ഭോപ്പാൽ: ക്രിക്കറ്റിൽ മുൻ ഇന്ത്യൻ നായകൻ മഹേന്ദ്രസിങ് ധോണിയേപ്പോലെ, ഇന്ത്യൻ രാഷ്ട്രീയത്തിലെ മികച്ച 'ഫിനിഷറാ'ണ് രാഹുൽ ഗാന്ധിയെന്നും കോൺഗ്രസ് പാർട്ടിയെ ഇല്ലാതാക്കുക ലക്ഷ്യമെന്നും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. വിവിധ സംസ്ഥാനങ്ങളിൽനിന്നായി ഒട്ടേറെ കോൺഗ്രസ് നേതാക്കൾ പാർട്ടി വിട്ട് ബിജെപി ഉൾപ്പെടെയുള്ള പാർട്ടികളിലേക്ക് ചേക്കേറുന്ന സാഹചര്യത്തിലാണ് രാഹുൽ ഗാന്ധിയെ 'ഫിനിഷർ' എന്നു വിശേഷിപ്പിച്ചുള്ള രാജ്‌നാഥിന്റെ പരിഹാസം. മധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

"എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് ഞാൻ ചിലപ്പോൾ അത്ഭുതപ്പെടാറുണ്ട്. ഒടുവിൽ ഞാനൊരു നിഗമനത്തിലെത്തി. ആരാണ് ക്രിക്കറ്റിൽ ഏറ്റവും മികച്ച ഫിനിഷർ? (മഹേന്ദ്രസിങ് ധോണി എന്ന് ജനക്കൂട്ടത്തിന്റെ മറുപടി). അതെ ധോണി തന്നെ. ഇന്ത്യൻ രാഷ്ട്രീയത്തിലെ മികച്ച ഫിനിഷർ ആരാണെന്ന് ആരെങ്കിലും ചോദിക്കുന്നുവെന്ന് വയ്ക്കുക. ഞാൻ പറയും, അത് രാഹുൽ ഗാന്ധിയാണെന്ന്. നിരവധി നേതാക്കൾ കോൺഗ്രസ് വിടുന്നതിന്റെ പ്രധാനകാരണം ഇതാണ്." രാജ്‌നാഥ് സിങ് ചൂണ്ടിക്കാട്ടി.

കോൺഗ്രസിനെ ഇല്ലാതാക്കാതെ രാഹുൽ ഗാന്ധി നിർത്തില്ലെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. അധികാരത്തിലിരിക്കുമ്പോൾ കോൺഗ്രസ് നിരവധി വാഗ്ദാനങ്ങൾ നൽകിയിരുന്നുവെന്നും അവ ഭാഗികമായെങ്കിലും നിറവേറ്റിയിരുന്നെങ്കിൽ ഇന്ത്യ വളരെ മുമ്പുതന്നെ ശക്തമായ രാജ്യമാകുമായിരുന്നുവെന്നും രാജ്നാഥ് സിങ് വിമർശിച്ചു.

"കോൺഗ്രസും അഴിമതിയും പരസ്പര പൂരകങ്ങളാണ്. മിക്ക കോൺഗ്രസ് നേതാക്കളും അഴിമതി ആരോപണങ്ങൾ നേരിടുന്നവരാണ്. എന്നാൽ മോദി സർക്കാരിൽ ഒരു മന്ത്രി പോലും ഇത്തരത്തിലുള്ള ആരോപണങ്ങൾ നേരിടുന്നില്ല. ഒരിക്കൽ രാജ്യം ഭരിച്ചിരുന്ന പാർട്ടിയാണ് കോൺഗ്രസ്. ഇപ്പോൾ ഒന്നോ രണ്ടോ സംസ്ഥാനങ്ങളിലേക്ക് ഒതുങ്ങി." രാജ്‌നാഥ് സിങ് ചൂണ്ടിക്കാട്ടി.

മിക്ക കോൺഗ്രസ് സർക്കാരുകളും അഴിമതി ആരോപണങ്ങൾ നേരിട്ടിരുന്നു, എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സർക്കാരിലെ ഒരു മന്ത്രിക്കെതിരെയും അത്തരം ആരോപണങ്ങൾ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 2045ഓടെ ഇന്ത്യ ഇന്ത്യ സൂപ്പർ പവർ ആകും. 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' രാജ്യത്തിന്റെ സമയവും വരുമാനവും ലാഭിക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു.