പത്തനംതിട്ട: ലോക്സഭ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി അനിൽ കെ. ആന്റണിയും യു.ഡി.എഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിയും ഇന്നലെ പത്രിക സമർപ്പിച്ചു. വരണാധികാരിയായ ജില്ല കലക്ടർ എസ്. പ്രേം കൃഷ്ണൻ മുൻപാകെയാണ് പത്രിക സമർപ്പിച്ചത്. അനിൽ കെ. ആന്റണിക്കൊപ്പം ബിജെപി സംസ്ഥാന സെക്രട്ടറിയും ലോക്സഭ ഇൻചാർജുമായ കരമന ജയൻ, ജില്ലാ പ്രസിഡന്റ് അഡ്വ. വി.എ. സൂരജ്, ബി.ഡി.ജെ.എസ് ജില്ല പ്രസിഡന്റ് ഡോ. എ.വി.ആനന്ദരാജ്, എൻ.ഡി.എ ചീഫ് ഇലക്ഷൻ ഏജന്റ് അഡ്വ. എ.വി. അരുൺ പ്രകാശ് എന്നിവരുമുണ്ടായിരുന്നു. പാർലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ നിന്നും നൂറുകണക്കിന് പ്രവർത്തകരോടൊപ്പം നഗരത്തിലൂടെ പ്രകടനമായാണ് കലക്ടറേറ്റ് കവാടം വരെ എൻ.ഡി.എ എത്തിയത്.

മുൻ രാജ്യസഭ ഉപാധ്യക്ഷൻ പ്രഫ. പി.ജെ.കുര്യൻ, അഡ്വ. കെ. ശിവദാസൻ നായർ, ഡി.സി.സി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ, മുസ്ലിം ലീഗ് നേതാവ് കെ ഇ അബ്ദുൾ റഹ്‌മാൻ എന്നിവർ നാമനിർദ്ദേശ പത്രിക സമർപ്പിക്കുമ്പോൾ ആന്റോ ആന്റണിക്ക് ഒപ്പമുണ്ടായിരുന്നു.

ആന്റോയ്ക്ക് 40 ലക്ഷം ആസ്തി, ബാധ്യത 55 ലക്ഷം

ആന്റോ ആന്റണിക്ക് 26,08,211.27 രൂപയുടെ നിക്ഷേപങ്ങളും ഇതര ആസ്തികൾ 14,20,135 രൂപയുടേതുമാണെന്ന് നാമനിർദ്ദേശപത്രികയ്‌ക്കൊപ്പം സമർപ്പിക്കപ്പെട്ട സത്യവാങ്മൂലം. 54.78 ലക്ഷം രൂപയുടെ വായ്പയും ആന്റോയ്ക്കുണ്ട്. ഭാര്യയുടെ പേരിൽ 7,70,330.28 രൂപയുടെ ആസ്തികളാണുള്ളത്. രണ്ട് മക്കളിൽ ഒരാളുടെ പേരിൽ 81,194.67 രൂപയും മറ്റൊരാളുടെ പേരില് 21,247.06 രൂപയുമാണ് നിക്ഷേപമായുള്ളത്.

ആന്റോ ആന്റണിയുടെ കൈവശം ഇന്നലെ 50,000 രൂപയും ഭാര്യയുടെ കൈവശം 20,000 രൂപയും മക്കളുടെ കൈവശം 10,000 രൂപ വീതവുമാണ് പണമായിട്ടുള്ളത്. വിവിധ ബാങ്കുകളിലെ നിക്ഷേപവും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. സഹകരണബാങ്കുകളിൽ തലപപ്പാലത്ത് 25,000 രൂപ ആന്റോയ്ക്ക് നിക്ഷേപമുണ്ട്. ഭാര്യയുടെ പേരിൽ പൂഞ്ഞാർ സഹകരണ ബാങ്കിൽ 20,000 രൂപയുടെ നിക്ഷേപവുമുണ്ട്. 2016, 2019 മോഡലുകളിലുള്ള രണ്ട് ഇന്നോവ വാഹനങ്ങളും ഉപയോഗിക്കുന്നുണ്ട്.

കാർഷിക, വാണിജ്യഭൂമിയും കെട്ടിടങ്ങളും ഉൾപ്പെടെ 14,20,135 രൂപയുടെ ആസ്തിയാണ് ആന്റോയ്ക്കുള്ളത്. ഭാര്യയുടെ പേരിൽ 75,70,738 രൂപയുടെ ആസ്തിവകകളുണ്ട്. 54,78,658 രൂപയുടെ വായ്പ വിവിധ ബാങ്കുകളിലായി എംപിക്കും 64,49,032.23 രൂപയുടെ വായ്പ ഭാര്യയ്ക്കുമുണ്ട്. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ നൽകിയ ഇൻകംടാക്‌സ് വിവരങ്ങളും സത്യവാങ്മൂലത്തിലുണ്ട്. 2023 - 24ൽ ആന്റോ നൽകിയത് 9,49.190 രൂപയാണ്. ഭാര്യ 4,78,530 രൂപയും നൽകി. 2020- 21ൽ 12 ലക്ഷം ൂപയും 2019 - 20ൽ 11,52,539 രൂപയും ആദായനികുതിയായി ആന്റോ നൽകിയിട്ടുണ്ട്. വിവിധ കോടതികളിലായി ഇക്കാലയളവിലുള്ള പെറ്റിക്കേസുകൾ അടക്കമുള്ളവയുടെ വിവരങ്ങളും സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

അനിൽ കെ. ആന്റണിക്ക് വിദേശത്തടക്കം നിക്ഷേപം, ബാധ്യതയില്ല

അനിൽ കെ. ആന്റണിക്ക് വിദേശ ബാങ്കുകളിലടക്കം 1,00,14,577.75 രൂപയുടെ നിക്ഷേപമുള്ളതായി സത്യവാങ്മൂലം. 50000 രൂപയാണ് സ്ഥാനാർത്ഥിയുടെ കൈവശമുള്ളത്. ന്യൂഡൽഹി, തിരുവനന്തപുരം എന്നിവിടങ്ങളിലെ വിവിധ ബാങ്ക് ശാഖകളിലെ നിക്ഷേപങ്ങളുടെ വിവരങ്ങൾ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. യുഎസ്എയിലെ ധനകാര്യസ്ഥാപനങ്ങളിലായി 5.38 ലക്ഷം, 56,610 രൂപയുടെയും നിക്ഷേപങ്ങളുണ്ട്. വിദേശത്തുൾപ്പെടെ നടത്തിയിട്ടുള്ള ഇതര നിക്ഷേപ വിവരങ്ങളും ചേർത്താണ് സത്യവാങ്മൂലം തയാറാക്കിയിട്ടുള്ളത്.

വസ്തു സംബന്ധമായ ഇതര ആസ്തികളോ വായ്പകളോ കുടിശികകളോ ഒന്നുംതന്നെ ഇല്ല. യുഎസ്എയിലെ സ്റ്റാൻഫോർഡ് സർവകലാശാലയിൽ നിന്നു നേടിയിട്ടുള്ള മാസ്റ്റർ ഓഫ് സയൻസ് ഇൻ മാനേജ്‌മെന്റ് സയൻസ് ആൻഡ് എൻജിനിയറിംഗാണ് അനിലിന്റെ വിദ്യാഭ്യാസ യോഗ്യത.