കോട്ടയം: കോട്ടയത്തെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ അപരന്മാർക്ക് കനത്ത തിരിച്ചടി. ഫ്രാൻസിസ് ജോർജിന്റെ അപരന്മാരായി രംഗത്ത് വന്ന രണ്ട് സ്ഥാനാർത്ഥികളുടെയും പത്രിക തള്ളി. പത്രികകളുമായി ബന്ധപ്പെട്ട യുഡിഎഫ് വാദങ്ങൾ വരണാധികാരി അംഗീകരിക്കുകയായിരുന്നു. ഫ്രാൻസിസ് ജോർജ്, ഫ്രാൻസിസ് ഇ ജോർജ് എന്നിവരുടെ പത്രികകളാണ് തള്ളിയത്. നേരത്തെ, കോട്ടയത്തെ യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജിന്റെ അപരന്മാരുടെ പത്രിക തള്ളണമെന്ന ആവശ്യവുമായി യുഡിഎഫ് രംഗത്ത് വന്നിരുന്നു.

അപരന്മാരുടെ പത്രികയിൽ പിന്താങ്ങിയവരുടെ ഒപ്പ് വ്യാജമായി ഇട്ടതാണ് എന്നായിരുന്നു യുഡിഎഫിന്റെ പരാതി. പത്രിക പൂർണമായും പൂരിപ്പിച്ചിട്ടില്ലെന്നും പരാതിയിലുണ്ടായിരുന്നു. തുടർന്ന് പത്രികയിൽ ഒപ്പിട്ടവരെ നേരിട്ട് ഹാജരാക്കാൻ അപരന്മാർക്ക് ജില്ലാ കളക്ടർ നിർദ്ദേശം നൽകുകയായിരുന്നു.

കോട്ടയം ലോക്‌സഭാ മണ്ഡലത്തിൽ പത്രിക നൽകിയ 'ഫ്രാൻസിസ് ജോർജ്ജു'മാരുടെ പിന്നിൽ എൽഡിഎഫാണെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജ് ആരോപിക്കുകയും ചെയ്തിരുന്നു. സിപിഎം പാറത്തോട് ലോക്കൽ കമ്മിറ്റി അംഗം ഫ്രാൻസിസ് ജോർജ്ജും കേരളാ കോൺഗ്രസ് മാണി വിഭാഗം ജില്ലാ കമ്മിറ്റിയംഗം ഫ്രാൻസിസ് ജോർജ്ജുമാണ് പത്രിക സമർപ്പിച്ചത്.

യുഡിഎഫ് സ്ഥാനാർത്ഥിയായി കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ നിന്ന് മത്സരിക്കുന്ന ഫ്രാൻസിസ് ജോർജ്ജിന്റെ വോട്ടുകൾ ചോർത്താൻ ലക്ഷ്യമിട്ടാണ് ഇവർ പത്രിക നൽകിയതെന്നായിരുന്നു ആരോപണം. രണ്ട് അപരന്മാരുടെയും സ്ഥാനാർത്ഥിത്വം യുഡിഎഫിന് വെല്ലുവിളിയായി മാറിയിരുന്നു.

ജനാധിപത്യം അട്ടിമറിക്കാനാണ് ഇടത് മുന്നണിയുടെ ശ്രമമെന്നും എൽഡിഎഫിന് പരാജയ ഭീതിയെന്നും യുഡിഎഫ് സ്ഥാനാർത്ഥി കുറ്റപ്പെടുത്തി. അപരന്മാരെ നിർത്തിയത് എൽഡിഎഫ് അല്ലെങ്കിൽ ഇരുവരെയും പാർട്ടികളിൽ നിന്ന് പുറത്താക്കണമെന്ന് കോട്ടയത്തെ യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജ്ജ് ആവശ്യപ്പെട്ടിരുന്നു.

അതേസമയം, പാലക്കാട് എൽഡിഎഫ് സ്ഥാനാർത്ഥി എ.വിജയരാഘവന്റെ അപരൻ വിജയരാഘവന്റെ പത്രികയും തള്ളി. ശ്രീകൃഷ്ണപുരം സ്വദേശി എ വിജയരാഘവന്റെ പത്രികയാണ് സൂക്ഷ്മപരിശോധനയാണ് തള്ളിയത്