ആലപ്പുഴ: ബിജെപി സംസ്ഥാന ഉപാധ്യക്ഷ ശോഭാ സുരേന്ദ്രന്റെ സ്ഥാനാർത്ഥിത്വത്തിലൂടെയും ചിട്ടയായ തെരഞ്ഞെടുപ്പ് പ്രചാരണത്തിലൂടെയും എൻ.ഡി.എയ്ക്ക് വലിയ ജനപിന്തുണ ലഭിച്ചതോടെ ആലപ്പുഴയെയും ബിജെപി.യുടെ എ ക്ലാസ് മണ്ഡലങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി കേന്ദ്രനേതൃത്വം. തിരുവനന്തപുരം, ആറ്റിങ്ങൽ, പത്തനംതിട്ട, മാവേലിക്കര, തൃശ്ശൂർ, പാലക്കാട് മണ്ഡലങ്ങൾക്കൊപ്പം ബിജെപി നേതൃത്വം പ്രതീക്ഷ വയ്ക്കുന്ന മണ്ഡലങ്ങളുടെ പട്ടികയിലേക്കാണ് ആലപ്പുഴയും മുന്നേറുന്നതെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.

മണ്ഡലത്തിൽ ശക്തമായ പ്രചാരണം തുടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആലപ്പുഴയിലേക്ക് എത്താനുള്ള സാധ്യതയും ഉണ്ട്. ഇതുവരെ സംസ്ഥാന നേതൃത്വത്തിന്റെ മേൽനോട്ടത്തിലായിരുന്നു ആലപ്പുഴ. എ ക്ലാസ് പട്ടികയിലായതോടെ മേൽനോട്ടം കേന്ദ്രനേതൃത്വം ഏറ്റെടുക്കും. ഇതിന്റെ ഭാഗമായി നേതൃതലത്തിലും മാറ്റങ്ങളുണ്ട്.

മണ്ഡലത്തിന്റെ ചുമതല ഇപ്പോൾ സംസ്ഥാന സെക്രട്ടറി പന്തളം പ്രതാപന് ആണ്. മാവേലിക്കര മണ്ഡലത്തിന്റെ ചുമതലയുള്ള ബിജെപി. ജില്ലാ അധ്യക്ഷൻ എം വി ഗോപകുമാറിനെയും ആലപ്പുഴയിൽ ശോഭാസുരേന്ദ്രന്റെ പ്രചാരണത്തിനായി നിയോഗിച്ചിട്ടുണ്ട്. ആർഎസ്എസ്. പ്രാന്തീയ കാര്യകാര്യ സദസ്യൻ എം.ആർ. പ്രസാദിനെയും പുതുതായി നിയോഗിച്ചു. ഇനി ബൂത്തുതലം മുതലുള്ള പ്രവർത്തനം ആർഎസ്എസ്സാകും ഏകോപിപ്പിക്കുക. ക്ലസ്റ്റർ ചുമതലക്കാരനായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യനെയും ചുമതലപ്പെടുത്തി.

പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉൾപ്പെടെയുള്ളവർ മണ്ഡലത്തിലെത്താൻ സാധ്യതയുണ്ട്. അടുത്തദിവസം തന്നെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി ആലപ്പുഴയിൽ പ്രചാരണത്തിനെത്തും.

കേരളത്തിൽ ബിജെപിയുടെ ഏഴാം എ പ്ലസ് മണ്ഡലമാണ് ആലപ്പുഴ. തിരുവനന്തപുരം, ആറ്റിങ്ങൽ, പത്തനംതിട്ട, മാവേലിക്കര തൃശൂർ, പാലക്കാട് എന്നിവയായിരുന്നു ഇതുവരെ സംസ്ഥാനത്ത് ബിജെപി എ പ്ലസ് വിഭാഗത്തിൽ ഉൾപ്പെടുത്തിയിരുന്ന മണ്ഡലങ്ങൾ. ആലപ്പുഴയിൽ വോട്ടുവിഹിതത്തിൽ വൻ വർധനവാണു ബിജെപി പ്രതീക്ഷിക്കുന്നത്. 2019ൽ ആറ്റിങ്ങളിൽ ശോഭാ സുരേന്ദ്രൻ മത്സരിച്ചപ്പോഴും ബിജെപിക്കു വോട്ടു വർധിച്ചിരുന്നു.

ആലപ്പുഴ ലോക്സഭാ മണ്ഡലത്തിൽ ബിജെപി.യുടെ അപ്രതീക്ഷിത സ്ഥാനാർത്ഥിയായാണ് ശോഭാ സുരേന്ദ്രൻ കടന്നുവന്നത്. കഴിഞ്ഞതവണ മത്സരിച്ച ഡോ.കെ.എസ്. രാധാകൃഷ്ണന്റെ പേരാണ് പ്രധാനമായും പറഞ്ഞുകേട്ടിരുന്നത്. ഒരുഘട്ടത്തിൽപ്പോലും സൂചനയില്ലാതെയായിരുന്നു ശോഭാ സുരേന്ദ്രൻ ആലപ്പുഴയിലേക്കെത്തിയത്.

ഈഴവ വിഭാഗത്തിന് കാര്യമായ വോട്ടുള്ള ആലപ്പുഴയിൽ ഇതു ലക്ഷ്യമിട്ടാണ് ശോഭാ സുരേന്ദ്രനെ ബിജെപി. അവതരിപ്പിക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. യു.ഡി.എഫ്. സ്ഥാനാർത്ഥിയായി കെ.സി. വരുമെന്ന കാര്യമടക്കം ബിജെപി നേതൃത്വം പരിഗണിച്ചതായാണ് സൂചന.

കഴിഞ്ഞതവണ ഡോ. രാധാകൃഷ്ണൻ 1.87 ലക്ഷം വോട്ടു നേടിയിരുന്നു. എ.എം. ആരിഫിന് 4.45 ലക്ഷവും ഷാനിമോൾ ഉസ്മാന് 4.35 ലക്ഷവുമാണ് ലഭിച്ചത്. ശോഭാ സുരേന്ദ്രൻ എത്തിയതോടെ പോരാട്ടം എതിർക്യാമ്പുകളിലേക്ക് നയിക്കാനായെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.

തൃശ്ശൂർ വടക്കാഞ്ചേരി മണലിത്തറ കണ്ടമ്പുള്ളി വീട്ടിൽ പരേതനായ കൃഷ്ണന്റെയും കല്യാണിയുടെയും മകളാണ്. കോഴിക്കോട്ട് പ്രഭാരിയായി പ്രവർത്തിക്കുകയായിരുന്നു. കഴിഞ്ഞതവണ ആറ്റിങ്ങൽ മണ്ഡലത്തിലാണ് ശോഭാ സുരേന്ദ്രൻ മത്സരിച്ചത്. 2.48 ലക്ഷം വോട്ടുനേടാൻ കഴിഞ്ഞു. 2014-ൽ അവിടെ ബിജെപി. നേടിയതിനെക്കാൾ ഒന്നരലക്ഷത്തോളം അധികവോട്ടു നേടി.

മത്സരിച്ച തിരഞ്ഞെടുപ്പുകളിലെല്ലാം പാർട്ടിയുടെ വോട്ടുവിഹിതം വർധിപ്പിക്കാൻ കഴിഞ്ഞെന്ന ആത്മവിശ്വാസത്തോടെയാണ് ശോഭ ആലപ്പുഴയിൽ ഇറങ്ങിയത്. മുൻ എം പിയായ യുഡിഎഫ് സ്ഥാനാർത്ഥി കെ സി വേണുഗോപാലിനും എൽ.ഡി.എഫിന്റെ സിറ്റിങ് എംപി. എ.എം. ആരിഫിനും ശക്തമായ വെല്ലുവിളിയാണ് ശോഭാ സുരേന്ദ്രൻ ഉയർത്തുന്നത്.