അമരാവതി: ആന്ധ്രപ്രദേശിൽ തിരിച്ചുവരവ് ലക്ഷ്യമിട്ട് പോരാട്ടത്തിന് ഇറങ്ങുന്ന ടി ഡി പി - ബിജെപി സഖ്യത്തിനൊപ്പം മത്സരിക്കുന്ന ജനസേന പാർട്ടി അധ്യക്ഷനും പ്രശസ്ത നടനുമായ പവൻ കല്യാണും തെരഞ്ഞെടുപ്പ് ഗോദയിലേക്ക്. ഇന്ന് ആന്ധ്രയിൽ പാർട്ടി നടത്തിയ ഒരു പൊതുയോഗത്തിലായിരുന്നു സൂപ്പർ താരത്തിന്റെ പ്രഖ്യാപനം.

ലോക്‌സഭ തെരഞ്ഞെടുപ്പിനൊപ്പം നടക്കുന്ന ആന്ധ്രപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിലാകും താരം മത്സരിക്കുക. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുദ്ദേശിക്കുന്ന മണ്ഡലവും പവൻ കല്യാൺ വെളിപ്പെടുത്തി. പിതാപുരം മണ്ഡലത്തിൽ നിന്നാകും ജനസേന പാർട്ടി അധ്യക്ഷൻ, ടി ഡി പി - ബിജെപി സഖ്യത്തിന് വേണ്ടി മത്സരിക്കുക. വ്യാഴാഴ്ച വൈകിട്ടോടെയാണ് സ്ഥാനാർത്ഥിത്വം സംബന്ധിച്ച വിവരങ്ങൾ താരം പുറത്തുവിട്ടത്.

ജനസേന പാർട്ടിയും ബിജെപിയും ചന്ദ്രശേഖർ നായിഡുവിന്റെ ടി ഡി പിയും ബിജെപി സഖ്യത്തിലാണ് ഇക്കുറി ലോക്സഭാ തെരഞ്ഞെടുപ്പിലും ആന്ധ്ര നിയമസഭ തെരഞ്ഞെടുപ്പിലും മത്സരിക്കുക.

ലയനചർച്ചകൾക്ക് പിന്നാലെ ലോക്സഭാ സീറ്റുകളും നിയമസഭാ സീറ്റുകളും വാഗ്ദാനം ചെയ്യപ്പെട്ടുവെങ്കിലും പവൻ കല്യാൺ നിയമസഭാ സീറ്റ് തിരഞ്ഞെടുക്കുകയായിരുന്നു എന്നാണ് വിവരം. ആന്ധ്രാപ്രദേശിൽ മൊത്തം 25 ലേക്സഭാ സീറ്റുകളും 175 അസംബ്ലി സീറ്റുകളുമാണ് ഉള്ളത്. പുറത്തുവന്നിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ജെ.എസ്‌പിക്ക് രണ്ട് ലോക്സഭാ സീറ്റുകളും 21 അസംബ്ലി സീറ്റുകളുമാണ് ലഭിച്ചിരിക്കുന്നത്.

ബിജെപിക്ക് ആറ് ലോക്സഭാ സീറ്റും 10 അസംബ്ലി സീറ്റും ലഭിച്ചു. ടി.ഡി.പിക്ക് 17 ലോക്സഭാ സീറ്റും 144 അസംബ്ലി സീറ്റുകളുമാണ് ലഭിച്ചിരിക്കുന്നത്. ചർച്ചയ്ക്ക് പിന്നാലെ മൂന്ന് പാർട്ടികളും ചേർന്ന് വാർത്താക്കുറിപ്പും പുറത്തുവിട്ടിട്ടുണ്ട്. ദീർഘവീക്ഷണമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ വിശ്വാസമുണ്ടെന്ന് വാർത്താക്കുറിപ്പിൽ പറയുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ 10 വർഷമായി രാജ്യത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുകയാണ്. ടി.ഡി.പിയും ജെ.എസ്‌പിയുമായി കൈകോർക്കുന്നതിലൂടെ അദ്ദേഹത്തിന്റ വികസന പ്രവർത്തനങ്ങളുടെ ഫലം ആന്ധ്രാപ്രദേശിനും ലഭിക്കും. ബിജെപിയുമായി ചേർന്നുള്ള ടി.ഡി.പിയുടെ യാത്ര തുടങ്ങിയിട്ട് ഏറെ വർഷങ്ങളായി. 1996-ലാണ് ടി.ഡി.പി. ബിജെപിയുടെ ഭാഗമായതെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.

2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ബിജെപിയും ടി.ഡി.പിയും ഒരുമിച്ചാണ് മത്സരിച്ചത്. മത്സരരംഗത്ത് ഇല്ലായിരുന്നുവെങ്കിലും അന്നും ജെ.എസ്‌പിയുടെ പിന്തുണ ബിജെപിക്കായിരുന്നുവെന്നും വാർത്താക്കുറിപ്പിൽ പറയുന്നു. ആന്ധ്രാപ്രദേശിലെ കാകിനാഡ ജില്ലയുടെ പരിധിയിൽ വരുന്ന മണ്ഡലമാണ് പവൻ മത്സരിക്കാൻ തിരഞ്ഞെടുത്തിരിക്കുന്ന പിതാപുരം. നിലവിൽ വൈ.എസ്.ആർ.സിയുടെ കൈയിലുള്ള മണ്ഡലമാണിത്.

തെലുങ്ക് സൂപ്പർസ്റ്റാർ ചിരഞ്ജീവിയുടെ സഹോദരൻ കൂടിയാണ് പവൻ കല്യാൺ. 2014-ൽ ജനസേന പാർട്ടി രൂപീകരിച്ചുവെങ്കിലും മത്സരിച്ചില്ല. 2019-ൽ മത്സരിച്ചുവെങ്കിലും ഒരുസീറ്റ് മാത്രമാണ് ജയിക്കാനായത്. അപ്പോഴും ഗാജുവാക, ഭീമവരം എന്നീ മണ്ഡലങ്ങളിൽ നിന്ന് ജനവിധി തേടിയ പവൻ വൈ.എസ്.ആർ.സി. സ്ഥാർനാർഥികളോട് പരാജയപ്പെടുകയാണ് ഉണ്ടായത്.