- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമേഠിയും റായ്ബറേലിയും കോൺഗ്രസിന് തലവേദനയാകുമ്പോൾ
ന്യൂഡൽഹി: നെഹ്‌റു കുടുംബത്തിന്റെ പരമ്പരാഗത മണ്ഡലമായ റായ്ബറേലിയിലും അമേഠിയിലും മത്സരിക്കാൻ വിസമ്മതിച്ച് രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും. ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള നാലാംഘട്ട സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിക്കുമ്പോൾ പുറത്തു വരുന്നത് കോൺഗ്രസിലെ ആശയക്കുഴപ്പം. 12 ഇടങ്ങളിലെ 46 സീറ്റുകളിലേക്കുള്ള പട്ടികയാണ് പ്രഖ്യാപിച്ചത്. ഉത്തർപ്രദേശിലെ ആദ്യ സ്ഥാനാർത്ഥിനിര വന്നപ്പോൾ, ഗാന്ധികുടുംബം മത്സരിക്കുമെന്ന് പ്രതീക്ഷിക്കുന്ന അമേഠി, റായ്ബറേലി മണ്ഡലങ്ങൾ ഉൾപ്പെട്ടിട്ടില്ല. ഇത് പ്രവർത്തകർക്കിടയിൽ ആശയക്കുഴപ്പമുണ്ടാകുന്നുണ്ട്.
അമേഠി നേരത്തെ നഷ്ടമായതാണെങ്കിലും ഇത്തവണ സോണിയ മത്സര രംഗത്ത് നിന്നും മാറിയ സാഹചര്യത്തിൽ പ്രിയങ്ക എത്തിയില്ലെങ്കിൽ റായ്ബറേലിയും കൈവിട്ടുപോകുമെന്നാണ് പ്രവർത്തകരുടെ ആശങ്ക. രാഹുലും പ്രിയങ്കയും മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയതോടെ രണ്ട് മണ്ഡലങ്ങളും ഒഴിച്ചിട്ട് കൊണ്ടാണ് കോൺഗ്രസിന്റെ യുപി പട്ടിക പുറത്ത് വന്നത്. ഇവർക്ക് മേൽ കോൺഗ്രസ് സമ്മർദ്ദം തുടരും. യുപിയിൽ നിന്നും ഇവർ മാറി നിൽക്കുന്നത് ഉത്തരേന്ത്യയിലെ കോൺഗ്രസ് സാധ്യതകളെ ആകെ ബാധിക്കുമെന്ന അഭ്യൂഹവുമുണ്ട്.
കോൺഗ്രസിന് വേണ്ടി നെഹ്‌റു കുടുംബാംഗങ്ങളൊന്നും ഉത്തരേന്ത്യയിൽ മത്സരിക്കാത്ത തിരിഞ്ഞെടുപ്പായി ഇത് മാറും. അയോധ്യയുമായി യുപി പിടിച്ചെടുക്കാൻ ബിജെപി ഒരുങ്ങുന്ന സാഹചര്യത്തിലാണ് ഇത്. അമേഠിയിൽ കഴിഞ്ഞ തവണ രാഹുൽ തോറ്റു. വയനാട്ടിൽ ജയിച്ചതു കൊണ്ട് എംപിയായി. ഇത്തവണ വയനാട്ടിൽ മാത്രം മത്സരിക്കാനാണ് രാഹുലിന്റെ നീക്കം. സോണിയ മത്സര രംഗത്ത് നിന്നും പിന്മാറി. അവർ രാജ്യസഭയിൽ എത്തുകയും ചെയ്തു. ഇതോടെ പ്രിയങ്ക റായ് ബറേലിയിൽ മത്സരിക്കുമെന്ന് ഏവരും കരുതി. അതിന് അവരും തയ്യാറല്ല. തോൽവിപേടിയാണ് ഇതിന് കാരണമെന്ന ചർച്ച ബിജെപി ഉയർത്തും.
വാരാണസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ ഉത്തർ പ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് മത്സരിക്കും. കഴിഞ്ഞതവണയും അജയ് തന്നെയായിരുന്നു വാരാണസിയിലെ കോൺഗ്രസ് സ്ഥാനാർത്ഥി. അടുത്തിടെ ബി.എസ്‌പി. വിട്ട് കോൺഗ്രസിലെത്തിയ ഡാനിഷ് അലിക്ക് സിറ്റിങ് സീറ്റായ അംറോഹതന്നെ നൽകിയിട്ടുണ്ട്. അംരോഹയിലെ സിറ്റിങ് എംപിയായ ഡാനിഷ്, എംപിയെന്ന നിലയിൽ പരാജയമാണെന്നും അതിനാൽ സീറ്റ് നൽകരുതെന്നുമാണ് അംരോഹയിൽ നിന്നുള്ള കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഇത് നേതൃത്വം തള്ളി.
കഴിഞ്ഞദിവസം കോൺഗ്രസിലേക്ക് തിരിച്ചെത്തിയ ചൗധരി ലാൽ സിങ്ങിന് ജമ്മു കശ്മീരിലെ ഉദ്ദംപുർ സീറ്റും നൽകി. മധ്യപ്രദേശിലെ രാജ്ഗഡിൽ മുതിർന്ന നേതാവ് ദിഗ്‌വിജയ് സിങ്ങും ജനവിധി തേടും. തമിഴ്‌നാട്ടിൽ സിറ്റിങ് എംപി.മാരായ എം.കെ. വിഷ്ണുപ്രസാദ്, കാർത്തി ചിദംബരം, മാണിക്യം ടാഗോർ, വിജയ് വാസന്ത്, എസ്. ജ്യോതിമണി എന്നിവർക്ക് വീണ്ടും ടിക്കറ്റ് നൽകിയിട്ടുണ്ട്. കാർത്തി ചിദംബരം തമിഴ്‌നാട്ടിലെ ശിവഗംഗയിൽ നിന്നുതന്നെ ജനവിധി തേടും. കോൺഗ്രസിന്റെ കേന്ദ്ര വാർ റൂം നയിക്കുന്ന, രാജിവെച്ച ഐ.എ.എസ്. ഉദ്യോഗസ്ഥൻ ശശികാന്ത് സെന്തിൽ തിരുവള്ളൂർ മണ്ഡലത്തിൽ മത്സരിക്കും.
അസം, അന്തമാൻ, ഛത്തീസ്‌ഗഢ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പുർ, മിസോറം, രാജസ്ഥാൻ, തമിഴ്‌നാട്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ മൊത്തം 46 സ്ഥാനാർത്ഥികളാണ് നാലാംപട്ടികയിലുള്ളത്. ഇതോടെ ഇതുവരെ കോൺഗ്രസ് 185 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. സിക്കിം നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട പട്ടികയും പുറത്തിറക്കി. 4 ഘട്ടങ്ങളിലായി കോൺഗ്രസ് ഇതുവരെ 185 സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്.