കോഴിക്കോട്: പാനൂർ സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ റിമാൻഡ് റിപ്പോർട്ട് ഗൗരവമേറിയതാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ പറഞ്ഞു. ബിജെപി. -ആർഎസ്എസ്. പ്രവർത്തകരെ ലക്ഷ്യമിട്ടാണ് ബോംബ് നിർമ്മാണം നടന്നത്. സിപിഎം. ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണിത്. പാനൂർ ബോംബ് സ്ഫോടനത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഇടപെടൽ വേണം. മുഖ്യമന്ത്രി മൗനം വെടിയണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

ബോംബ് സംസ്ഥാന വ്യാപകമായി ഉപയോഗിക്കാനാണോ എന്ന് സംശയമുണ്ട്. തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നത്. ആറ്റിങ്ങലിലെ സ്ഥാനാർത്ഥി വി. മുരളീധരന്റെ വാഹനം തടഞ്ഞു. ഡിവൈഎഫ്ഐ. പ്രവർത്തകരാണ് പ്രതികളെന്നും കെ. സുരേന്ദ്രൻ പറഞ്ഞു. ബൈക്കിൽ എത്തിയ മൂന്നംഗ സംഘമാണ് പര്യടന വാഹന വ്യൂഹത്തിൽ കടന്നു കയറി ആക്രമണം നടത്തിയത്. സംഭവത്തെ തുടർന്ന് അരമണിക്കൂറോളം പര്യടനം വി. മുരളീധരൻ നിർത്തിവച്ചു. പള്ളിക്കൽ പൊലീസ് എത്തിയ ശേഷമാണ് പര്യടനം തുടർന്നത്.

ആക്രമണത്തിന് നേതൃത്വം നൽകിയത് സിപിഎം മുൻ പഞ്ചായത്ത് അംഗത്തിന്റെ മകനാണ് എന്നാണ് ബിജെപി വ്യക്തമാക്കിയത്. പള്ളിക്കൽ ഗ്രാമ പഞ്ചായത്തിലെ പകൽക്കുറി കൊട്ടിയം മുക്കിലാണ് സംഭവം. ഇന്നലെ വൈകുന്നേരം ഏഴേകാൽ മണിയോടെ ബൈക്കിലെത്തിയ മൂന്നംഗ സംഘം പര്യടനത്തിലെ വാഹന വ്യൂഹത്തിൽ കടന്നു കയറി അനുഗമിച്ചിരുന്ന സ്ത്രീകൾ ഉൾപ്പെടുന്ന ബൈക്ക് യാത്രികരെയും വി. മുരളീധരനെയും അസഭ്യം പറഞ്ഞ് ആക്രമിച്ചത്. സംഭവം നടന്നതിനെ തുടർന്ന് വി. മുരളീധരൻ പര്യടനം നിർത്തിവെക്കുകയായിരുന്നു.

കേന്ദ്ര മന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥനും പൊലീസിൽ വിവരം അറിയിച്ചു. കല്ലറകോണം ജംഗ്ഷനിലും അക്രമ സംഘം സംഘർഷത്തിന് ശ്രമം നടത്തി. സിപിഎം കൊടി വീശിയാണ് കല്ലറ കോണത്ത് സംഘർഷത്തിന് ശ്രമം നടത്തിയത്. തെരഞ്ഞെടുപ്പ് കമ്മീഷനുമായും ബന്ധപ്പെട്ട് പരാതി നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി ബിജെപി അറിയിച്ചു.

സംഭവത്തിന് പിന്നിലുള്ളവർ പരാജയഭീതിയിൽ ആക്രമണം അഴിച്ചുവിടാൻ ശ്രമിക്കുകയാണെന്നും ബിജെപി പ്രവർത്തകർ പൂർണ്ണമായും സമാധാനം പാലിക്കണമെന്നും വി. മുരളീധരൻ പറഞ്ഞു.