തിരുവനന്തപുരം: കേരളത്തിൽ ഇടതു മുന്നണിയിലുള്ള ജെഡിഎസിന്റെ സംസ്ഥാന അധ്യക്ഷൻ മാത്യു ടി തോമസിന്റേയും മന്ത്രി കെ കൃഷ്ണൻ കുട്ടിയുടെയും ചിത്രങ്ങൾ കർണാടകയിലെ ബിജെപി സ്ഥാനാർത്ഥിയുടെ പോസ്റ്ററിൽ വന്നത് വിവാദമാകുന്നതിനിടെ വിശദീകരണവുമായി ഇരു നേതാക്കളും രംഗത്ത്. പോസ്റ്ററിൽ തന്റെ ഫോട്ടോ വന്നതിന് പിന്നിൽ രാഷ്ട്രീയക്കളിയാണെന്ന് കൃഷ്ണൻകുട്ടി ആരോപിച്ചു.

പോസ്റ്റർ വ്യാജമായി നിർമ്മിച്ചതെന്ന് മന്ത്രി കൃഷ്ണൻകുട്ടി പറഞ്ഞു. എൻഡിഎയുമായുള്ള ബന്ധം പണ്ടേ ഉപേക്ഷിച്ചതാണ്. വ്യാജ പോസ്റ്റർ ഇറക്കിയതിനെതിരെ നിയമ നടപടി സ്വീകരിക്കും.ഇന്നുതന്നെ ഡിജിപിക്ക് പരാതി നൽകും. കോൺഗ്രസിന്റെ ആരോപണങ്ങൾ മറുപടി അർഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രചരിക്കുന്ന പോസ്റ്ററുകൾ വ്യാജമെന്ന് മാത്യു ടി തോമസും പറഞ്ഞു. തന്റേയും കെ കൃഷ്ണൻകുട്ടിയുടെയും ചിത്രങ്ങൾ വച്ച് പോസ്റ്റർ അടിചാൽ അവിടെ വോട്ട് കിട്ടുമെന്ന് കരുതുന്നില്ല. കേരളത്തിലെ ജനതാദൾ (എസ് ) ഇടതുമുന്നണിക്കൊപ്പം അടിയുറച്ചു നിൽക്കുന്നു. പോസ്റ്ററിന് പിന്നിൽ രാഷ്ട്രീയ എതിരാളികളാണെന്നും അദ്ദേഹം വിശദീകരിച്ചു

ബെംഗളൂരു റൂറൽ സ്ഥാനാർത്ഥിയും ദേവെഗൗഡയുടെ മരുമകനുമായ ഡോ. സി.എൻ.മഞ്ജുനാഥിന്റെ പോസ്റ്ററിലാണ് കേരളത്തിലെ എൽഡിഎഫ് നേതാക്കളുടെ ചിത്രങ്ങളുള്ളത്. ജെഡിഎസിന്റെ സേവാദൾ നേതാവ് ബസവരാജാണു പോസ്റ്റർ ഇറക്കിയത്. ദേശീയ തലത്തിൽ എൻഡിഎ സഖ്യത്തിലുള്ള ജെഡിഎസ് കേരളത്തിൽ എൽഡിഎഫ് സഖ്യത്തിലാണ്.

ബെംഗളൂരുവിൽ വ്യാഴാഴ്ച റെയിൽവെ ലേ ഔട്ടിൽ നടത്തിയ പരിപാടിയുടെ പോസ്റ്ററിലാണ് കേരളത്തിലെ നേതാക്കളുടെ ചിത്രം പ്രത്യക്ഷപ്പെട്ടത്. 2023 ലെ കർണാടക നിയമസഭ തിരഞ്ഞെടുപ്പിനു പിന്നാലെയാണ് എൻഡിഎ സഖ്യത്തിൽ ജെഡിഎസ് ചേർന്നത്. എൻഡിഎയുടെ ഭാഗമാകാനുള്ള ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തെ തള്ളിപ്പറഞ്ഞ് ജെഡിഎസ് കേരള ഘടകം രംഗത്തുവന്നിരുന്നു.