ന്യൂഡൽഹി: പൗരത്വനിയമം, അയോധ്യയിലെ രാമക്ഷേത്രം, ജമ്മു-കശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കിയ നടപടി, തിരഞ്ഞെടുപ്പു ബോണ്ട്.. വിഷയങ്ങളെല്ലാം റെഡി. ഇനി അറിയേണ്ടത് തീയതികൾ. വികസന അജണ്ടയും ഹിന്ദുത്വ രാഷ്ട്രീയവും ചർച്ചയാക്കി തുടർ രാജ്യ ഭരണമാണ് ബിജെപിയുടെ ലക്ഷ്യം. അഴിമതിയും വർഗ്ഗീയതയും ചർച്ചയാക്കി അട്ടിമറിയാണ് പ്രതിപക്ഷ നീക്കം ലക്ഷ്യമിടുന്നത്. ഇന്ന് പെരുമാറ്റ ചട്ടം നിലവിൽ വരും. ഇതോടെ എല്ലാ അർത്ഥത്തിലും രാജ്യം തിരഞ്ഞെടുപ്പ് ചൂടിലാകും.

ലോക്സഭാ തിരഞ്ഞെടുപ്പിന് ശനിയാഴ്ച തീയതി ആകും. വൈകീട്ട് മൂന്നിന് വിജ്ഞാൻ ഭവനിൽ പത്രസമ്മേളനത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ തീയതികൾ പ്രഖ്യാപിക്കും. ലോക്സഭയ്‌ക്കൊപ്പം അരുണാചൽ പ്രദേശ്, ആന്ധ്രപ്രദേശ്, ഒഡിഷ, സിക്കിം നിയമസഭകളിലേക്കും തിരഞ്ഞെടുപ്പ് നടക്കും. ജമ്മുകശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമോ എന്നതിൽ ആകാംക്ഷ തുടരുന്നു. സാധ്യത ഏറെയാണ്.

മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാർ, വെള്ളിയാഴ്ച ചുമതലയേറ്റ കമ്മിഷണർമാരായ ഗ്യാനേഷ് കുമാർ, സുഖ്ബിർ സിങ് സന്ധു എന്നിവർ ചേർന്നാണ് തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കുക. 2019-ന് സമാനമായി ഏപ്രിൽ മധ്യത്തിൽ തുടങ്ങി മെയ്‌ മധ്യത്തിൽ അവസാനിക്കുന്ന രീതിയിലായിരിക്കും വോട്ടെടുപ്പ്. മെയ്‌ അവസാനവാരമായിരിക്കും വോട്ടെണ്ണൽ. സുരക്ഷാ കാര്യങ്ങൾ അടക്കം കമ്മീഷൻ ചർച്ച ചെയ്തിട്ടുണ്ട്. മെയ്‌ പകുതിയിൽ വോട്ടെടുപ്പ് ഫലവും വരും.

അഞ്ച് ഘട്ടങ്ങളിൽ അധികമായി ഇത്തവണ തിരഞ്ഞെടുപ്പ് നടത്താനാണ് നീക്കം. പ്രഖ്യാപനം നടത്തി 60 ദിവസത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കും. കേരളത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് നടക്കും. കഴിഞ്ഞ തവണ ഏപ്രിൽ 11ന് തുടങ്ങി മെയ്‌ 19 വരെ ഏഴ് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടന്നത്. മെയ് 23ന് ഫല പ്രഖ്യാപനവും നടത്തിയിരുന്നു.

ഏതായാലും ഇത്തവണ ഏഴു ഘട്ട വോട്ടിങ് ഉണ്ടാകില്ലെന്നാണ് സൂചന. സംസ്ഥാനത്തിന്റെ വിസ്തൃതി, സുരക്ഷ, പ്രശ്‌നബാധിത മണ്ഡലങ്ങളുടെ എണ്ണം, ഉദ്യോഗസ്ഥരുടെ വിന്യാസം തുടങ്ങിയ വിഷയങ്ങൾ മുൻനിർത്തിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. കേന്ദ്ര സുരക്ഷാ സേനയുടെ സേവനം കമ്മീഷന് വിട്ടു കിട്ടിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ അക്രമ രഹിത വോട്ടെടുപ്പ് ഉറപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ. വോട്ടർ യന്ത്രങ്ങളിലെ ഹർജികൾ സുപ്രീംകോടതി തള്ളിയതും ആശ്വാസമാണ്.

ലോക്സഭയുടെ 543 മണ്ഡലങ്ങളാണ് ജനവിധി തേടുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന സമയംമുതൽ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വരും. നിലവിലുള്ള ലോക്സഭയുടെ കാലാവധി ജൂൺ 16-ന് അവസാനിക്കും. പ്രചാരണത്തിൽ അന്തസ്സും മാന്യതയും പാലിക്കണമെന്ന് കഴിഞ്ഞദിവസം കമ്മിഷൻ രാഷ്ട്രീയപ്പാർട്ടികളോട് ആവശ്യപ്പെട്ടിരുന്നു.

ആരാധനാലയങ്ങളെ പ്രചാരണകേന്ദ്രങ്ങളാക്കരുതെന്നും നിർദ്ദേശിച്ചിരുന്നു. ഇതെല്ലാം നിരീക്ഷിക്കാനും സംവിധാനമുണ്ടാകും.