- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മണ്ഡ്യ കൈവിടാതെ ബിജെപി, മൂന്ന് സീറ്റിലുറച്ച് കുമാരസ്വാമി
ബെംഗളൂരു: ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിട്ടും കർണാടകയിൽ ബിജെപി - ജെഡിഎസ് സീറ്റ് വിഭജനം കീറാമുട്ടിയായി തുടരുന്നു. മൂന്ന് സീറ്റ് വേണമെന്ന നിലപാടിലുറച്ച് ജെഡിഎസ് നേതൃത്വം രംഗത്ത് വന്നതോടെ ബിജെപി തൃശങ്കുവിലാണ്. മണ്ഡ്യ, ഹാസൻ, കോലാർ എന്നീ സീറ്റുകളാണ് ജെഡിഎസ് ആവശ്യപ്പെടുന്നത്. ഈ സീറ്റുകൾ തന്നേ തീരൂവെന്ന കടുംപിടുത്തത്തിലാണ് എച്ച്ഡി കുമാരസ്വാമി. മണ്ഡ്യ ലഭിച്ചാൽ അവിടെ കുമാരസ്വാമി തന്നെ മത്സരിക്കാനാണ് നീക്കം. ഇക്കാര്യം ചൂണ്ടിക്കാട്ടി കുമാരസ്വാമി അമിത്ഷായുമായി കൂടിക്കാഴ്ച നടത്തി. എന്നാൽ കൂടിക്കാഴ്‌ച്ചയിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ലെന്നാണ് വിവരം.
മൂന്ന് സീറ്റെന്ന ആവശ്യത്തിൽ നിന്ന് ഒരു തരി പോലും പിന്നോട്ടില്ലെന്ന് കുമാരസ്വാമി വ്യക്തമാക്കി. അതേസമയം, മണ്ഡ്യ മണ്ഡലത്തിൽ സുമലതയ്ക്ക് സീറ്റ് നൽകാതിരുന്നാൽ അത് തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് ബിജെപി കേന്ദ്ര നേതൃത്വം. കുമാരസ്വാമി സീറ്റിൽ നിന്ന് പിന്നോട്ടുമില്ലെന്നുമുള്ള നിലപാടാണ് നിലവിൽ ബിജെപിയെ ത്രിശങ്കുവിലാക്കിയിരിക്കുന്നത്. ബംഗളൂരു റൂറൽ സീറ്റിൽ നിന്ന് ബിജെപി ടിക്കറ്റിൽ മത്സരിക്കുന്നത് ദേവഗൗഡയുടെ മരുമകൻ ഡോക്ടർ മഞ്ജുനാഥയാണ്. തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചിട്ടും സീറ്റുകളുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നത് ബിജെപിക്ക് വെല്ലുവിളിയാവുകയാണ്.
കർണാടകത്തിലെ മാണ്ഡ്യയിൽ നടിയും എംപി.യുമായ സുമലത അംബരീഷ് രണ്ടാംമത്സരത്തിനൊരുങ്ങുന്നതാണ് ബിജെപി.-ജെ.ഡി.എസ്. സഖ്യത്തെ കുരുക്കിലാക്കുന്നത്. കഴിഞ്ഞതവണ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചു ജയിച്ച സുമലത ഇത്തവണ ബിജെപി. ടിക്കറ്റിൽ മത്സരിക്കാമെന്ന പ്രതീക്ഷയിലായിരുന്നു. ബിജെപി.യുമായി സഖ്യമുണ്ടാക്കിയ ജെ.ഡി.എസിന് ശക്തിയുള്ള മണ്ഡലമാണിത്. അതിനാൽ, മണ്ഡലത്തിനായി ജെ.ഡി.എസ്. ശക്തമായി രംഗത്തുണ്ട്. നിലവിലെ എംപി.യായ സുമലത പിന്മാറാൻ തയ്യാറായില്ലെങ്കിൽ ബിജെപി. നേതൃത്വം സീറ്റുവിഭജന ചർച്ചയിൽ വിയർക്കും.
മാണ്ഡ്യ ജെ.ഡി.എസിന് നൽകി സുമലതയ്ക്ക് മറ്റൊരു മണ്ഡലം നൽകാൻ ബിജെപി. ആലോചിക്കുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ജെ.ഡി.എസ്. കോട്ടയായ മാണ്ഡ്യ ലോക്സഭാമണ്ഡലത്തിൽ ജെ.ഡി.എസിലെ യുവനേതാവായ നടൻ നിഖിൽ കുമാരസ്വാമിയെ 1,25,876 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സുമലത കഴിഞ്ഞതവണ തോൽപ്പിച്ചത്. ആദ്യം ജെ.ഡി.എസിനൊപ്പവും പിന്നീട് കോൺഗ്രസിനൊപ്പവുംനിന്ന നടൻ അംബരീഷ്, മൂന്നുതവണ പ്രതിനിധാനംചെയ്ത മണ്ഡലമാണ് മാണ്ഡ്യ.
അംബരീഷിന്റെ വിയോഗത്തിനുശേഷം നടന്ന തിരഞ്ഞെടുപ്പിൽ സുമലത സ്ഥാനാർത്ഥിയാകുകയായിരുന്നു. ബിജെപി.യും കോൺഗ്രസും സ്ഥാനാർത്ഥികളെ നിർത്താതെ സുമലതയെ പിന്തുണച്ചു. അംബരീഷിന്റെ വിയോഗം സൃഷ്ടിച്ച സഹതാപതരംഗവും സുമലതയ്ക്ക് തുണയായി. മാണ്ഡ്യയിൽ ജെ.ഡി.എസ്. അവകാശവാദമുന്നയിക്കുന്നുണ്ടെങ്കിലും പഴയപ്രതാപം പാർട്ടിക്ക് മണ്ഡലത്തിൽ ഇപ്പോഴില്ലെന്നതാണ് യാഥാർഥ്യം. മണ്ഡലത്തിൽ ആകെയുള്ള എട്ട് നിയമസഭാമണ്ഡലങ്ങളിൽ ഒന്നുമാത്രമാണ് ജെ.ഡി.എസിനൊപ്പമുള്ളത്. ആറെണ്ണം ജെ.ഡി.എസിൽനിന്ന് കോൺഗ്രസ് പിടിച്ചെടുത്തതാണ്. ഒരെണ്ണം കോൺഗ്രസ് പിന്തുണച്ച സർവോദയ കർണാടക പാർട്ടിയും ഒന്ന് ബിജെപി.യും പിടിച്ചെടുത്തു. പക്ഷേ, വൊക്കലിഗ ഹൃദയഭൂമിയിൽ തങ്ങൾക്കിപ്പോഴും ശക്തിയുണ്ടെന്നാണ് ജെ.ഡി.എസിന്റെ വാദം.
അതേസമയം, 543 ലോക്‌സഭാമണ്ഡലങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പിന്റെ തിയ്യതി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. രാജ്യത്താകെ 7 ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. ഏപ്രിൽ 19 ന് ആദ്യഘട്ടം വോട്ടെടുപ്പ് നടക്കും. രണ്ടാം ഘട്ടത്തിൽ ഏപ്രിൽ 26 ന് കേരളത്തിൽ വോട്ടെടുപ്പ് നടക്കും. ഒറ്റഘട്ടമായാണ് 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കുക. ഏഴ് ഘട്ടവും പൂർത്തിയാക്കിയതിന് ശേഷം ജൂൺ 4 ന് വോട്ടെണ്ണൽ നടക്കും. തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചതോടെ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. ജൂൺ 4 നാണ് വോട്ടെണ്ണൽ.
1. ഫേസ് 1- വോട്ടെടുപ്പ് ഏപ്രിൽ 19 ന്
2. ഫേസ് 2-വോട്ടെടുപ്പ് ഏപ്രിൽ 26 (കേരളം)
3. ഫേസ് 3-വോട്ടെടുപ്പ് മെയ് 7
4. ഫേസ് 4-വോട്ടെടുപ്പ് മെയ് 13
5. ഫേസ് 5-വോട്ടെടുപ്പ് മെയ് 20
6. ഫേസ് 6-വോട്ടെടുപ്പ് മെയ് 25
7. ഫേസ് 7-വോട്ടെടുപ്പ് ജൂൺ 1
ആദ്യ ഘട്ടത്തിൽ 102 ലോക്‌സഭാ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക. തമിഴ്‌നാട് ,രാജസ്ഥാൻ, ഛത്തീസ്ഘട്ട്, വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ഈ ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കും. രണ്ടാം ഘട്ടത്തിൽ 13 സംസ്ഥാനങ്ങളിലെ 89 മണ്ഡലങ്ങളിലും മൂന്നാമത്തെ ഘട്ടത്തിൽ 94 മണ്ഡലങ്ങളിൽ നാലാം ഘട്ടത്തിൽ 96 മണ്ഡലങ്ങളിലും അഞ്ചാം ഘട്ടത്തിൽ 49 മണ്ഡലങ്ങളിലും ആറാം ഘട്ടത്തിൽ 57 മണ്ഡലങ്ങളിലും ഏഴാം 57 മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കും.
ഇതിനൊപ്പം നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പും നടക്കും.
നിയമസഭാ തെരഞ്ഞെടുപ്പ്
1. ആന്ധ്രാ പ്രദേശ് വോട്ടെടുപ്പ് -മെയ് 13ന്
2. സിക്കിം- ഏപ്രിൽ 19 ന്
3. ഒഡീഷ- മെയ് 13 ന്
4. അരുണാചൽ പ്രദേശിൽ ഏപ്രിൽ 19 ന്