കൊല്ലം: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചന്ദനത്തോപ്പ് ഐടിഐയിൽ എത്തിയ കൊല്ലം ലോക്‌സഭാ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി നടൻ ജി.കൃഷ്ണകുമാറിനെ തടഞ്ഞ് എസ്.എഫ്.ഐ പ്രവർത്തകർ. കൊല്ലം ചന്ദനത്തോപ്പ് ഐ.ടി.ഐയിൽ വോട്ട് അഭ്യർത്ഥിക്കാനെത്തിയപ്പോഴായിരുന്നു സംഘർഷം. ഇത് ഐ.ടി.ഐയിൽ എ.ബി.വി.പി - എസ്.എഫ്.ഐ സംഘർഷത്തിന് വഴിവച്ചു. പൊലീസെത്തിയാണ് സംഘർഷത്തിന് അയവുവരുത്തിയത്.

സ്ഥാനാർത്ഥിയുടെ സന്ദർശനത്തിനോട് അനുബന്ധിച്ച് സ്പോർട്സ് ഡേയുടെ സമ്മാനദാനം നടത്താൻ ശ്രമിച്ചതാണ് സംഘഷത്തിന് ഇടയാക്കിയത്. കോളജ് ഡേയുമായി അനുബന്ധിച്ച് ലൈറ്റ് ആൻഡ് സൗണ്ട് ക്രമീകരിച്ചതിന്റെ സാമ്പത്തിക വിഷയത്തെ ചൊല്ലി കോളജിൽ നേരത്തെ പ്രശ്‌നമുണ്ടായിരുന്നു. പ്രചാരണത്തിന്റെ ഭാഗമായി എത്തിയ സ്ഥാനാർത്ഥിയെ കൊണ്ട് സമ്മാനദാനം നടത്താൻ കഴിയില്ല എന്ന് എസ്എഫ്‌ഐ യൂണിയൻ അംഗങ്ങൾ അറിയിച്ചു. തുടർന്ന് എബിവിപി - എസ്എഫ്‌ഐ അംഗങ്ങൾ തമ്മിൽ സംഘർഷം ഉണ്ടാവുകയായിരുന്നു. മുതിർന്ന നേതാക്കളും അദ്ധ്യാപകരും ചേർന്ന് രംഗം ശാന്തമാക്കി. തുടർന്ന് ജി. കൃഷ്ണകുമാർ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തു.

ഇവിടെ നടക്കുന്നതാണ് യഥാർഥ ഫാസിസമെന്ന് സംഭവത്തിൽ ജി. കൃഷ്ണകുമാർ പ്രതികരിച്ചു. 'വോട്ട് അഭ്യർത്ഥിച്ച് പല സ്ഥലങ്ങളിലും പോയിരുന്നു. അതിന്റെ ഭാഗമായാണ് കോളേജിലുമെത്തിയത്. തൊട്ടുമുമ്പ് എതിർ സ്ഥാനാർത്ഥികളായ മുകേഷും എൻ.കെ പ്രേമചന്ദ്രനും കോളേജിലെത്തിയിരുന്നു. പക്ഷേ, ഞങ്ങൾ വന്നപ്പോൾ എസ്.എഫ്.ഐക്കാർ കുറുകെ നിന്ന് കൃഷ്ണകുമാറിന് ഈ കോളേജിലേക്ക് പ്രവേശനമില്ല, നരേന്ദ്ര മോദിയുടെ സ്ഥാനാർത്ഥിക്ക് പ്രവേശനമില്ല എന്ന് പറഞ്ഞു. ഫാസിസം എന്ന് പറഞ്ഞ് യു.പിയിലോട്ടും ഗുജറാത്തിലോട്ടും നോക്കുന്നവർ ഇവിടെ എന്താണ് നടത്തുന്നത്. ഇതാണ് റിയൽ ഫാസിസം', അദ്ദേഹം പറഞ്ഞു.

ഞായറാഴ്ച ബിജെപിയുടെ അഞ്ചാംഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നതോടെയാണ് കൊല്ലത്തെ ചിത്രം തെളിഞ്ഞത്. ജില്ലാ-സംസ്ഥാന നേതൃത്വങ്ങളുടെ പട്ടികയിൽ തിരുവനന്തപുരം സ്വദേശിയായ കൃഷ്ണകുമാറിന്റെ പേരുണ്ടായിരുന്നില്ല. ദേശീയ നേതൃത്വം വഴിയാണ് ബിജെപി. സംസ്ഥാനസമിതി അംഗംകൂടിയായ കൃഷ്ണകുമാർ എത്തുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ ബിജെപി. സ്ഥാനാർത്ഥിയായിരുന്നു കൃഷ്ണകുമാർ.

മുൻപ് എൽഡിഎഫ് സ്ഥാനാർത്ഥി എം.മുകേഷ് കോളജിൽ എത്തി ആർട്‌സ് മത്സരങ്ങളിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് സമ്മാനദാനം നടത്തിയിരുന്നു. എന്നാൽ ഇത് തിരഞ്ഞെടുപ്പിന് മുൻപ് പ്രഖ്യാപിച്ച പരിപാടിയാണ് നടത്തിയതെന്നാണ് എസ്എഫ്‌ഐ പറഞ്ഞത്. ദിവസങ്ങൾക്ക് മുൻപ് യുഡിഎഫ് സ്ഥാനാർത്ഥി എൻ.കെ.പ്രേമചന്ദ്രനും ക്യാംപസിൽ എത്തി വിദ്യാർത്ഥികളുമായി സംവദിച്ചിരുന്നു. ക്യാംപസിൽ സ്ഥാനാർത്ഥികൾ വോട്ടു തേടി എത്തുന്നത് വിദ്യാർത്ഥികളെ മുൻകൂട്ടി അറിയിക്കാതെ ആണെന്നും കൃഷ്ണകുമാർ വോട്ട് ചോദിക്കാൻ എത്തിയത് അറിഞ്ഞിരുന്നില്ല എന്നും എസ്എഫ്‌ഐ വിദ്യാർത്ഥികൾ പറഞ്ഞു.