ന്യൂഡൽഹി: ബിഹാറിൽ ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള എൻഡിഎ സീറ്റ് വിഭജനം പൂർത്തിയായി. ആകെ 40 ലോക്‌സഭ മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് 17 സീറ്റുകളിൽ ബിജെപി.യും മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജനതാദൾ യുണൈറ്റഡ് (ജെ.ഡി.യു.) 16 സീറ്റുകളിലും മത്സരിക്കും. 2019 ലോക്സഭ തിരഞ്ഞെടുപ്പിൽ ജെഡി.യുവും ബിജെപിയും 18 സീറ്റുകളിൽ വീതമാണ് മത്സരിച്ചത്. ഇത്തവണ ബിജെപി ഒരു സീറ്റ് സഖ്യകക്ഷികൾക്കായി വിട്ടുനൽകിയപ്പോൾ ജെഡിയു രണ്ട് സീറ്റുകൾ വിട്ടുനൽകി.

ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടി അഞ്ച് സീറ്റുകളിൽ ജനവിധി തേടും. ജിതൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാൻ അവാം മോർച്ചയും ഉപേന്ദ്ര കുശ്വാഹയുടെ ആർ.എൽ.എമ്മും ഓരോ സീറ്റിലും മത്സരിക്കും. എൽ.ജെ.പിയുടെ ശക്തികേന്ദ്രമായ നവാഡയിൽ ഇക്കുറി ബിജെപി. മത്സരിക്കും. കഴിഞ്ഞ തവണ കോൺഗ്രസ് വിജയിച്ച കിഷൻഗഞ്ചിൽ ജെ.ഡി.യു. സ്ഥാനാർത്ഥി രംഗത്തിറങ്ങും.ആറു സീറ്റ് എൽ.ജെ.പിക്കും നൽകി

ബിജെപി മത്സരിക്കുന്ന മണ്ഡലങ്ങൾ: ഈസ്റ്റ് ചമ്പാരൻ, വെസ്റ്റ് ചമ്പാരൻ, ഔറംഗബാദ്, മധുബാനി, അരാരിയ, ദർഭംഗ, മുസാഫർപൂർ, മഹാരാജ്ഗഞ്ച്, സരൺ, ഉജിയാർപൂർ, ബെഗുസാരായി, നവാഡ, പട്‌ന സാഹിബ്, പട്‌ലിപുത്ര, അറാ, ബക്‌സർ, സസാരം.

ജെഡിയു മത്സരിക്കുന്ന മണ്ഡലങ്ങൾ: വാൽമീകിനഗർ, സീതാമർഹി, ജഞ്ജർപൂർ, സുപൗൾ, കിഷൻഗഞ്ച്, കതിഹാർ, പൂർണിയ, മധേപുര, ഗോപാൽഗഞ്ച്, സിവാൻ, ഭഗൽപൂർ, ബങ്ക, മുൻഗർ, നളന്ദ, ജെഹാനാബാദ്, ശിവർ.

എൽജെപി (ആർ) : വൈശാലി, ഹാജിപൂർ, സമസ്തിപൂർ, ഖഗാരിയ, ജാമുയി. ഹിന്ദുസ്ഥാനി അവാം മോർച്ച: ഗയ. രാഷ്ട്രീയ ലോക് മോർച്ച : കാരക്കാട്ട്. എൻഡിഎ ഘടകകക്ഷികൾക്ക് എല്ലാം പ്രാധാന്യം നൽകിയാണ് സീറ്റ് വിഭജനം പൂർത്തിയാക്കിയത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ ചെറുഘടകകക്ഷികൾക്ക് നൽകാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്.

സഖ്യകക്ഷികൾക്കിടയിൽ ലോക്സഭാ സീറ്റ് വിഭജനം കാര്യക്ഷമമാക്കാൻ ഡൽഹിയിലും പട്നയിലും നിർണായക യോഗങ്ങൾ നടന്നപ്പോൾ ഭരണകക്ഷിയായ ദേശീയ ജനാധിപത്യ സഖ്യത്തിന്റെ (എൻഡിഎ) എല്ലാ സഖ്യകക്ഷികൾക്കും അർഹമായ പ്രാതിനിധ്യം ലഭിക്കുമെന്ന് മുതിർന്ന ഭാരതീയ ജനതാ പാർട്ടി (ബിജെപി) നേതാവും ബിഹാർ ഉപമുഖ്യമന്ത്രിയുമായ സമ്രാട്ട് ചൗധരി പറഞ്ഞിരുന്നു.