കണ്ണൂർ: കണ്ണൂരിലും ആറ്റിങ്ങലിലും യുഡിഎഫിന് കടുത്ത വെല്ലുവിളി നേരിടുന്നുവെന്ന സൂചന നൽകി മനോരമന്യൂസ് വി എം.ആർ പ്രീപോൾ സർവേ ഫലം. മുംബൈ ആസ്ഥാനമായ വോട്ടേഴ്‌സ് മൂഡ് റിസർച് ഏജൻസി നടത്തിയ സർവേ ഫലമാണ് ഘട്ടംഘട്ടമായി പുറത്തുവിടുന്നത്. തിരുവനന്തപുരത്തും കാസർകോടും വയനാട്ടിലും യുഡിഎഫ് സീറ്റ് നിലനിർത്തുമെന്ന് പ്രവചിക്കുന്ന സർവേയിൽ കണ്ണൂരിലും ആറ്റിങ്ങലിലും സിറ്റിങ് എംപിമാർ കടുത്ത മത്സരം നേരിടുന്നുവെന്നാണ് സൂചന നൽകുന്നത്.

കാസർകോട് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി രാജ്‌മോഹൻ ഉണ്ണിത്താൻ നിലനിർത്തുമെന്നും അദ്ദേഹത്തിന്റെ ഭൂരിപക്ഷമേറുമെന്നും സർവേ പ്രവചിക്കുന്നു. കാസർകോട്ട് എൽഡിഎഫിന് വോട്ട് കുറയുകയും എൻഡിഎയ്ക്ക് കൂടുകയും ചെയ്യുമെന്നാണ് സർവേയിലെ കണ്ടെത്തൽ. യുഡിഎഫ് 43.09 ശതമാനം വോട്ട് നേടുമെന്നും എൽഡിഎഫ് 33.03%, എൻഡിഎ 22.2% വീതം വോട്ടു നേടുമെന്നുമാണ് പ്രവചനം. പ്രീപോൾ സർവേ പ്രകാരം എൻഡിഎയ്ക്ക് 6.2 ശതമാനം വോട്ട് കൂടുമ്പോൾ എൽഡിഎഫിന് 6.47 ശതമാനം വോട്ട് കുറയും.

ആറ്റിങ്ങലിൽ യുഡിഎഫും എൽഡിഎഫും ഒപ്പത്തിനൊപ്പം എത്തുമെന്നാണ് പ്രീപോൾ സർവേയിലെ കണ്ടെത്തൽ. 35 ശതമാനം പേർ വീതം യുഡിഎഫിനെയും എൽഡിഎഫിനെയും പിന്തുണയ്ക്കുമ്പോൾ എൻഡിഎയ്ക്ക് 28 ശതമാനം പേർ പിന്തുണ രേഖപ്പെടുത്തി. ബിജെപിക്ക് 3.34 ശതമാനം വോട്ട് വർധിക്കുമെന്നാണ് സർവേയിലെ കണ്ടെത്തൽ.

കേന്ദ്രമന്ത്രി വി.മുരളീധരന്റെ സാന്നിധ്യം മണ്ഡലത്തിലെ പോരാട്ടം പ്രവചനാതീതമാക്കിയെന്ന് പ്രീപോൾ സർവേ പറയുന്നു. യുഡിഎഫ്, എൽഡിഎഫ് വോട്ടുകളിലെ നേരിയ കുറവും എൻഡിഎയ്ക്ക് വോട്ട് കൂടുന്നതുമാണ് ഫലപ്രവചനം ബുദ്ധിമുട്ടേറിയതാക്കുന്നത്.

ബിജെപിക്ക് 3.34 ശതമാനം വോട്ട് വർധിക്കുമെന്നാണ് പ്രീപോൾ സർവേയിലെ അനുമാനം. ബിജെപിക്ക് 2019ൽ ലഭിച്ചത് 2,48,081 വോട്ട്. പോൾ ചെയ്ത വോട്ടിന്റെ 24.69 ശതമാനം. ഇക്കുറി വോട്ട് വർധിച്ചാലും വിജയത്തോളമോ രണ്ടാംസ്ഥാനത്തോ എത്താൻ ബിജെപി ഇതുവരെ പയറ്റിയതിലും മികച്ച തന്ത്രങ്ങൾ പുറത്തിറക്കേണ്ടിവരും.

മൽസരിക്കുന്നത് ജില്ലാസെക്രട്ടറി ആയതുകൊണ്ടും 2019ലെ തോൽവിയുടെ ആഘാതം കനത്തതായിരുന്നതുകൊണ്ടും ആറ്റിങ്ങലിൽ സിപിഎം രണ്ടുംകൽപ്പിച്ചുള്ള പ്രചാരണമാണ് നടത്തുന്നത്. സിറ്റിങ് എംപി അടൂർ പ്രകാശും ടോപ് ഗിയറിലാണ്. ഇതിനൊപ്പം നിൽക്കാൻ കേന്ദ്രമന്ത്രിമാരെയും ദേശീയനേതാക്കളെയും ഇറക്കിയാണ് ബിജെപി കളംകൊഴുപ്പിക്കുന്നത്.

വയനാട്ടിൽ രാഹുൽ ഗാന്ധി തകർപ്പൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നാണ് സർവേ ഫലം. എന്നാൽ കഴിഞ്ഞതവണത്തെ അപേക്ഷിച്ച് 2.14 ശതമാനം വോട്ട് രാഹുലിന് കുറയും. 2019ൽ 64.67 ശതമാനം വോട്ട് നേടിയാണ് രാഹുൽ ഗാന്ധി വിജയിച്ചത്. എന്നാൽ ഇക്കുറി 62.5 ശതമാനം വോട്ട് വിഹിതമാണ് സർവേ പ്രവചിക്കുന്നത്. എൻഡിഎ വോട്ടിൽ 3.99 ശതമാനം വർധനയുണ്ടാകുമെന്നും പ്രവചനം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തുഷാർ വെള്ളാപ്പള്ളിക്ക് 7.22 ശതമാനം വോട്ട് ലഭിച്ചെങ്കിൽ ഇക്കുറി എൻഡിഎയ്ക്ക് 11.2 ശതമാനം വോട്ടാണ് സർവേ പ്രവചിക്കുന്നത്.

കണ്ണൂരിൽ യുഡിഎഫിന് വലിയ വോട്ട് നഷ്ടമാണ് സർവേ പ്രവചിക്കുന്നത്. 2019ൽ കെ.സുധാകരനു ലഭിച്ച 50.27 ശതമാനം വോട്ടിൽ ഇത്തവണ 7.22 ശതമാനം വോട്ടിന്റെ കുറവാണ് സർവേ പ്രവചിക്കുന്നത്. വോട്ട് വിഹിതം 43 ശതമാനമായി കുറയും. എൽഡിഎഫ് സ്ഥാനാർത്ഥി എം വി ജയരാജനും 43 ശതമാനം വോട്ടാണ് സർവേ പ്രവചിക്കുന്നത്. ഫലത്തിൽ കണ്ണൂരിൽ കനത്ത പോരാട്ടം നടക്കുമെന്ന് വ്യക്തം. എൻഡിഎ വോട്ടിൽ വലിയ വർധനയും സർവേ പ്രവചിക്കുന്നു. മുൻ കോൺഗ്രസ് നേതാവായ സി.രഘുനാഥ് ആണ് ബിജെപി സ്ഥാനാർത്ഥി. എൻഡിഎ വോട്ടിൽ 5.5 ശതമാനം വർധനയാണ് പ്രതീക്ഷിക്കുന്നത്. ആകെ വോട്ട് വിഹിതം 12 ശതമാനം.

കെപിസിസി പ്രസിഡന്റും സിറ്റിങ് എംപിയുമായ കെ.സുധാകരന് ഈ തിരഞ്ഞെടുപ്പ് യുഡിഎഫിന്റെ നായകനെന്ന നിലയിൽ അഭിമാനപ്രശ്‌നമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പി.കെ. ശ്രീമതിയെ 94,559 വോട്ടിന് തറപറ്റിച്ചാണ് സുധാകരൻ വീണ്ടും ലോക്‌സഭയിലെത്തിയത്. കോൺഗ്രസും സിപിഎമ്മും തമ്മിൽ നേരിട്ടുള്ള ഏറ്റുമുട്ടലാണ് കാലങ്ങളായി കണ്ണൂരിൽ നടക്കാറുള്ളതെങ്കിലും കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളിലും ബിജെപിക്ക് വോട്ട് വർധിച്ചു. എസ്ഡിപിഐയ്ക്കും മണ്ഡലത്തിൽ സ്വാധീനമുണ്ട്.

കൊല്ലത്ത് എൻ.കെ.പ്രേമചന്ദ്രൻ അനായാസം മണ്ഡലം നിലനിലർത്തുമെന്നാണ് പ്രവചനം. യുഡിഎഫിന് 46.41 ശതമാനവും എൽഡിഎഫിന് 37.90 ശതമാനവും എൻഡിഎയ്ക്ക് 14.61 ശതമാനവും വോട്ടാണ് സർവേ പ്രവചിക്കുന്നത്. 2019ൽ 1,48,856 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷത്തിനാണ് എൽഡിഎഫിന്റെ കെ.എൻ.ബാലഗോപാലിനെ എൻ.കെ.പ്രമേചന്ദ്രൻ പരാജയപ്പെടുത്തിയത്. കൊല്ലത്ത് നടനും എംഎൽഎയുമായ എം.മുകേഷ് മികച്ച പോരാട്ടം കാഴ്ചവയ്ക്കുന്നുണ്ടെങ്കിലും എൻ.കെ.പ്രേമചന്ദ്രൻ അനായാസം മണ്ഡലം നിലനിർത്തുമെന്ന് സർവേ.

യുഡിഎഫിന് 2019ൽ കിട്ടിയ വോട്ടിൽ 5.24 ശതമാനത്തിന്റെ കുറവ് പ്രതീക്ഷിക്കുമ്പോഴും ആകെ വോട്ടിന്റെ കണക്കിൽ എൽഡിഎഫ് പിന്നിലാകുന്നു. എൽഡിഎഫിന്റെ വോട്ട് 1.66 ശതമാനം വർധിക്കും. എന്നാൽ ബിജെപി വോട്ടിൽ വലിയ വർധന രേഖപ്പെടുത്തുന്നത് എൽഡിഎഫിന് തിരിച്ചടിയാകും. ബിജെപി വോട്ടിൽ 3.95 ശതമാനം വർധനയാണ് പ്രവചനം. ആകെ വിഹിതം 14.61 ശതമാനം.

കൊല്ലത്തുനിന്ന് നാലുവട്ടം ലോക്‌സഭാംഗവും ഒരുതവണ രാജ്യസഭാംഗവും ഒരുതവണ എംഎൽഎയും മന്ത്രിയുമായ പ്രേമചന്ദ്രൻ 2019ൽ 1,48,856 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷത്തിനാണ് ഇപ്പോഴത്തെ സംസ്ഥാന ധനമന്ത്രി കെ.എൻ.ബാലഗോപാലിനെ പരാജയപ്പെടുത്തിയത്. 2014ൽ എം.എ.ബേബിക്കെതിരെ പ്രേമചന്ദ്രന്റെ ഭൂരിപക്ഷം 37,649 വോട്ടായിരുന്നു.

മാർച്ച് മാസം സംസ്ഥാനത്തെ മുഴുവൻ നിയമസഭാമണ്ഡലങ്ങളും കവർ ചെയ്ത് 28,000 വോട്ടർമാരെ നേരിൽക്കണ്ടാണ് മനോരമന്യൂസ്‌വി എംആർ പ്രീപോൾ സർവേ നടത്തിയത്. ഈ സമയത്ത് തിരഞ്ഞെടുപ്പ് നടന്നാൽ എന്താകും സാധ്യതകൾ എന്നാണ് സർവേ വിലയിരുത്തിയത്.

കടപ്പാട്: മനോരമ ന്യൂസ്‌