ബംഗളൂരു: കർണാടകയിലെ ജെഡിഎസ്- ബിജെപി സഖ്യത്തിൽ സീറ്റ് വിഭജനത്തെച്ചൊല്ലിയുള്ള തർക്കം മുറുകിയതോടെ കടുത്ത അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചു കുമാരസ്വാമി രംഗത്ത്. നാലു സീറ്റ് ചോദിച്ചിട്ടുപോലും പരിഗണിക്കാൻ ബിജെപി നേതൃത്വം തയാറാകുന്നില്ലെന്നും രണ്ടു സീറ്റിൽ മത്സരിക്കാൻ സഖ്യത്തിന്റെ ആവശ്യം ഉണ്ടായിരുന്നില്ലെന്നും കുമാരസ്വാമി തുറന്നടിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിൽ കർണാടകയിൽ ബിജെപി, സഖ്യകക്ഷിയായ ജനതാദൾ സെക്യുലറിന് രണ്ട് സീറ്റുകൾ മാത്രമേ നൽകൂ എന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് കുമാരസ്വാമിയുടെ പ്രതികരണം.
എന്നാൽ ചർച്ചകൾ പുരോഗമിക്കുന്നുവെന്ന് പറഞ്ഞൊഴിയുകയാണു ബിജെപി.

'ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുന്നതുവരെ ഞങ്ങളുടെ മണ്ഡലങ്ങളെക്കുറിച്ച് സംസാരിക്കില്ല, ഞാൻ ബിജെപിയോട് ആറോ ഏഴോ സീറ്റ് ചോദിച്ചിട്ടില്ല, മറിച്ച് മൂന്ന് മുതൽ നാല് സീറ്റുകളാണ് അവരോട് ആവശ്യപ്പെട്ടത്' -അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ബിജെപിക്ക് ജെ.ഡി.എസിന്റെ ശക്തിയെക്കുറിച്ചറിയാമെന്നും രണ്ട് സീറ്റിന് വേണ്ടി അവരുമായി സഖ്യമുണ്ടാക്കേണ്ട അവശ്യമുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. തെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ചാലും മാണ്ഡ്യ, ഹാസൻ മണ്ഡലങ്ങളിൽ ഞങ്ങളുടെ സ്ഥാനാർത്ഥികൾ വിജയിക്കുമെന്നും ത്രികോണ മത്സരമുണ്ടായാലും അനായാസം വിജയിക്കുമെന്നും കുമാരസ്വാമി പറഞ്ഞു.

ജെഡി(എസ്)നോട് ആദരവോടെ പെരുമാറേണ്ടതിന്റെ ആവശ്യകതയും 18 ലോക്സഭാ മണ്ഡലങ്ങളിലെയും തങ്ങളുടെ ശക്തിയും ബിജെപിയെ അറിയിക്കാൻ മുതിർന്ന പാർട്ടി നേതാക്കൾ തന്നോട് ആവശ്യപ്പെട്ടതായി അദ്ദേഹം വ്യക്തമാക്കി. പാർട്ടിയുടെ ശക്തി പല മണ്ഡലങ്ങളിലും വിനിയോഗിച്ചാൽ അത് ബിജെപിക്ക് പ്ലസ് പോയിന്റായി മാറും. ദേശീയ രാഷ്ട്രീയത്തേക്കാൾ വ്യത്യസ്തമാണ് കർണാടക രാഷ്ട്രീയമെന്നും കർണാടകയിലെ രാഷ്ട്രീയ സാഹചര്യത്തിന്റെ ചിത്രം താൻ ബിജെപിക്ക് മുന്നിൽ അവതരിപ്പിക്കണമെന്നാണ് പാർട്ടി നേതാക്കൾ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഹാസൻ, മാണ്ഡ്യ, കോലാർ എന്നിങ്ങനെ മൂന്ന് സീറ്റുകളാണ് ബിജെപിയോട് ആവശ്യപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മൂന്നുമുതൽ നാലു സീറ്റ് വരെ വേണമെന്നായിരുന്നു ജെ.ഡി.എസ് തുടക്കം മുതൽ ആവശ്യപ്പെട്ടിരുന്നത്. പിന്നീട് ഹാസൻ, മണ്ഡ്യ, കോലാർ സീറ്റുകൾ കിട്ടിയേ തീരുവെന്നായി. എന്നാൽ കോലാർ സീറ്റിൽ ഉറപ്പുനൽകാൻ ബിജെപി ഇതുവരെ തയാറായിട്ടില്ല. ഇതോടെയാണ് കുമാരസ്വാമി പരസ്യ വിമർശനം ഉയർത്തിയത്. ജെ.ഡി.എസ് വോട്ടുബാങ്കിലെ 3 മുതൽ 4 ശതമാനം വോട്ടുകൾ സഖ്യത്തിനു കിട്ടിയാൽ തന്നെ 18 മണ്ഡലങ്ങളിൽ ജയം ഉറപ്പാണന്ന് ബിജെപി ദേശീയ നേതൃത്വം വിലയിരുത്തിയിട്ടുണ്ട്. രണ്ടു സീറ്റിൽ മത്സരിക്കാൻ സഖ്യത്തിന്റെ ആവശ്യമില്ലെന്നും കുമാരസ്വാമി തുറന്നടിച്ചു.

പിറകെ ബി.എസ്. യെഡിയൂരപ്പ ദേവെഗൗഡയെ ഫോണിൽ വിളിച്ചു ചർച്ച നടത്തി. സഖ്യമാവുമ്പോൾ ചെറിയ പ്രശ്‌നങ്ങൾ സാധാരണമാണന്നും വൈകാതെ പരിഹരിക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ ബി.വൈ.വിജയേന്ദ്ര പറഞ്ഞതോടെ തർക്കത്തിന് സ്ഥിരീകരണമായി. എന്നാൽ സഖ്യത്തിൽ നിന്നു പിന്നോട്ടു പോകുന്ന പ്രശ്‌നമില്ലെന്ന് ജെ.ഡി.എസ് ആവർത്തിക്കുന്നുണ്ട്.