ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിനായുള്ള സ്ഥാനാർത്ഥികളുടെ നാലാം പട്ടിക പുറത്തുവിട്ട് ബിജെപി. കേന്ദ്ര നേതൃത്വം. തമിഴ്‌നാട്ടിലെയും പുതുച്ചേരിയിലെയും സ്ഥാനാർത്ഥികളുടെ പട്ടികയാണ് വെള്ളിയാഴ്ച പുറത്തുവിട്ടത്. എന്നാൽ ഈ പട്ടികയിലും കേരളത്തിലെ നാല് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല.

കൊല്ലം, എറണാകുളം, ആലത്തൂർ, വയനാട് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് ഇനി പ്രഖ്യാപിക്കാനുള്ളത്. അതേസമയം, നടി രാധിക ശരത്കുമാർ വിരുതുനഗറിൽനിന്ന് മത്സരിക്കും. രാധികയുടെ ഭർത്താവും നടനുമായ ശരത്കുമാർ ബിജെപിയിൽ ചേർന്നത് വലിയ വാർത്തയായിരുന്നു.

പുതുച്ചേരിയിൽ എ. നമശ്ശിവായം ആണ് ബിജെപിക്ക് വേണ്ടി മത്സരിക്കുക. നേരത്തെ പുതുച്ചേരി പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായിരുന്ന അറുമുഖം നമശ്ശിവായം 2021-ൽ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടിരുന്നു. പിന്നാലെയാണ് ബിജെപിയിൽ ചേർന്നത്.

കേരളത്തിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാത്ത നാലു മണ്ഡലങ്ങൾ ഒഴിച്ചിട്ടാണ് ബിജെപിയുടെ നാലാംഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കിയത്. കൊല്ലം, എറണാകുളം, ആലത്തൂർ, വയനാട് എന്നീ മണ്ഡലങ്ങളിലെ സഥാനാർഥികളെയാണ് ഇനി പ്രഖ്യാപിക്കാനുള്ളത്. വയനാട് രാഹുൽഗാന്ധി മത്സരിക്കുന്ന ലോക്‌സഭാ മണ്ഡലമാണ്. ഇവിടെ സിപിഐയും ദേശീയ നേതാവായ ആനി രാജയെയാണ് സ്ഥാനാർത്ഥിയാക്കിയിരിക്കുന്നത്.

കഴിഞ്ഞതവണ ഘടകകക്ഷിയായ ബിഡിജെഎസ് മത്സരിച്ച സീറ്റിൽ ഇത്തവണ ബിജെപി സ്വന്തം സ്ഥാനാർത്ഥിയെ തന്നെയാകും മത്സരിപ്പിക്കുക. എറണാകുളത്ത് സംവിധായകൻ മേജർ രവിയുടെ പേരും അഭ്യൂഹങ്ങളിലുണ്ട്. എന്നാൽ മറ്റു മണ്ഡലങ്ങളിൽ പ്രചാരണം മുറുകിയിട്ടും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാത്തത് നാലു ജില്ലകളിലെയും ബിജെപി പ്രവർത്തകർക്കിടയിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.

തമിഴ്‌നാട്ടിലെയും പുതുച്ചേരിയിലെയും സ്ഥാനാർത്ഥികളാണ് ഇന്നു പുറത്തിറക്കിയ പത്രികയിൽ ഉൾപ്പെട്ടിരിക്കുന്നത്. രാധികയെ കൂടാതെ തമിഴ്‌നാട്ടിലെ 14 സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചിട്ടുണ്ട്. പുതുച്ചേരി ഉൾപ്പെടെയുള്ള 15 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ടാം ഘട്ട പട്ടികയിൽ രണ്ട് വനിതാ സ്ഥാനാർത്ഥികളും ഇടം പിടിച്ചു.

ശിവഗംഗയിൽ നിന്ന് ഡോ.ദേവനാഥൻ യാദവ്, തിരുവള്ളൂരിൽ നിന്ന് പൊൻ വി ബാലഗണപതി, ചെന്നൈ നോർത്തിൽ നിന്ന് ആർ.സി പോൾ കനകരാജ് എന്നിവരാണ് ബിജെപി സ്ഥാനാർത്ഥികളായി മത്സരിക്കുക. എ. അശ്വഥാമൻ (തിരുവണ്ണാമല), കെ.പി രാമലിംഗം (നാമക്കൽ), എ.പി മുരുകാനന്ദം (തിരുപ്പൂർ), കെ. വസന്തരാജൻ (പൊള്ളാച്ചി), വി.വി സെന്തിൽനാഥൻ (കരൂർ), പി. കാർത്ത്യായനി (ചിദംബരം), എസ്.ജി.എം രമേഷ് (നാഗപട്ടണം), എം. മുരുകാനന്ദം (തഞ്ചാവൂർ), പ്രൊഫ. രാമ ശ്രീനിവാസൻ (മധുര), ബി. ജോൺ പാണ്ഡ്യൻ (തെങ്കാശി), രാധിക ശരത്കുമാർ (വിരുദുനഗർ) എന്നിവരാണ് ബിജെപിയുടെ മറ്റു സ്ഥാനാർത്ഥികൾ.

പുതുച്ചേരി ലോക്‌സഭാ മണ്ഡലത്തിൽ ബിജെപി ടിക്കറ്റിൽ ലോക്സഭിലേക്ക് ജനവിധി തേടുന്നത് എ. നമശ്ശിവായമാണ്. എൻ. രംഗസ്വാമി സർക്കാരിന്റെ കീഴിലുള്ള മന്ത്രിസഭയിൽ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്നത് ഇദ്ദേഹമാണ്. വിരുദനഗറിൽ നിന്ന് മത്സരിക്കുന്ന രാധിക ശരത് കുമാർ നടനും അഖിലേന്ത്യ സമത്വമക്കൾ കക്ഷി (എഐഎസ്എംകെ)നേതാവുമായ ശരത് കുമാറിന്റെ ഭാര്യയാണ്. മാർച്ച് 12ന് എഐഎസ്എംകെ ബിജെപിയിൽ ലയിച്ചിരുന്നു.

ഇന്നലെ 9 സ്ഥാനാർത്ഥികളുടെ പട്ടിക ബിജെപി പുറത്തുവിട്ടിരുന്നു. കോയമ്പത്തൂരിൽ നിന്ന് സംസ്ഥാന അദ്ധ്യക്ഷൻ കെ. അണ്ണാമലൈയാണ് മത്സരിക്കുക. ചെന്നൈ സൗത്തിൽ മുൻ തെലങ്കാന ഗവർണറും പുതുച്ചേരി ലെഫ്. ഗവർണറുമായിരുന്ന തമിഴിസൈ സൗന്ദരരാജനും നീലഗിരിയിൽ കേന്ദ്ര സഹമന്ത്രി എൽ. മുരുകനും കന്യാകുമാരിയിൽ മുതിർന്ന നേതാവ് പൊൻ രാധാകൃഷ്ണനും മത്സരിക്കും. തൂത്തുക്കുടിയിൽ കനിമൊഴിക്കെതിരെ നൈനാർ നാഗേന്ദ്രനെയാണ് ബിജെപി സ്ഥാനാർത്ഥിയായി നിശ്ചയിച്ചത്. സംസ്ഥാനത്തെ 39 സീറ്റുകളിൽ 20 ഇടത്ത് മത്സരിക്കാനാണ് പാർട്ടി തീരുമാനം. 19 ഇടത്ത് സഖ്യകക്ഷികൾ മത്സരിക്കും.

അതേസമയം നേരത്തെ കനിമൊഴിക്കെതിരെ തൂത്തുക്കുടിയിലായിരുന്നു രാധികയെ പരിഗണിച്ചിരുന്നത്. എന്നാൽ ലിസ്റ്റ് വന്നപ്പോൾ വിരുദുനഗർ സീറ്റിലേക്കായി. ഇവിടെയും ഏറെ കൗതുകകരമായ മറ്റൊരു വസ്തുതയുണ്ട്. തമിഴകത്തെ സൂപ്പർ താരമായിരുന്ന വിജയകാന്തിന്റെ മകൻ വിജയ പ്രഭാകരനെയാണ് രാധിക വിരുദുനഗറിൽ എതിരിടുന്നത്. അങ്ങനെ താരപ്രഭയിൽ ഇക്കുറി വരുദുനഗർ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റുകയാണ്.

ആഴ്ചകൾക്ക് മുമ്പാണ് ശരത് കുമാറിന്റെ പാർട്ടി 'ഓൾ ഇന്ത്യ സമത്വ മക്കൾ കക്ഷി' ബിജെപിയിൽ ലയിച്ചത്. ഇതിന് മുമ്പ് മോദിയുടെ കന്യാകുമാരി റാലിയിൽ തന്നെ ശരത് കുമാറും രാധികയും പങ്കെടുത്തിരുന്നു. ഇരുവരും ബിജെപിയിലേക്ക് ചേക്കേറാനൊരുങ്ങുന്നു എന്ന സൂചന അന്നേ വന്നതാണ്.

വിജയകാന്തിന്റെ മരണശേഷം അദ്ദേഹത്തിന്റെ ഡിഎംഡികെ ആദ്യമായി ഒരു തെരഞ്ഞെടുപ്പ് നേരിടുകയാണ്. വിജയകാന്തിന്റെ മകൻ വിജയ പ്രഭാകരൻ തന്നെ നേരിട്ട് മത്സരത്തിനിറങ്ങുകയാണ് വിരുദുനഗറിൽ. ദക്ഷിണ തമിഴ്‌നാട്ടിൽ ഡിഎംഡികെയ്ക്ക് സ്വാധീനമുള്ള മേഖല തന്നെയാണ് വിരുദുനഗറും. ഇവിടത്തെ പൾസ് മനസിലാക്കിയാണ് ഡിഎംഡികെ വിജയകാന്തിന്റെ മകനെ തന്നെ മുന്നിൽ നിർത്താൻ തീരുമാനിച്ചിരിക്കുന്നതും. അമ്മയും പാർട്ടി ജനറൽ സെക്രട്ടറിയുമായ പ്രേമലത വിജയകാന്തിനൊപ്പമെത്തിയാണ് വിജയ പ്രഭാകരൻ ബുധനാഴ്ച നാമനിർദേശ പത്രിക സമർപ്പിച്ചത്.