തിരുവനന്തപുരം: ആറ്റിങ്ങൽ ലോക്സഭാ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി വി. മുരളീധരൻ നാമനിർദേശ പത്രിക സമർപ്പിച്ചു. കുടപ്പനക്കുന്ന് കളക്ടറേറ്റിൽ എത്തിയാണ് അദ്ദേഹം നാമനിർദേശ പത്രിക സമർപ്പിച്ചത്. രാവിലെ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലും, പഴവങ്ങാടി ഗണപതി ക്ഷേത്രത്തിലും ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലും ദർശനം നടത്തിയ ശേഷം കളക്ടറേറ്റിലെത്തിയ വി. മുരളീധരനെ ആവേശ്വജ്ജ്വലമായ വരവേൽപ്പോടെ പ്രവർത്തകർ സ്വീകരിച്ചു. 11 മണിയോടെ നാമനിർദേശ പത്രിക അദ്ദേഹം സമർപ്പിച്ചു.

വി മുരളീധരന് സ്വന്തമായി വീടോ വസ്തുവോ ഇല്ലെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. വി.മുരളീധരന്റെ കയ്യിലുള്ളത് 1000 രൂപ മാത്രമാണ്. എഫ്ഡി അക്കൗണ്ടിൽ ശമ്പളം വന്ന വകയിൽ 10,44,274 രൂപയുണ്ട്. 12 ലക്ഷം രൂപയുടെ കാർ സ്വന്തം. കയ്യിലുള്ള 6 ഗ്രാമിന്റെ മോതിരത്തിന് 40,452 രൂപയാണ് വില. 1,18,865 രൂപയുടെ ആരോഗ്യ ഇൻഷുറസ് പോളിസിയുണ്ട്.

തിരുവനന്തപുരം കലക്ടറേറ്റിൽ നൽകിയ നാമനിർദേശ പത്രികയിലാണു സ്വത്തുവിവരങ്ങളുള്ളത്. 83,437 രൂപ ലോൺ അടയ്ക്കാൻ ബാക്കിയുണ്ട്. ഇതെല്ലാം ചേർത്ത് 24,04,591 രൂപയുടെ സ്വത്താണുള്ളത്. ഭാര്യയുടെ കൈവശം 3000 രൂപയുണ്ട്. 3 ബാങ്ക് അക്കൗണ്ടുകളിലായി 20,27,136 രൂപയുണ്ട്. 4,47,467 രൂപയാണു സ്ഥിര നിക്ഷേപം.

ലോൺ എടുത്ത തുകയും കൂടി ചേർന്നതാണ് ബാങ്കിലുള്ള പണം. 15.41 ലക്ഷം രൂപ വിലയുള്ള കാർ സ്വന്തം. 164 ഗ്രാം സ്വർണവും ചേർത്ത് 46,76,824 രൂപയുടെ സ്വത്തുണ്ട്. 47,75,000 രൂപ മതിപ്പു വിലയുള്ള വസ്തുവുമുണ്ട്. 10 ലക്ഷം രൂപയുടെ ലോണുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

കേന്ദ്രസർക്കാരിന്റെ ഇടപെടലോടെ യുക്രെയ്ൻ യുദ്ധമുഖത്ത് നിന്ന് തിരിച്ചെത്തിയ മെഡിക്കൽ വിദ്യാർത്ഥികളാണ് കേന്ദ്രമന്ത്രി വി. മുരളീധരന് കെട്ടിവയ്ക്കാനുള്ള തുക നൽകിയത്. തന്റെ പൊതുപ്രവർത്തനജീവതത്തിന് ലഭിച്ച ഏറ്റവും വലിയ അംഗീകാരമായി ഈ പണത്തെ നോക്കികാണുന്നുവെന്ന് വി.മുരളീധരൻ പറഞ്ഞിരുന്നു. വിദ്യാർത്ഥികളുടെ പക്കൽ നിന്നും ലഭിച്ച ഒരു സ്നോപഹാരമായി ഈ തുകയെ കാണുന്നുവെന്നും ജനങ്ങളെ സേവിക്കുന്നതിൽ പ്രതിജ്ഞാബദ്ധനാണെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന കാര്യാലയത്തിൽ വച്ച് നടന്ന ചടങ്ങിൽ വിദ്യാർത്ഥി സംഘത്തെ പ്രതിനിധീകരിച്ച് സായി ശ്രുതി, സൗരവ് എന്നിവരും രക്ഷിതാക്കളുമാണ് വി. മുരളീധരന് പണം കൈമാറിയത്. യുദ്ധഭൂമിയിൽ അകപ്പെട്ട വിദ്യാർത്ഥികളുടെ രണ്ടാജന്മമാണിതെന്നും മടങ്ങിവരവ് സാധ്യമാക്കിയ പ്രധാനമന്ത്രിക്കും കേന്ദ്രമന്ത്രി വി.മുരളീധരനും നന്ദി അറിയിക്കുന്നുവെന്നും വിദ്യാർത്ഥകൾ വ്യക്തമാക്കിയിരുന്നു. കേന്ദ്രമന്ത്രിക്കുള്ള സ്നേഹാദരമായാണ് വിദ്യാർത്ഥികൾ തെരഞ്ഞെടുപ്പിന് മുന്നോടിയായി കെട്ടിവയ്ക്കാനുള്ള തുക കൈമാറിയത്.

പ്രധാനമന്ത്രി മോദിയുടെയും മന്ത്രി വി മുരളീധരന്റെയും ശ്രമഫലമായാണ് തങ്ങളെ ത്വരിതഗതിയിൽ യുദ്ധ ഭൂമിയിൽ നിന്നും ഒഴിപ്പിച്ചതെന്ന് ഉക്രൈനിൽ നിന്ന് മടങ്ങിയെത്തിയ വിദ്യാർത്ഥിനി സായ് ശ്രുതി പറഞ്ഞു. ആറ്റിങ്ങലിൽ വി മുരളീധരൻ കോൺഗ്രസിന്റെ സിറ്റിങ് എംപി അടൂർ പ്രകാശിനും സിപിഐഎമ്മിലെ വി ജോയിക്കുമെതിരെയാണ് മത്സരിക്കുന്നത്. ത്രികോണ മത്സരം പ്രതീക്ഷിക്കുന്ന മണ്ഡലങ്ങളിലൊന്നാണ് ആറ്റിങ്ങൽ.