- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യം എല്ലാ അർത്ഥത്തിലും തെരഞ്ഞടുപ്പ് ചൂടിലേക്ക്
ന്യൂഡൽഹി: 18-ാമത് ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം നാളെ. പൊതു തെരഞ്ഞെടുപ്പിന്റെയും വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെയും വോട്ടെടുപ്പും വോട്ടെണ്ണലും അടക്കമുള്ള തീയതികൾ നാളെ ഉച്ചയ്ക്ക് മൂന്ന് മണിക്ക് പ്രഖ്യാപിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഇതോടെ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വരും. കശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പും നടക്കാൻ സാധ്യത ഏറെയാണ്.
തിയതികൾ സംബന്ധിച്ച തീരുമാനം തെരഞ്ഞെടുപ്പ് കമ്മിറ്റി കൈക്കൊണ്ടതിന് പിന്നാലെയാണ് ഇക്കാര്യമറിയിച്ചത്. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട തിരഞ്ഞെടുപ്പ് കമ്മിഷണർമാരായ ഗ്യാനേഷ് കുമാറും സുഖ്ബീർ സിങ് സന്ധുവും കൂടി പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. ആന്ധ്ര, അരുണാചൽ, സിക്കിം, ഒഡീഷ നിയമസഭാ തിരഞ്ഞെടുപ്പുകളും ഇതോടൊപ്പം പ്രഖ്യാപിക്കും. കാശ്മീരിൽ സാധ്യത മാത്രമാണ് ചർച്ചകളിലുള്ളത്.
മേയിൽ അവസാനിച്ച് ജൂണിൽ പുതിയ സർക്കാർ അധികാരമേൽക്കുന്ന തരത്തിലാകും തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളെന്നാണ് സൂചന. ഏഴ് ഘട്ടങ്ങളായാണ് 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടന്നത്. 96 കോടി 88 ലക്ഷം വോട്ടർമാരാണ് രാജ്യത്ത് ഇക്കുറി വോട്ടവകാശം രേഖപ്പെടുത്തുക. എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായാണ് സൂചന.
ലോക്‌സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ സംസ്ഥാനങ്ങൾ സന്ദർശിച്ചിരുന്നു. ഇത് പൂർത്തിയായതിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞടുപ്പ് തീയതി പ്രഖ്യാപിക്കാൻ തീരുമാനിച്ചത്. പുതിയ രണ്ടു തെരഞ്ഞെടുപ്പ് കമ്മീഷണർമാർ ഇന്ന് ചുമതലയേറ്റതോടെ തെരഞ്ഞെടുപ്പിന് സജ്ജമായതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിരുന്നു. കഴിഞ്ഞ തവണ മാർച്ച് പത്തിനാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. ഏപ്രിൽ 11ന് ആരംഭിച്ച് മെയ് പതിനൊന്ന് വരെ ഏഴ് ഘട്ടങ്ങളിലായിട്ടായിരുന്നു വോട്ടെടുപ്പ്. നിലവിലെ ലോക്‌സഭയുടെ കാലാവധി ജൂൺ പതിനാറിന് അവസാനിക്കും.
ഇത്തവണ ഘട്ടങ്ങൾ കുറച്ചുള്ള വോട്ടെടുപ്പാകും നടക്കുകയെന്നും സൂചനയുണ്ട്. രാജ്യം സമാധാനത്തിന്റെ പാതിയിലാണെന്ന സന്ദേശം നൽകാനായിരിക്കും ഇത്. എല്ലാ വശങ്ങളും പരിശോധിച്ചാകും വോട്ടെടുപ്പ്. മെയ് 15ഓടെ നടപടിക്രമങ്ങൾ പൂർത്തിയാകാനും സാധ്യതയുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 303 സീറ്റുകളാണ് ബിജെപി നേടിയത്. എൻഡിഎ മൊത്തം 353 സീറ്റുകൾ നേടി അധികാരം നിലനിർത്തുകയായിരുന്നു.
ഇത്തവണ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപെ തന്നെ 250 സ്ഥാനാർത്ഥികളെ ബിജെപി പ്രഖ്യാപിച്ചു കഴിഞ്ഞു. 82 സ്ഥാനാർത്ഥികളെയാണ് കോൺഗ്രസ് പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയിലും രാഹുൽ ഗാന്ധി വയനാട്ടിലും മത്സരിക്കും.