- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രചരണം മൂന്നാം ഘട്ടത്തിലേക്ക്; ഇനി നേരിട്ടുള്ള വോട്ടു പിടിത്തം
ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിലെ രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും. കേരളം ഉൾപ്പെടെ 13 സംസ്ഥാന-കേന്ദ്ര ഭരണ പ്രദേശങ്ങളിലെ 89 മണ്ഡലങ്ങളിലാണ് രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുക. ലോക്സഭ തെരഞ്ഞെടുപ്പിൽ കൊല്ലത്തെ എൽഡിഎഫ് സ്ഥാനാർത്ഥി എം മുകേഷ് എംഎൽഎ ഇന്ന് നാമനിർദ്ദേശപത്രിക സമർപ്പിക്കും.
രാവിലെ പത്തരയോടെ ഹൈസ്‌കൂൾ ജംഗ്ഷനിലുള്ള സിഐടിയു ഓഫീസിൽ നിന്ന് മുന്നണി നേതാക്കൾക്കും പ്രവർത്തകർക്കുമൊപ്പം പത്രിക സമർപ്പിക്കാൻ പുറപ്പെടും. മത്സ്യത്തൊഴിലാളികളാണ് മുകേഷിന് കെട്ടിവയ്ക്കാനുള്ള തുക കൈമാറിയത്. കാസർകോട്ടെ ബിജെപി സ്ഥാനാർത്ഥി അശ്വനിയും ഇന്ന് പത്രിക നൽകും. വയനാട്ടിൽ മത്സരിക്കുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഏപ്രിൽ മൂന്നിന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. അന്നേദിവസം വയനാട്ടിൽ റോഡ് ഷോയും നടത്തും.
വിജ്ഞാപനം വന്നതോടെ കേരളത്തിലെ പ്രചരണം മൂന്നാം ഘട്ടത്തിലേക്ക് കടക്കുകായണ്. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം റോഡ് ഷോയും മറ്റുമായി സ്ഥാനാർത്ഥികൾ നാട്ടുകാരുമായി പരിചയം പുതുക്കി. അതിന് ശേഷം പ്രമുഖ വ്യക്തിത്വങ്ങളെ കണ്ട് അജണ്ട നിശ്ചയിച്ചു. പത്രിക നൽകുന്നത് തുടങ്ങുന്നതോടെ വോട്ടു തേടി നേരിട്ടിറങ്ങുന്ന ഘട്ടമെത്തും. പാർട്ടികളും വ്യക്തിപരമായി വോട്ടർമാരെ സമീപിക്കും. അങ്ങനെ പോരാട്ട ചിത്രം കൂടുതൽ വ്യക്തതയിലേക്ക് എത്തും.
ഇന്നുമുതൽ ഏപ്രിൽ നാലു വരെ പത്രിക സമർപ്പിക്കാം. രാവിലെ 11 മുതൽ വൈകിട്ട് മൂന്നു വരെയാണ് പത്രിക സ്വീകരിക്കുന്ന സമയം. അഞ്ചാം തീയതി നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. എട്ടാം തീയതി വരെ പത്രിക പിൻവലിക്കാം. ഏപ്രിൽ 26 നാണ് വോട്ടെടുപ്പ്. കേരളത്തിൽ നാമനിർദ്ദേശ പത്രികാ സമർപ്പണത്തിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായെന്ന് തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. സംസ്ഥാനത്ത് 20 ലോക്സഭാ മണ്ഡലങ്ങളിലേക്കും ബന്ധപ്പെട്ട റിട്ടേണിങ് ഓഫീസർമാർക്കു മുമ്പാകെയാണ് പത്രിക സമർപ്പിക്കേണ്ടത്.
ലോക്സഭ തെരഞ്ഞെടുപ്പ് ഏഴു ഘട്ടമായിട്ടാണ് നടത്തുന്നത്. കേരളത്തിലെ 20 സീറ്റുകളിലും ഏപ്രിൽ 26 ന് ഒറ്റഘട്ടമായിട്ടാണ് വോട്ടെടുപ്പ് നടക്കുന്നത്. കർണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂർ, രാജസ്ഥാൻ, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളിലെ ഏതാനും മണ്ഡലങ്ങളും രണ്ടാം ഘട്ടത്തിൽ പോളിങ് ബൂത്തിലെത്തും.
(ദുഃഖവെള്ളി പ്രമാണിച്ച് നാളെ(29-03-2024) പൊതു അവധി ആയതിനാൽ മറുനാടൻ മലയാളി പ്രവർത്തിക്കുന്നതല്ല... അപ്‌ഡേഷൻ ഉണ്ടായിരിക്കില്ല-എഡിറ്റർ)