- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശശി തരൂരിനോട് വിട്ടുവീഴ്ചയില്ല
തിരുവനന്തപുരം: പണം നൽകി വോട്ട് തേടിയെന്ന് തനിക്കെതിരെ അടിസ്ഥാനരഹിതവും അപകീർത്തികരവുമായ പ്രസ്താവന നടത്തിയതിന് തിരുവനന്തപുരത്തെ കോൺഗ്രസ് സ്ഥാനാർത്ഥി ശശി തരൂരിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകാനുള്ള തീരുമാനത്തിലുറച്ച് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. പ്രസ്താവന നിരുപാധികം പിൻവലിച്ച് രേഖാമൂലം ക്ഷമാപണം നടത്തിയില്ലെങ്കിൽ കടുത്ത നിയമ നടപടികളിലേക്ക് നീങ്ങുമെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
പാർലമെന്റ് അംഗമെന്ന നിലയിൽ കഴിഞ്ഞ 18 വർഷവും കളങ്കരഹിതമായ പ്രതിച്ഛായ കാത്ത് സൂക്ഷിക്കുന്ന പൊതുപ്രവർത്തകനാണ് താൻ. എന്നാൽ തന്നെ മാത്രമല്ല സാമൂഹിക മത സംഘടനകളെക്കൂടി അപമാനിക്കുക എന്ന ലക്ഷ്യം വെച്ച് കൊണ്ട് ശശി തരൂർ അടിസ്ഥാനരഹിതമായ ആരോപണമുന്നയിച്ചത്. ഇതിന്റെ പശ്ചാത്തലത്തിൽ രാജീവ് ചന്ദ്രശേഖർ ഉന്നയിച്ച മൂന്നു ചോദ്യങ്ങൾക്ക് തരൂരിന് മറുപടി പറയാൻ കഴിഞ്ഞിട്ടില്ല.
ഈ ചോദ്യങ്ങൾക്ക് വ്യക്തമായ ശശി തരൂർ നൽകണം. അല്ലാത്ത പക്ഷം, നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
രാജീവ് ചന്ദ്രശേഖർ ഉന്നയിച്ച ചോദ്യങ്ങൾ:
1. എന്നിൽ നിന്ന് പണം കൈപ്പറ്റിയതായി താങ്കൾ (ശശിതരൂർ) പറയുന്ന സാമൂഹിക-മത സംഘടനകളുടെ നേതാക്കൾ ആരാണ്? സമൂഹത്തിലെ മാന്യരായ വ്യക്തികളുടെ സൽപ്പേരിന് കളങ്കം വരുത്താൻ നിങ്ങൾ അവരെത്തന്നെ കരുവാക്കിയതെന്തിന്?
2. താങ്കളുടെ 15 വർഷത്തെ രാഷ്ട്രീയ ജീവിതത്തിൽ, നിങ്ങൾ എപ്പോഴെങ്കിലും സമാന നിർദ്ദേശങ്ങളുമായി ഈ നേതാക്കളെ സമീപിച്ചിട്ടുണ്ടോ, അതോ അവരിൽ നിന്ന് അത്തരം വിലകുറഞ്ഞ അഭ്യർത്ഥനകൾ താങ്കൾക്ക് ഇതിനു മുൻപ് ലഭിച്ചിട്ടുണ്ടോ?
3. തെറ്റായ വിവരങ്ങളുടെയും കള്ളത്തരങ്ങളുടെയും ഈ രാഷ്ട്രീയം അവസാനിപ്പിക്കാൻ നിങ്ങൾ തയ്യാറാണോ?
ഈ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉടൻ പിൻവലിക്കണമെന്നും തന്നോടും ഈ ബഹുമാന്യരായ വ്യക്തികളോടും നിരുപാധികം മാപ്പ് പറയണമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. അതിനു ശേഷം തിരുവനന്തപുരത്തിന്റെ സമഗ്ര വികസനത്തിനായി ക്രിയാത്മകമായ സംവാദത്തിൽ ഏർപ്പെടാം.
പണം നൽകി വോട്ട് തേടിയെന്ന ആരോപണത്തിന് ശശി തരൂർ വ്യക്തമായ മറുപടി നൽകിയേ മതിയാകൂ. തിരുവനന്തപുരത്തെ സാമുദായിക സംഘടനാ നേതാക്കളെ മാത്രമല്ല, മണ്ഡലത്തിലെ വോട്ടർമാരെക്കൂടി അപമാനിക്കുകയാണ് തരൂർ ചെയ്തത്. ഇത്തരമൊരു പച്ചക്കള്ളംഉന്നയിക്കുന്നതിനു മുന്നേ തന്നെ അതിന്റെ ഭവിഷ്യത്ത് എന്താകുമെന്ന് ശശി തരൂർ ഓർക്കണമായിരുന്നു എന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഞാൻ ആർക്കാണ് പണം നൽകി വോട്ട് തേടിയതെന്ന് വിശ്വപൗരനായി സ്വയം വിശേഷിപ്പിക്കുന്ന എംപി ഇനിയെങ്കിലും വ്യക്തമാക്കണം. വിവിധ സാമൂഹിക നേതാക്കളുടെ വിശ്വാസ്യതയെക്കൂടി ബാധിക്കുന്ന വിഷയമായതിനാലാണ് ഇക്കാര്യത്തിൽ ശശി തരൂരിനോട് കാര്യങ്ങൾ പരസ്യമാക്കാൻ ആവശ്യപ്പെടുന്നതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.