പത്തനംതിട്ട: എൻ.ഡി.എ. സ്ഥാനാർത്ഥി അനിൽ ആന്റണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പത്തനംതിട്ടയിൽ. സ്വാമിയേ ശരണമയ്യപ്പാ എന്നു വിളിച്ചാണ് പ്രധാനമന്ത്രി പൊതുയോഗത്തിൽ സംസാരം ആരംഭിച്ചത്. 'പത്തനംതിട്ടയിലെ എന്റെ സഹോദരീ സഹോദരന്മാരെ എല്ലാവർക്കും എന്റെ നമസ്‌കാരം' എന്ന് ജനങ്ങളെ മലയാളത്തിൽ അഭിസംബോധന ചെയ്തു.

സ്വാമിയേ ശരണമയ്യപ്പാ എന്നു വിളിച്ചാണ് പ്രധാനമന്ത്രി പൊതുയോഗത്തിൽ സംസാരം ആരംഭിച്ചത്. 'പത്തനംതിട്ടയിലെ എന്റെ സഹോദരീ സഹോദരന്മാരെ എല്ലാവർക്കും എന്റെ നമസ്‌കാരം' എന്ന് ജനങ്ങളെ മലയാളത്തിൽ അഭിസംബോധന ചെയ്തു. 'ഇത്തവണ നാനൂറിൽ അധികം..' സീറ്റുകൾ വേണമെന്നും മോദി മലയാളത്തിൽ ആവശ്യപ്പെട്ടു. സദസ്സിലിരുന്ന ബിജെപി അനുഭാവികൾ മോദിയുടെ വാക്കുകൾ ഏറ്റുപറയുകയും ചെയ്തു.

കേരളത്തിൽ ഇത്തവണ താമര വിരിയും എന്ന് പറഞ്ഞ പ്രധാനമന്ത്രി ഒരു തവണ കോൺഗ്രസ്, ഒരു തവണ എൽഡിഎഫ് എന്ന ചക്രം പൊളിക്കണം എന്നും കൂട്ടിച്ചേർത്തു. മലയാളത്തിലാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. ഇത്തവണ നാനൂറിലധികം സീറ്റുകൾ എൻഡിഎ നേടുമെന്ന് മോദി വ്യക്തമാക്കി. കേരളത്തിൽനിന്നുള്ള ബിജെപി എംപിമാരുടെ എണ്ണം രണ്ടക്കം കടക്കണമെന്നും മോദി ആവശ്യപ്പെട്ടു. കേരളത്തിലെ ജനങ്ങൾക്ക് യുവത്വത്തിന്റെ ഊർജം നൽകാൻ ആഗ്രഹിക്കുകയാണ്. പത്തനംതിട്ടയിലെ സ്ഥാനാർത്ഥി അനിൽ ആന്റണി യുവത്വത്തിന്റെ പ്രതീകമാണെന്നും അദ്ദേഹം പറഞ്ഞു.കെ സുരേന്ദ്രൻ, ശോഭ സുരേന്ദ്രൻ, പത്മജ വേണുഗോപാൽ എന്നീ നേതാക്കളുടെ സാന്നിദ്ധ്യം വേദിയിലുണ്ടായിരുന്നു

"കേരളത്തിൽ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും പേരുകേട്ട സർക്കാരുകളാണു മാറിമാറി വരുന്നത്. അതു കേരളത്തിന് എന്തുമാത്രം നഷ്ടമാണു വരുത്തിവയ്ക്കുന്നതെന്നു ജനങ്ങൾക്കറിയാം. കേരളത്തിലെ റബർ കർഷകർ എത്രമാത്രം ബുദ്ധിമുട്ടിലൂടെയാണു കടന്നുപോകുന്നത്. എന്നാൽ കേരളത്തിലെ എൽഡിഎഫും യുഡിഎഫും അതു കണ്ടില്ലെന്നു നടിച്ചിരിക്കുകയാണ്. കേരളത്തിലെ ക്രിസ്ത്യൻ പുരോഹിതർ പോലും ഇവരുടെ ആക്രമണത്തിന് ഇരയാകുന്നു. കേരളത്തിലെ എത്രയോ കോളജ് ക്യാംപസുകൾ കമ്യൂണിസ്റ്റുകാരുടെ താവളമായി മാറിയിരിക്കുന്നു. ഇവിടെ സ്ത്രീകളും യുവജനതയും ഭയപ്പെട്ടാണ് ജീവിക്കുന്നത്. ഈ ദുരവസ്ഥയിൽനിന്നു മോചനം വേണമെങ്കിൽ ഒരുവട്ടം എൽഡിഎഫ്, അടുത്തവട്ടം യുഡിഎഫ് എന്ന ചക്രം പൊളിക്കണം. ഇവിടെ എൽഡിഎഫും യുഡിഎഫും തമ്മിൽ പോരടിക്കുന്നു, കേന്ദ്രത്തിൽ ഇവർ ഒന്നാണ്" മോദി പറഞ്ഞു.

പത്തനംതിട്ടയിലെ പൊതുസമ്മേളന വേദിയിൽ എത്തിയ മോദിയെ ആറന്മുള കണ്ണാടി നൽകിയാണ് അനിൽ ആന്റണി സ്വീകരിച്ചത്. കഴിഞ്ഞു രണ്ടു മാസത്തിനിടെ ഇത് മൂന്നാം തവണയാണ് പ്രധാനമന്ത്രി കേരളത്തിലെത്തിയത്. ഇന്നു രാവിലെ തിരുവനന്തപുര വിമാനത്താവളത്തിൽ എത്തിയ മോദി കന്യാകുമാരിയിൽ നടന്ന പൊതുസമ്മേളനത്തിൽ പങ്കെടുത്തിരുന്നു. ഇവിടെനിന്നാണ് പത്തനംതിട്ടയിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ മോദി എത്തിയത്.

പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിന് സമീപമുള്ള മൈതാനിയിൽ ഹെലികോപ്റ്ററിൽ വന്നിറങ്ങിയ പ്രധാനമന്ത്രി 2.20 ഓടെ റോഡുമാർഗം പൊതുസമ്മേളനവേദിയായ പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ എത്തി. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം മോദി പങ്കെടുക്കുന്ന ആദ്യ പൊതുസമ്മേളനങ്ങളിലൊന്നാണ് പത്തനംതിട്ടയിൽ നടക്കുന്നത്.

11.45ഓടെ സംസ്ഥാന നേതാക്കളുടെ പ്രസംഗങ്ങൾ ആരംഭിച്ചിരുന്നു. അടുത്തിടെ ബിജെപി.യിൽ ചേർന്ന പി.സി ജോർജ്, പത്മജ വേണുഗോപാൽ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. പത്തനംതിട്ട, മാവേലിക്കര മണ്ഡലങ്ങളിലെ എൻ.ഡി.എ. സ്ഥാനാർത്ഥികളും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ നിന്നുള്ള പ്രവർത്തകരും എത്തിയിട്ടുണ്ട്.

മോദി എത്തുന്നതിന് മണിക്കൂറുകൾക്ക് മുമ്പുതന്നെ അദ്ദേഹത്തിന്റെ മുൻ പ്രസംഗങ്ങൾ മലയാളത്തിൽ വേദിയിൽ കേൾപ്പിച്ചു. നിർമ്മിത ബുദ്ധി (എ.ഐ.) അടിസ്ഥാനമാക്കിയാണ് ഹിന്ദിയിലുള്ള പ്രസംഗങ്ങൾ മലയാളത്തിലാക്കി വേദിയുടെ പിന്നിലെ സ്‌ക്രീനിൽ പ്രദർശിപ്പിച്ചത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ചടങ്ങുകളിൽ പങ്കെടുത്ത് മോദി പ്രസംഗിച്ചതടക്കമുള്ളതാണ് എ.ഐ.യിലൂടെ മലയാളത്തിലേക്ക് എത്തിയത്. ബിജെപി സർക്കാരിന്റെ നേട്ടങ്ങളായിരുന്നു പ്രസംഗങ്ങളുടെ ഉള്ളടക്കം.

പ്രധാനമന്ത്രിക്ക് ആവേശോജ്ജ്വല സ്വീകരണമാണ് പത്തനംതിട്ടയിലെ ജനങ്ങൾ നൽകിയത്. മോദി..മോദി വിളികളോട് കൂടിയാണ് അദ്ദേഹത്തെ സ്റ്റേഡിയത്തിലേക്ക് ആനയിച്ചത്. പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർത്ഥി അനിൽ ആന്റണിക്ക് പുറമേ മറ്റ് മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർത്ഥികളായ കേന്ദ്രമന്ത്രി വി. മുരളീധരൻ, ശോഭാ സുരേന്ദ്രൻ, ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ, സംസ്ഥാനത്തിന്റെ ചുമതലയുള്ള നേതാവ് പ്രകാശ് ജാവദേക്കർ അടക്കം വേദിയിൽ സന്നിഹിതരായിരുന്നു.