർത്ഥി നുസ്രത്ത് ജഹാനാണ്-അത് വാല പറയുന്നു. കേരളത്തിലെ ബിജെപി നേതൃത്വം ഇതുവരെ വയനാട്ടിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. ബിജെപിയുടെ ദേശീയ വൈസ് പ്രസിഡന്റ് എപി അബ്ദുള്ളക്കുട്ടി വയനാട്ടിൽ മത്സരിക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. അതിനിടെയാണ് എൻഡിഎ മുന്നണിയിലെ ഒരു ഘടകകക്ഷി തീർത്തും അപ്രതീക്ഷിതമായി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നത്. ആർ.പി.ഐ ദേശീയ വൈസ് പ്രസിഡന്റാണ് മലയാളിയായ നുസ്രത്ത് ജഹാൻ.

റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ ദേശീയ സംഘടനാ ജനറൽ സെക്രട്ടറി ഡോ. രാജീവ്‌മേനോന്റെ സാന്നിധ്യത്തിലാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. എയർലൈൻ മേഖലയിൽ ജോലി ചെയ്തിരുന്ന നുസ്രത്ത് ജഹാൻ അടുത്തിടെയാണ് സജീവ രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് ഇറങ്ങിയത്. എയർ ഹോസ്റ്റസായിരുന്നു അവർ. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ കോഴിക്കോട് മണ്ഡലത്തിൽ നിന്ന് സ്വതന്ത്രരായി നുസ്രത്ത് ജഹാൻ മത്സരിച്ചിരുന്നു. ഇത്തവണ ആർപിഐയുടെ ബാനറിൽ വയനാട്ടിലും. ഏതായാലും അത് വാലയും അനുയായികളും ഈ സ്ഥാനാർത്ഥിത്വം ചർച്ചയാക്കുന്നത്.

ബിജെപി സ്ഥാപക നേതാക്കളിൽ ഒരാളായ മുരളി മനോഹർ ജോഷിയുടെ അനുഗ്രഹവുമായി വയനാട്ടിലെ ആർപിഐ സ്ഥാനാർത്ഥി നുസ്‌റത്ത് ജഹാൻ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ചു കഴിഞ്ഞു. ഡൽഹിയിലെ വസതിയിൽ വച്ചാണ് മുരളിമനോഹറുമായി കൂടിക്കാഴ്ച നടത്തിയത്. റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ ദേശീയ സംഘടനാ ജനറൽ സെക്രട്ടറി ഡോ. രാജീവ്‌മേനോന്റെ നിർദ്ദേശപ്രകാരമാണ് മുരളീമനോഹർ ജോഷിയുമായി നുസ്‌റത്ത് ജഹാൻ കൂടിക്കാഴ്ച നടത്തിയത്.

റിപ്പബ്ലിക്കൻ പാർട്ടിയുടെ കരുത്ത് തെളിയിക്കുന്ന പ്രചരണപരിപാടികളാണ് വയനാട്ടിൽ ലക്ഷ്യം വെക്കുന്നത്. രാഹുൽ ഗാന്ധിക്കെതിരെ ശക്തമായ വെല്ലുവിളി ഉയർത്തിക്കൊണ്ടായിരിക്കും നുസ്‌റത്ത് ജഹാന്റെ പോരാട്ടമെന്നും രാജീവ് മേനോൻ പറഞ്ഞു. കോഴിക്കോട് സ്വദേശിയും ദേശീയ രാഷ്ട്രീയത്തിൽ ശ്രദ്ധേയയായ വനിതാ നേതാവുമായ നുസ്‌റത്ത് ജഹാനെ വയനാട്ടിലെ ജനങ്ങൾ പിന്തുണക്കുമെന്ന് പൂർണ്ണവിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വയനാട്ടിലെ തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് തുടക്കം കുറിക്കാൻ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയുടെ കേരള ഘടകത്തിന്റ സംസ്ഥാന പ്രസിഡന്റ് പി ആർ സോംദേവ് നേതൃത്വം നൽകി. 501 അംഗ കമ്മിറ്റിയെ രൂപീകരിച്ച് കൊണ്ടാണ് പ്രചാരണങ്ങൾക്ക് തുടക്കമിടുന്നത്. പാർട്ടിയുടെ സംഘടനാ സെക്രട്ടറി ആർ സി രാജീവും മേൽനോട്ടവുമായി വയനാട് ഉണ്ടാകും.

രാഹുൽഗാന്ധി വയനാട്ടിൽ നിന്നും മാറേണ്ട സാഹചര്യം നിലവിലില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് രാഹുലിനെ വീണ്ടും വയനാട്ടിൽ മത്സരിപ്പിക്കാൻ കോൺഗ്രസ് നേതൃത്വം തീരുമാനിച്ചത്. സുരക്ഷിതമണ്ഡലം എന്ന നിലയ്ക്കാണ് രാഹുൽഗാന്ധിയോട് വയനാട്ടിൽ തന്നെ മത്സരിക്കണമെന്ന് സർവ്വേ ടീം അഭ്യർത്ഥിച്ചത്.