ഹൈദരാബാദ്: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഹൈദരാബാദ് പാർലമെന്റ് മണ്ഡലം തിരിച്ചുപിടിക്കാൻ സ്ഥാനാർത്ഥിയായി ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയെ രംഗത്തിറക്കാൻ കോൺഗ്രസ് നീക്കം. ഹൈദരാബാദ് ലോക്സഭാ സീറ്റിലേക്ക് സാനിയ മിർസയുടെ പേര് തെലങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി ശുപാർശ ചെയ്തിരുന്നു. ഡോ. മാധവി ലതയെയാണ് ബിജെപി സ്ഥാനാർത്ഥിയാക്കാൻ ഉദ്ദേശിക്കുന്നത്.

എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസിക്ക് എതിരേ സാനിയയെ മത്സരിപ്പിക്കാൻ നീക്കം നടക്കുന്നതായാണ് ചില ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഗോവ, തെലങ്കാന, യുപി, ഝാർഖണ്ഡ്, ദാമൻ-ദിയു എന്നിവിടങ്ങളിലെ സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നതിന് കോൺഗ്രസിന്റെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ യോഗം ബുധനാഴ്ച നടന്നിരുന്നു. സാനിയ മിർസയുടെ സ്ഥാനാർത്ഥിത്വം സംബന്ധിച്ചും യോഗത്തിൽ ചർച്ച നടന്നതായാണ് പുറത്തുവരുന്ന വിവരം. ഈ യോഗത്തിൽ 18 സ്ഥാനാർത്ഥികളുടെ പേരുകൾക്ക് അന്തിമരൂപം നൽകുകയും ചെയ്തിരുന്നു.

മുൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും കോൺഗ്രസ് നേതാവുമായ മുഹമ്മദ് അസ്ഹറുദ്ദീൻ ആണ് സാനിയയുടെ പേര് മുന്നോട്ടുവെച്ചതെന്നാണ് റിപ്പോർട്ട്. സാനിയയുടെ ജനപ്രീതി ഉപയോഗപ്പെടുത്തി ഹൈദരാബാദിൽ ഒരു തിരിച്ചുവരവിനുള്ള ശ്രമം കോൺഗ്രസ് നടത്തിയേക്കുമെന്നാണ് സൂചന. 1980ൽ നടന്ന തിരഞ്ഞെടുപ്പിലാണ് അവസാനമായി കോൺഗ്രസ് ഹൈദരാബാദിൽ വിജയിച്ചത്. 2004 മുതൽ അസദുദ്ദീൻ ഒവൈസിയാണ് തുടർച്ചയായി മണ്ഡലം കൈവശംവെച്ചിരിക്കുന്നത്.

മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റനും പിസിസി വർക്കിങ് പ്രസിഡന്റുമായ അസ്ഹറുദ്ദീനെ ഹൈദരാബാദിൽ നിന്ന് മത്സരിക്കാനാണ് ആദ്യം പരിഗണിച്ചിരുന്നത്. എന്നാൽ അതേ സീറ്റിലേക്ക് ബിജെപി ഒരു വനിതാ സ്ഥാനാർത്ഥിയെ നാമനിർദ്ദേശം ചെയ്തതോടെയാണ് തീരുമാനം മാറ്റിയത്.

അസ്ഹറുദ്ദീൻ സാനിയ കുടുംബവുമായി അടുത്ത ബന്ധം പങ്കിടുന്നയാളാണ്, അസ്സറുദിന്റെ ഇളയ മകൻ മുഹമ്മദ് അസദുദ്ദീൻ സാനിയയുടെ സഹോദരി അനം മിർസയെയാണ് വിവാഹം കഴിച്ചത്. ഹൈദരാബാദിലെ യൂത്ത് ഐക്കണും തെലങ്കാനയുടെ ബ്രാൻഡ് അംബാസഡറുമായ സാനിയ മിർസ ഈ മേഖലയിലെ മുസ്ലിം യുവാക്കൾക്കിടയിൽ ഗണ്യമായ ജനപ്രീതിയുള്ളയാളാണ്. ഷോയിബ് മാലിക്കിൽ നിന്നുള്ള വിവാഹമോചനത്തെത്തുടർന്നുള്ള സഹതാപ തരംഗവും വോട്ടായി മാറുമെന്നാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്. ആദ്യം മടിച്ചുനിന്ന കുടുംബാംഗങ്ങൾ ഹൈക്കമാൻഡുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം കോൺഗ്രസ് പാർട്ടിയുടെ നിർദ്ദേശം അംഗീകരിച്ചതായി റിപ്പോർട്ടുണ്ട്.

(ദുഃഖവെള്ളി പ്രമാണിച്ച് നാളെ(29-03-2024) പൊതു അവധി ആയതിനാൽ മറുനാടൻ മലയാളി പ്രവർത്തിക്കുന്നതല്ല... അപ്‌ഡേഷൻ ഉണ്ടായിരിക്കില്ല-എഡിറ്റർ)