പത്തനംതിട്ട: ആന്റോ ആന്റണിയുടെ പത്രിക സമർപ്പണത്തിന് പിന്നാലെ യുഡിഎഫിൽ വിവാദം. കലക്ടറേറ്റിൽ പത്രിക സമർപ്പിക്കുന്നതിന് വേണ്ടി സ്ഥാനാർത്ഥിയെ അനുഗമിച്ചവരിൽ നിന്ന് കേരളാ കോൺഗ്രസ് പ്രതിനിധിയെ ഒഴിവാക്കിയതാണ് അസംതൃപ്തിക്ക് കാരണമായത്. ഇതു സംബന്ധിച്ച് യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് കമ്മറ്റിയുടെ വാട്സാപ്പ് ഗ്രൂപ്പിൽ കേരളാ കോൺഗ്രസ് അംഗങ്ങൾ പ്രതികരിച്ചു. എന്നാൽ, അഡ്‌മിൻ ഇത് ഡിലീറ്റ് ചെയ്തു.

പത്രികാ സമർപ്പണത്തിന് സ്ഥാനാർത്ഥിയടക്കം അഞ്ചു പേർക്കാണ് വരണാധികാരിക്ക് മുന്നിലേക്ക് ചെല്ലാൻ കഴിയുന്നത്. എൽഡിഎഫും എൻഡിഎയും ഘടക കക്ഷികളുടെ എല്ലാം ഓരോ പ്രതിനിധികളെയാണ് സ്ഥാനാർത്ഥിക്കൊപ്പം അയച്ചത്. എന്നാൽ, യുഡിഎഫിൽ വന്നപ്പോൾ അത് സാമുദായിക അടിസ്ഥാനത്തിലായി. സ്ഥാനാർത്ഥിക്ക് പുറമേ നായർ, ഈഴവ, ക്രൈസ്തവ, മുസ്ലിം പ്രതിനിധികൾ പോയാൽ മതിയെന്നായി തീരുമാനം.

ഇതോടെ ശിവദാസൻ നായർ, സതീഷ് കൊച്ചുപറമ്പിൽ, പി.ജെ. കുര്യൻ എന്നിവർ കോൺഗ്രസിൽ നിന്നും ഓരോ സമുദായങ്ങളെ പ്രതിനിധീകരിച്ചു. ലീഗിൽ നിന്ന് സംസ്ഥാന നേതാവ് കെ.ഇ. അബ്ദുൾ റഹിമാനെയും കൂട്ടി. ഇതോടെ കേരളാ കോൺഗ്രസ് പ്രതിനിധി ഔട്ടായി. ക്രൈസ്തവരുടെ പാർട്ടി എന്നറിയപ്പെടുന്ന കേരളാ കോൺഗ്രസിൽ നിന്ന് ഒരു പ്രതിനിധിയെ വയ്ക്കുന്നതിന് പകരം കോൺഗ്രസിൽ നിന്ന് പി.ജെ. കുര്യനാണ് ക്രൈസ്തവ സമുദായത്തെ പ്രതിനിധീകരിച്ച് പോയത്.

കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ. വർഗീസ് മാമൻ യു.ഡി.എഫിന്റെയുംആന്റോ ആന്റണിയുടെ തെരഞ്ഞെടുപ്പ് കമ്മറ്റിയുടെയും ജില്ലാ ചെയർമാനാണ്. സ്ഥാനാർത്ഥിക്കൊപ്പം ഒന്നുകിൽ വർഗീസ് മാമനെയോ അല്ലെങ്കിൽ മുതിർന്ന നേതാവും മുൻ എംഎൽഎയും കേരളാ കോൺഗ്രസ് സംസ്ഥാന വൈസ് ചെയർമാനുമായ ജോസഫ് എം. പുതുശേരിയെയോ സ്ഥാനാർത്ഥിക്കൊപ്പം അയക്കുമായിരുന്നുവെന്നാണ് കേരളാ കോൺഗ്രസ് നേതൃത്വം വിചാരിച്ചിരുന്നത്. യുഡിഎഫ് ജില്ലാ ചെയർമാൻ ആയിരുന്നിട്ട് കൂടി വർഗീസ് മാമനെ ഒഴിവാക്കി. സാമുദായിക പ്രാതിനിധ്യത്തിന്റെ പേര് പറഞ്ഞ് കോൺഗ്രസ് മൂന്നു പേരെ അയയ്ക്കുകയും ചെയ്തു.

ഇതോടെയാണ് കേരളാ കോൺഗ്രസ് അംഗങ്ങൾ യുഡി്എഫിന്റെ തെരഞ്ഞെടുപ്പ് കമ്മറ്റി ഗ്രൂപ്പിൽ വിമർശനവുമായി വന്നത്. കോൺഗ്രസ് നേതൃത്വം യുഡിഎഫിനെ ഹൈജാക്കി ചെയ്തുവെന്നും വർഗീസ് മാമനെ ഒഴിവാക്കിയത് കേരളാ കോൺഗ്രസിനെ അപമാനിക്കുന്നതാണെന്നും അഭിപ്രായം ഉയർന്നു. ഇതോടെ അഡ്‌മിൻ ഇടപെട്ട് സന്ദേശങ്ങൾ ഡിലീറ്റ് ചെയ്യുകയായിരുന്നു. ഇതേപ്പറ്റി പ്രതികരിക്കാൻ കേരളാ കോൺഗ്രസ് നേതൃത്വം ഇതുവരെ തയാറായിട്ടില്ല.