- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഹാരാഷ്ട്രയിൽ സീറ്റ് വിഭജനം പൂർത്തിയാക്കി മഹാവികാസ് അഘാഡി
മുംബൈ: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പിന് പത്ത് ദിവസം മാത്രം ശേഷിക്കെ മഹാരാഷ്ട്രയിൽ മഹാവികാസ് അഘാഡിയിൽ സീറ്റ് വിഭജനം പൂർത്തിയായി. പ്രകാശ് അംബേദ്കറെ അനുയയിപ്പിക്കാനുള്ള കോൺഗ്രസിന്റെ അവസാനവട്ട നീക്കവും പാളിയതോടെ പ്രതിപക്ഷ നിരയിലെ പാർട്ടികൾക്ക് കടുത്ത വെല്ലുവിളി നേരിടേണ്ടി വരുമെന്ന് ഉറപ്പായി. അദ്ദേഹത്തിന്റെ പാർട്ടിയായ വഞ്ചിത് ബഹുജൻ അഘാഡി (വിബിഎ)യെ ഉൾപ്പെടുത്താതെയാണ് മഹാവികാസ് അഘാഡിയുടെ സീറ്റ് വിഭജനം പൂർത്തീകരിച്ചത്.
മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന വിഭാഗം 21 സീറ്റുകളിൽ മത്സരിക്കും. മുംബൈയിലെ ആറിൽ നാല് സീറ്റുകളിലും ഉദ്ധവ് സേനയ്ക്കാണ് നൽകിയിരിക്കുന്നത്. കോൺഗ്രസ് 17 സീറ്റുകളിലും ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി 10 ഇടങ്ങളിലും മത്സരിക്കും. ആകെ 48 ലോക്സഭാ സീറ്റുകളാണ് മഹാരാഷ്ട്രയിലുള്ളത്.
നോർത്ത് വെസ്റ്റ്, സൗത്ത് സെൻട്രൽ, സൗത്ത്, സൗത്ത് ഈസ്റ്റ് മുംബൈ സീറ്റുകളിലാണ് സേന സ്ഥാനാർത്ഥികൾ മത്സരിക്കുക. നോർത്തിലും നോർത്ത് സെൻട്രൽ മുംബൈയിലും കോൺഗ്രസ് മത്സരിക്കും. 2019-ലെ തിരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യത്തിൽ മത്സരിച്ച ശിവസേനയ്ക്ക് ഈ ആറിൽ മൂന്ന് സീറ്റുകളിൽ വിജയിക്കാനായിരുന്നു. മൂന്ന് സീറ്റ് ബിജെപിയും നേടി.
കഴിഞ്ഞ തവണ മഹാരാഷ്ട്രയിൽ കോൺഗ്രസ് വോട്ടുകൾ ഭിന്നിപ്പിച്ച പ്രകാശ് അംബേദ്കറെ രാജ്യസഭാസീറ്റ് നൽകി അനുനയിപ്പിക്കാൻ ശ്രമം നടന്നെങ്കിലും അത് വിജയിച്ചിട്ടില്ലെന്നാണ് വ്യക്തമാകുന്നത്.
ഹാവികാസ് അഘാഡി, പ്രകാശ് അംബേദ്കറെക്കൂടി ഉൾപ്പെടുത്തുന്നതിനായി ചർച്ചകൾ നടത്തിയിരുന്നു. അഞ്ച് സീറ്റുകളായിരുന്നു ആദ്യം പ്രകാശ് അംബേദ്കർ ആവശ്യപ്പെട്ടിരുന്നതെങ്കിലും പിന്നീട് എട്ട് സീറ്റുകൾ വേണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം.
ചർച്ചകൾ ഫലം കാണാതിരുന്നതോടെ പ്രകാശ് അംബേദ്കർ 20 മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു. അകോല മണ്ഡലത്തിലാണ് അംബേദ്കർ മത്സരിക്കുന്നത്. മത്സരരംഗത്തുനിന്ന് പിന്മാറുകയാണെങ്കിൽ രാജ്യസഭാസീറ്റാണ് പ്രകാശ് അംബേദ്കർക്ക് കോൺഗ്രസ് വാഗ്ദാനംചെയ്തിരിക്കുന്നത്. 2019 ലോക്സഭാതിരഞ്ഞെടുപ്പിൽ പ്രകാശ് അംബേദ്കറുടെ പാർട്ടി മത്സരിച്ചതോടെ കോൺഗ്രസിന് ഒമ്പത് മണ്ഡലങ്ങളിൽ പരാജയം നേരിടേണ്ടിവന്നിരുന്നു.