- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബസ്കാത്തിരിപ്പ് കേന്ദ്രങ്ങളിലെ ആന്റോ ആന്റണിയുടെ പേരും ചിത്രങ്ങളും മറയ്ക്കണം
പത്തനംതിട്ട: പത്തനംതിട്ട മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിക്കെതിരായ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘന പരാതിയിൽ നടപടിയുമായി ജില്ലാ വരണാധികാരി കളക്ടർ എസ്. പ്രേംകൃഷ്ണൻ. ആന്റോ ആന്റണി എംപിയുടെ വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലെ പേരും ചിത്രങ്ങളും മറയ്ക്കാൻ ഇലക്ഷൻ സ്‌ക്വാഡിന് വരണാധികാരി നിർദ്ദേശം നൽകി. എൽഡിഎഫിന്റെ പരാതിയിലാണ് പത്തനംതിട്ട ജില്ലാ കലക്ടറുടെ നടപടി. ഇതിന ചെലവായ തുക ആന്റോ ആന്റണിയുടെ തിരഞ്ഞെടുപ്പ് ചെലവിൽ വകയിരുത്തും.
ആന്റോ ആന്റണിയുടെ വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച 63 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലെയും 20 മൊബൈൽ ടവറുകളിലെയും ആന്റോ ആന്റണിയുടെ പേര് മറച്ചുവെയ്ക്കാൻ നടപടി വേണം എന്നായിരുന്നു എൽഡിഎഫ് ആവശ്യം. മറയ്ക്കാൻ തടസ്സം ഉണ്ടെങ്കിൽ തോമസ് ഐസക്കിന്റെ പേര് കൂടി പ്രദർശിപ്പിക്കാൻ അനുമതി നൽകണം എന്ന ആവശ്യം കലക്ടർ തള്ളി.
മണ്ഡലത്തിലെ 63 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലെയും 20 ഫോർ ജി ടവറുകളിലെയും ആന്റോ ആന്റണിയുടെ പേര് മറച്ചുവെയ്ക്കണം എന്നായിരുന്നു എൽ.ഡി.എഫിന്റെ ആവശ്യം. നേരത്തെ കുടുംബശ്രീയെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്ന യു.ഡി.എഫ്. പരാതിയിൽ പത്തനംതിട്ടയിലെ ഇടതുസ്ഥാനാർത്ഥിയായ തോമസ് ഐസക്കിന് ശനിയാഴ്ച വരണാധികാരി താക്കീത് നൽകിയിരുന്നു. ചട്ടലംഘനം ചൂണ്ടിക്കാണിച്ച് യു.ഡി.എഫ്. ജില്ലാ ചെയർമാൻ വർഗീസ് മാമൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കളക്ടറുടെ നടപടി.
പന്തളം തെക്കേക്കര പഞ്ചായത്തിൽ നടന്ന കുടുംബശ്രീ യോഗത്തിൽ പങ്കെടുത്തവർക്ക് വനിതാ വികസന കോർപ്പറേഷന്റെ വായ്പ നൽകുമെന്ന് ഐസക് വാഗ്ദാനംചെയ്തെന്നും കെ. ഡിസ്‌കിന്റെ സൗകര്യങ്ങൾ പ്രചാരണത്തിന് ഉപയോഗിച്ചെന്നുമായിരുന്നു പരാതി. ഇതിൽ കളക്ടർ ഐസക്കിൽനിന്ന് വിശദീകരണം തേടിയിരുന്നു. കുടുംബശ്രീ യോഗത്തിൽ വോട്ട് ചോദിക്കുന്നതിൽ തെറ്റില്ല എന്നായിരുന്നു ഐസക്കിന്റെ മറുപടി.
കളക്ടറുടെ അന്വേഷണത്തിൽ കുടുംബശ്രീ യോഗത്തിൽ ചട്ടലംഘനം നടന്നതായി ബോധ്യപ്പെട്ടിരുന്നു. അതേസമയം, പറപ്പെട്ടിയിൽ നടന്നത് സി.ഡി.എസ്. വിളിച്ച കുടുംബശ്രീ യോഗമാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് തോമസ് ഐസക് മാധ്യമപ്രവർത്തകരോട് പറഞ്ഞു. തന്നെ അവിടെ കൊണ്ടുപോയ പ്രവർത്തകരുടെ വീഴ്ചയാണതെന്നും ഇനി ഇത്തരം സംഭവങ്ങളുണ്ടാകില്ലെന്നും ഐസക് പറഞ്ഞിരുന്നു.
താക്കീത് അംഗീകരിക്കുന്നതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് പത്തനംതിട്ടയിലെ എൽ.ഡി.എഫ്. നേതൃത്വം ആന്റോ ആന്റണിക്കെതിരെയും പരാതിയുമായി രംഗത്തെത്തിയത്. ഈ പരാതിയിലാണ് വരണാധികാരി ഇപ്പോൾ നടപടി എടുത്തിരിക്കുന്നത്.
കുടുംബശ്രീയുടെ ഔദ്യോഗിക പരിപാടി ഇലക്ഷൻ പ്രചാരണത്തിനായി ദുരുപയോഗം ചെയ്‌തെന്ന യുഡിഎഫ് പരാതിയിലായിരുന്നു ജില്ലാ വരണാധികാരിയായ കളക്ടർ ശക്തമായ താക്കീത് നൽകിയത്. ചട്ടലംഘനത്തെ ആദ്യം ന്യായീകരിച്ച ഡോ. ഐസക്, താക്കീത് കിട്ടിയതോടെ പിഴവ് പ്രവർത്തകരുടെ മേൽചാരുകയായിരുന്നു.