- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കടപ്പയിൽ വൈ.എസ്.ശർമിള, കോൺഗ്രസിന്റെ പുതിയ സ്ഥാനാർത്ഥി പട്ടിക
ന്യൂഡൽഹി: ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള പതിനേഴ് സ്ഥാനാർത്ഥികളെക്കൂടി പ്രഖ്യാപിച്ച് കോൺഗ്രസ്. പാർട്ടി പുറത്തിറക്കിയ 11-ാമത്തെ ലിസ്റ്റിൽ ആന്ധ പ്രദേശ് കോൺഗ്രസ് അധ്യക്ഷ വൈ.എസ്. ഷർമിളയും എ.ഐ.സി.സി ജനറൽ സെക്രട്ടറി താരീഖ് അൻവറും ഉൾപ്പെടുന്നു. ഷർമിള ആന്ധ്രയിലെ കടപ്പ മണ്ഡലത്തിൽനിന്നാണ് ജനവിധി തേടുക. താരീഖ് അൻവർ ബിഹാറിലെ കതിഹാർ മണ്ഡലത്തിൽ സ്ഥാനാർത്ഥിയാകും.
ആന്ധ്രപ്രദേശ് പി.സി.സി അധ്യക്ഷ വൈ.എസ് ശർമിള ഉൾപ്പെടെ 17 സ്ഥാനാർത്ഥികൾ ഉൾപ്പെട്ട 11-ാം സ്ഥാനാർത്ഥി പട്ടികയാണ് കോൺഗ്രസ് പുറത്തുവിട്ടത്. കേരളത്തിന്റെ ചുമതലയുണ്ടായിരുന്ന മുൻ എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവറാണ് പട്ടികയിൽ ഉൾപ്പെട്ട മറ്റൊരു പ്രമുഖൻ. ഒഡിഷയിൽ നിന്ന് എട്ട്, ആന്ധ്രയിൽ നിന്ന് അഞ്ച്, ബിഹാറിൽ നിന്ന് മൂന്ന്, ബംഗാളിൽ നിന്ന് ഒരാൾ എന്നിങ്ങനെ 17 പേരുടെ പട്ടികയാണ് നിലവിൽ പുറത്തുവന്നിരിക്കുന്നത്.
വൈ.എസ്. രാജശേഖര റെഡ്ഡിയുടെ തട്ടകമായിരുന്ന കടപ്പയിൽ നിന്നാണ് മകൾ ശർമിള ജനവിധി തേടുക. 1989 മുതൽ 1999 വരെ മണ്ഡലത്തെ പ്രതിനിധീകരിച്ചത് വൈ.എസ്.ആറായിരുന്നു. അദ്ദേഹത്തിന്റെ സഹോദരൻ വൈ.എസ് വിവേകാനന്ദ റെഡ്ഡിയും മണ്ഡലത്തെ പ്രതിനിധീകരിച്ചു. പിന്നീട്, നിലവിലെ ആന്ധ്ര മുഖ്യമന്ത്രിയും ശർമിളയുടെ സഹോദരനുമായ ജഗൻ മോഹന്റെ തട്ടകമായിരുന്നു കടപ്പ.
കോൺഗ്രസ് ടിക്കറ്റിലും തുടർന്ന് സ്വന്തം പാർട്ടിയായ വൈഎസ്ആർ കോൺഗ്രസിന്റെ സ്ഥാനാർത്ഥിയായും ജഗൻ മണ്ഡലം പിടിച്ചടക്കി. 2014 മുതൽ ജഗന്റെ പാർട്ടിയുടെ ടിക്കറ്റിൽ ശർമിളയുടെ ബന്ധുകൂടിയായ വൈ.എസ്.അവിനാശ് റെഡ്ഡിയാണ് കടപ്പയിലെ എംപി. വൈ.എസ്.ആർ.കോൺഗ്രസ് സിറ്റിങ് എംപിയായ അവിനാശ് റെഡ്ഡിയാണ് ശർമിളയുടെ പ്രധാന എതിരാളി. ടി.ഡി.പി. ഇവിടെ സി.ബി.സുബ്ബരാമി റെഡ്ഡിയെയാണ് സ്ഥാനാർത്ഥിയാക്കിയിട്ടുള്ളത്.
വൈ.എസ്. വിവേകാനന്ദ റെഡ്ഡിയുടെ കൊലപാതക്കേസുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾ തിരഞ്ഞെടുപ്പിൽ തങ്ങൾക്ക് അനുകൂലമായേക്കുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. വൈ.എസ് അവിനാശ് റെഡ്ഡിക്ക് അദ്ദേഹത്തിന്റെ മരണത്തിൽ പങ്കുണ്ടെന്ന് ആരോപണങ്ങളുണ്ടായിരുന്നു. വൈ.എസ്. ജഗന്മോഹൻ റെഡ്ഡി അധികാരത്തിലെത്തിയിട്ടും കേസിൽ മെല്ലെപ്പോക്കണെന്നും നേരത്തെ വിവേകാനന്ദ റെഡ്ഡിയുടെ മകൾ ആരോപിച്ചിരുന്നു.
തെലങ്കാന കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ശർമിളയെ ആന്ധ്രയിൽ പാർട്ടിക്ക് തിരിച്ചുവരവിനുള്ള വഴിയൊരുക്കുന്നതിനാണ് കോൺഗ്രസിലെത്തിച്ചത്. ആന്ധ്ര മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡിയുടെ മരണവും പിന്നാലെ നടത്തിയ ആന്ധ്ര വിഭജനവുമാണ് സംസ്ഥാനത്ത് കോൺഗ്രസിന്റെ തകർച്ച പൂർണമാക്കിയത്.
വൈ.എസ്.ആറിന്റെ മകൻ ജഗൻ മോഹൻ റെഡ്ഡിയുടെ മുഖ്യമന്ത്രി മോഹം ഹൈക്കമാൻഡ് തടഞ്ഞതോടെ അദ്ദേഹം പാർട്ടി വിട്ട് വൈ.എസ്.ആർ കോൺഗ്രസ് പാർട്ടിയുമായി ആന്ധ്ര പിടിച്ചു. ഒരുകാലത്ത് കോൺഗ്രസിന്റെ കോട്ടയായിരുന്ന ആന്ധ്രയിൽ തിരിച്ചുവരവാണ് വൈ.എസ്.ആറിന്റെ മകളിലൂടെ കോൺഗ്രസ് പ്രതീക്ഷിക്കുന്നത്.
എം.എം. പല്ലംരാജു ആന്ധ്രയിലെ കാക്കിനഡ മണ്ഡലത്തിൽ ജനവിധി തേടുമ്പോൾ ഗിഡുഗു രുദ്ര രാജു രാജമുന്ദ്രിയിലും പി.ജ. രാംപുല്ലയ്യ യാദവ് കുർണൂലിലും മത്സരിക്കും. ബപത്‌ല സംവരണ മണ്ഡലത്തിൽ ജെ.ഡി. ശീലമാണ് സ്ഥാനാർത്ഥി. ബലഹാറിൽ കിഷൻഗഞ്ചിൽ മുഹമ്മദ് ജാവേദും ഭഗൽപൂരിൽ അജീത് ശർമയും സ്ഥാനാർത്ഥികളാവും. ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം നടക്കുന്ന ആന്ധ്ര നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളേയും കോൺഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. 114 സ്ഥാനാർത്ഥികളുടെ പട്ടികയാണ് പുറത്ത് വിട്ടിട്ടുള്ളത്.